From the print
വിറയലിലും തളരാതെ അഭിനന്ദ്
അപൂര്‍വ ജനിതകരോഗം ബാധിച്ച അഭിനന്ദ് വിറയാര്‍ന്ന ശരീരവും കൈകളുമായി ഭിന്നശേഷി വിഭാഗത്തില്‍ സ്റ്റാന്‍ഡിംഗ് ജംപില്‍ പങ്കെടുത്ത് കായിക മേളയുടെ നോവായി.
കുന്ദമംഗലം (കോഴിക്കോട്) | മെഡിക്കല്‍ റിപോര്‍ട്ടുകള്‍ അരുതെന്ന് പറഞ്ഞിട്ടും മനസ്സിലെ കായിക അഭിനിവേശം അഭിനന്ദിനെ തടഞ്ഞുനിര്‍ത്തിയില്ല. അപൂര്‍വ ജനിതകരോഗം ബാധിച്ച അഭിനന്ദ് വിറയാര്‍ന്ന ശരീരവും കൈകളുമായി ഭിന്നശേഷി വിഭാഗത്തില്‍ സ്റ്റാന്‍ഡിംഗ് ജംപില്‍ പങ്കെടുത്ത് കായിക മേളയുടെ നോവായി. റിലേയിലും പങ്കെടുക്കാന്‍ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ വിലങ്ങുതടിയായി.
കണ്ണൂര്‍ പാണപ്പുഴ കാഞ്ഞിരക്കാട്ട് സജികുമാറിന്റെയും സൗമ്യയുടെയും മകനായ അഭിനന്ദിന് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരു കൈക്ക് വിറയല്‍ തുടങ്ങിയത്. എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും ഭക്ഷണം വാരിക്കൊടുക്കേണ്ട അവസ്ഥ. പ്ലസ് വണ്ണില്‍ എത്തുമ്പോള്‍ ഇരു കൈകള്‍ക്കും മറ്റു ശരീരഭാഗങ്ങളിലും വിറയല്‍ വ്യാപിച്ചു. ഇതിനിടയില്‍ പല ഡോക്ടര്‍മാരെയും കാണിച്ചു. ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു.
കൂലിപ്പണിക്കാരനായ പിതാവ് സ്ഥലവും മറ്റും വിറ്റു. ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജനറല്‍ ഡിസ്റ്റോണിയ എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖമാണെന്ന് സ്ഥിരീകരിച്ചു. വളരുംതോറും വിറയല്‍ കൂടുന്ന അസുഖം. പൂര്‍ണമായും രോഗമുക്തി നേടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോഴും കായിക ഇനങ്ങളോടുള്ള അടങ്ങാത്ത മോഹം മനസ്സില്‍ കൊണ്ടുനടന്നു. സ്കൂള്‍ വിട്ടുവന്നാല്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ മെസ്സിയുടെ ജഴ്സിയിട്ട് കളിക്കാന്‍ പോകും. എത്ര രാത്രിയായാലും ടി വിയില്‍ ഫുട്ബോള്‍ കാണും. മത്സരങ്ങളോടുള്ള ആ ക്രേസാണ് അവനെ സംസ്ഥാന സ്കൂള്‍ കായികമേളയിലെത്തിച്ചത്.
ഇത് മൂന്നാംതവണയാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. രണ്ട് മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ എന്നതിനാല്‍ ഇപ്രാവശ്യം 14 വയസ്സിന് മുകളിലുള്ളവരുടെ സ്റ്റാന്‍ഡിംഗ് ജംപിലും റിലേയിലും പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്തു. കൈ വിറക്കല് കൂടിയതിനാലാണ് റിലേയില്‍ നിന്ന് അവസാനം ഒഴിവാക്കിയത്.
15 ലക്ഷം രൂപ മുടക്കി സര്‍ജറി നടത്തിയാല്‍ അസുഖം അല്‍പ്പമെങ്കിലും ഭേദമാക്കാനാകും. വിറയ്ക്കുന്ന കൈകള്‍ക്കിടയിലും ആഗ്രഹങ്ങള്‍ മുറുകെപ്പിടിച്ച അഭിനന്ദ് കായികമേളയില്‍ നിന്ന് മടങ്ങുമ്പോള്‍, അവന്റെ പോരാട്ടത്തിന് മുന്നില്‍ മെഡലുകളുടെ തിളക്കവും ചെറുതായിപ്പോകുന്നു.
Content Highlights: Abhinand demonstrates extraordinary courage and determination despite facing severe physical challenges. His unwavering spirit continues to inspire many across Kerala. This touching account highlights his resilience and positive outlook on life.


