Connect with us

From the print

യോഗ്യത അട്ടിമറിച്ച് മില്‍മയിലും പി എസ് സി നിയമന നീക്കം

ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ നിയമനത്തില്‍ ദുരൂഹ നടപടി. പി എസ് സി ക്കെതിരെ മൂന്ന് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | വിവാദങ്ങള്‍ക്കിടെ മില്‍മയില്‍ യോഗ്യത അട്ടിമറിച്ച് പി എസ് സി നിയമനം നടത്തിയെന്ന് ആരോപണം. മില്‍മ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ നിയമനമാണ് വിവാദത്തിലായത്. നിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ആളെ തടഞ്ഞു. നിശ്ചിത യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി നിയമന ഉത്തരവ് നല്‍കിയ പി എസ് സിയുടെ അസാധാരണ നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാറിനോടും പി എസ് സിയോടും മില്‍മ ഔദ്യോഗികമായി നിലപാട് തേടിയിട്ടുണ്ട്.

ഡയറി മൈക്രോബയോളജി യോഗ്യത വേണ്ട ജോലിയില്‍ മൈക്രോബയോളജി മാത്രം യോഗ്യതയാക്കി പരീക്ഷ നടത്തി നിയമന ഉത്തരവ് നല്‍കിയെന്നാണ് ആക്ഷേപം. 2024ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ഒരു ഉദ്യോഗാര്‍ഥിക്ക് നിയമന ഉത്തരവും നല്‍കി. എന്നാല്‍, ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ഉദ്യോഗാര്‍ഥിയെ മില്‍മ അധികൃതര്‍ തടയുകയായിരുന്നു. ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും ഉന്നത തസ്തികയില്‍ നിയമിക്കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് മില്‍മ.

അതേസമയം, പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകള്‍ കൂടി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യും. അസ്സി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

അസ്സി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ പ്രമുഖ പി എസ് സി കോച്ചിംഗ് സെന്റര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ അതേപടി ചോദ്യക്കടലാസില്‍ ഉള്‍പ്പെടുത്തിയതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ആദ്യ നൂറിനുള്ളില്‍ ഉള്‍പ്പെട്ടവരെല്ലാം ഫിഷറീസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്. ചോദ്യക്കടലാസ് തയ്യാറാക്കിയതും ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നതും ഇതേ സര്‍വകലാശാലയിലെ അധ്യാപകരാണെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി എസ് സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നല്‍കിയെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

സെക്രട്ടറിക്കെതിരെ പി എസ് സി ചെയര്‍മാനും അംഗങ്ങളും
തിരുവനന്തപുരം | വിവാദങ്ങള്‍ക്കിടെ നിര്‍ണായക യോഗം ചേര്‍ന്ന് പി എസ് സി. ചെയര്‍മാന്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളെയും പുറത്താക്കണമെന്ന് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് നല്‍കിയ ശിപാര്‍ശയും യോഗത്തില്‍ ചര്‍ച്ചയായി. നിയമനടപടികള്‍ എന്തു തന്നെയായാലും കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് അംഗങ്ങള്‍. യോഗത്തില്‍ ചെയര്‍മാനും ഒരു വിഭാഗം അംഗങ്ങളും സെക്രട്ടറിയെ വിമര്‍ശിച്ചു. സെക്രട്ടറി ലോക് ഭവനില്‍ പോയത് ശരിയായില്ലെന്നാണ് വിമര്‍ശം. അതേസമയം, ഗവര്‍ണര്‍ വിളിച്ചാല്‍ പോകാതിരിക്കാനാകുമോ എന്ന് സെക്രട്ടറി മറുപടി നല്‍കി.

പരീക്ഷകളെക്കുറിച്ചുള്ള പരാതികളില്‍ ഇടപെടുന്നതിന്റെ ഭാഗമായി അന്നത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പി എസ് സി സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നല്‍കിയതാണെന്നുമാണ് ലോക്ഭവന്‍ വിശദീകരിച്ചത്. അതേസമയം, ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം.

Content Highlights: Allegations have surfaced regarding the manipulation of qualification criteria for upcoming PSC appointments in Milma. Reports indicate that statutory rules were altered to favor specific candidates in the recruitment process. The move has sparked widespread criticism among job seekers across Kerala.