Connect with us

From the print

അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ കുറ്റവിമുക്തന്‍

ബി ജെ പി ദേശീയ അധ്യക്ഷനായിരിക്കെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരായ കോടതി രാഹുലിനെ കുറ്റവിമുക്തനാക്കിയത്.

Published

|

Last Updated

ലക്നോ | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി. ബി ജെ പി ദേശീയ അധ്യക്ഷനായിരിക്കെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരായ അപകീര്‍ത്തി കേസിലാണ് ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലുള്ള എം പി/ എം എല്‍ എ കോടതി രാഹുലിനെ കുറ്റവിമുക്തനാക്കിയത്.

വിധി പ്രസ്താവം കേള്‍ക്കുന്നതിനായി രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. രാഹുലിന്റെ പരാമര്‍ശത്തില്‍ അപകീര്‍ത്തിപരമായ ഒന്നുമില്ലെന്ന് കണ്ടെത്തിയാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശുംഭം വര്‍മ വിധി പ്രസ്താവിച്ചത്. 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സുല്‍ത്താന്‍പുര്‍ ജില്ലാ സഹകരണ ബേങ്ക് മുന്‍ ചെയര്‍മാനും ബി ജെ പി നേതാവുമായ വിജയ് മിശ്ര നല്‍കിയ കേസിലാണ് വിധി വന്നത്.

2018 ആഗസ്റ്റ് നാലിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. 2024 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ കീഴടങ്ങുകയും ജാമ്യം നേടുകയും ചെയ്തിരുന്നു. ഈ മാസം 12ന് കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം വിധിപറയാനായി മാറ്റിവെക്കുകയായിരുന്നു.

Content Highlights: A court has acquitted Congress leader Rahul Gandhi in a defamation case. The verdict provides major legal relief to the leader after detailed proceedings. Further details regarding the court’s judgment and implications are awaited.