Career Notification
ജെ ഇ ഇ: വിജയത്തിലേക്കുള്ള വഴികൾ
ജെ ഇ ഇ മെയിൻ സെഷൻ ഒന്ന് പരീക്ഷ ജനുവരിയിലും സെഷൻ രണ്ട് പരീക്ഷ ഏപ്രിലിലും നടക്കും.
ഐ ഐ ടി, എൻ ഐ ടി അടക്കമുള്ള ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ ഇ ഇ പരീക്ഷ എഴുതാം. 2027 ലെ പ്രവേശനത്തിനുള്ള ജെ ഇ ഇ മെയിൻ പരീക്ഷയുടെ സെഷൻ ഒന്നിലേക്കുള്ള നോട്ടിഫിക്കേഷൻ വന്ന് കഴിഞ്ഞു. അപേക്ഷകർക്ക് പിന്നീട് നടക്കുന്ന സെഷൻ രണ്ട് പരീക്ഷയും എഴുതാൻ അവസരമുണ്ട്. ജെ ഇ ഇ മെയിൻ സെഷൻ ഒന്ന് പരീക്ഷ ജനുവരിയിലും സെഷൻ രണ്ട് പരീക്ഷ ഏപ്രിലിലും നടക്കും. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത.
ജെ ഇ ഇ പരീക്ഷക്ക് മെയിൻ, അഡ്വാൻസ്ഡ് എന്നീ രണ്ട് ഘട്ടങ്ങളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ അറിവും അത് വഴി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ജെ ഇ ഇ മെയിൻ വഴി എൻ ഐ ടി, ഐ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ജെ ഇ ഇ അഡ്വാൻസ്ഡ് വഴി ഐ ഐ ടികളിലേക്കും പ്രവേശനം നേടാം. ജെ ഇ ഇ വഴി പ്രവേശനം നടത്തുന്ന വേറെയും സ്ഥാപനങ്ങളുണ്ട്. മെയിൻ പരീക്ഷയിൽ നിശ്ചിത സ്കോർ ലഭിക്കുന്നവർക്കാണ് അഡ്വാൻസ്ഡ് പരീക്ഷ എഴുതാനാകുക.
ഈ പ്രവേശനപ്പരീക്ഷയിൽ വിജയം നേടാൻ കൃത്യമായ ആസൂത്രണം, ആശയവ്യക്തത, നിരന്തരമായ പരിശീലനം, ആത്മവിശ്വാസം എന്നിവ അനിവാര്യമാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നമാണ് ഐ ഐ ടിയിൽ പഠിക്കുക എന്നത്. മികച്ച എൻജിനീയറിംഗ് വിദ്യാഭ്യാസവും ഗവേഷണസാധ്യതകളും തൊഴിൽ അവസരങ്ങളുമാണ് ഐ ഐ ടികളെ ആകർഷകമാക്കുന്നത്. എന്നാൽ, ഈ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് കഠിനാധ്വാനത്തോടൊപ്പം ചിട്ടയായ പഠനവും സമയത്തിന്റെ ഫലപ്രദമായ വിനിയോഗവും ആവശ്യമാണ്.
നേരത്തേ തുടങ്ങാം, അടിത്തറ ശക്തമാക്കാം
11ാം ക്ലാസ്സ് മുതൽ തയ്യാറെടുപ്പ് ആരംഭിക്കുന്നത് പഠനത്തിന് ആവശ്യമായ സമയം ലഭിക്കാൻ സഹായിക്കും. മൂന്ന് വിഷയങ്ങളിലെയും അടിസ്ഥാന ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കുകയാണ് ആദ്യപടി. സൂത്രവാക്യങ്ങൾ കാണാപ്പാഠം പഠിക്കുന്നതിനുപകരം അവയുടെ പിന്നിലെ തത്ത്വങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കണം. ഔദ്യോഗിക സിലബസ് പരിശോധിച്ച് പഠനപദ്ധതി തയ്യാറാക്കുകയും ഓരോ അധ്യായവും പൂർത്തിയാക്കുന്നതിനനുസരിച്ച് പുരോഗതി വിലയിരുത്തുകയും വേണം.
ജെ ഇ ഇ മെയിനിന്റെയും അഡ്വാൻസ്ഡിന്റെയും പരീക്ഷാരീതികൾ വ്യത്യസ്തമാണ്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഓരോ വിഷയത്തിനും വ്യത്യസ്ത പഠനരീതി അവലംബിക്കണം.
ഫിസിക്സ്: സിദ്ധാന്തങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം കണക്കുകളും പ്രശ്നപരിഹാരങ്ങളും പരിശീലിക്കണം. ഉത്തരം തെറ്റിയാൽ പരിഹാരം ഉടൻ നോക്കാതെ പിഴവിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കണം.
കെമിസ്ട്രി: ഫിസിക്കൽ, ഓർഗാനിക്, ഇൻഓർഗാനിക് കെമിസ്ട്രി തുടങ്ങി കെമിസ്ട്രിയുടെ വിവിധ ഉപവിഭാഗങ്ങൾക്ക് അനുയോജ്യമായ പഠനരീതികൾ സ്വീകരിക്കണം. അടിസ്ഥാന ആശയങ്ങളും പ്രായോഗിക ഉപയോഗങ്ങളും ആവർത്തിച്ചു പഠിക്കുന്നതോടൊപ്പം എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുകയും വേണം.
മാത്തമാറ്റിക്സ്: സ്ഥിരമായ പരിശീലനമാണ് വിജയത്തിന്റെ അടിസ്ഥാനം. അൽജിബ്ര, ജ്യോമെട്രി, ട്രിഗണോമെട്രി, കാൽക്കുലസ്, പ്രോബബിലിറ്റി തുടങ്ങിയ ഭാഗങ്ങൾ സിലബസനുസരിച്ച് പഠിക്കണം. പ്രധാന സൂത്രവാക്യങ്ങളും ആവർത്തിക്കുന്ന തെറ്റുകളും രേഖപ്പെടുത്താൻ പ്രത്യേക നോട്ട് തയ്യാറാക്കുന്നത് സഹായകരമാണ്.
പ്രായോഗികമായ പഠന സമയക്രമം
ദിവസവും 12-14 മണിക്കൂർ പഠിക്കുമെന്ന് തീരുമാനിക്കുന്നതിനുപകരം സ്ഥിരമായി പാലിക്കാൻ കഴിയുന്ന സമയക്രമം തയ്യാറാക്കുന്നതാണ് ഉചിതം. സ്കൂൾ പഠനം, സ്വയംപഠനം, ചോദ്യപരിശീലനം, ആവർത്തനം, മോഡൽ പരീക്ഷകൾ എന്നിവക്ക് സമയം കണ്ടെത്തണം.
ആഴ്ചതോറും പഠനപുരോഗതി വിലയിരുത്തി ദുർബലമായ മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. സ്കൂൾ പരീക്ഷകൾക്കും ജെ ഇ ഇക്കും ഒരുപോലെ സഹായകമാകുന്ന രീതിയിൽ അടിസ്ഥാന ആശയങ്ങൾ പഠിക്കാനും ശ്രദ്ധിക്കണം.
മോഡൽ പരീക്ഷകളും പഠനസാമഗ്രികളും
മുൻവർഷ ചോദ്യപേപ്പറുകളും സമയപരിധി പാലിച്ചുള്ള മോഡൽ പരീക്ഷകളും തയ്യാറെടുപ്പിന്റെ പ്രധാന ഭാഗമാണ്. പരീക്ഷ എഴുതുന്നതിലുപരി തെറ്റായ ഉത്തരങ്ങൾ, കൂടുതൽ സമയമെടുത്ത ചോദ്യങ്ങൾ, പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതും പ്രധാനമാണ്. ഒരേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അവ രേഖപ്പെടുത്തി ഇടയ്ക്കിടെ പരിശോധിക്കണം.
ഒരുപാട് പുസ്തകങ്ങളും പഠനസ്രോതസ്സുകളും ശേഖരിക്കുന്നതിന് പകരം വിശ്വസനീയമായ കുറച്ച് പഠനസാമഗ്രികൾ തിരഞ്ഞെടുത്ത് അവ നന്നായി ഉപയോഗിക്കണം. കോച്ചിംഗ് ക്ലാസ്സുകൾ സഹായകരമാണെങ്കിലും ചെലവേറിയ പരിശീലനം വിജയത്തിന് നിർബന്ധമല്ല. നല്ല പാഠപുസ്തകങ്ങൾ, സൗജന്യ ഓൺലൈൻ വിഭവങ്ങൾ, ചിട്ടയായ സ്വയംപഠനം എന്നിവയിലൂടെയും മികച്ച തയ്യാറെടുപ്പ് സാധ്യമാണ്.
സമ്മർദം നിയന്ത്രിക്കാം
സഹപാഠികളുമായി മാർക്ക് താരതമ്യം ചെയ്യുന്നതും കുടുംബത്തിന്റെ അമിത പ്രതീക്ഷകളും വിദ്യാർഥികളിൽ സമ്മർദമുണ്ടാക്കാം. അതിനുപകരം സ്വന്തം പുരോഗതിക്ക് പ്രാധാന്യം നൽകണം.
മതിയായ ഉറക്കം, പോഷകാഹാരം, വ്യായാമം, ചെറിയ ഇടവേളകൾ എന്നിവ പഠനത്തിന്റെ ഭാഗമാണ്. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം നിയന്ത്രിക്കുകയും വേണം. ഓൺലൈൻ പഠനപ്ലാറ്റ്ഫോമുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ ഐ) സംശയങ്ങൾ തീർക്കാനും ആശയങ്ങൾ മനസ്സിലാക്കാനും സഹായിക്കും. എന്നാൽ, ഉത്തരങ്ങൾ നേരിട്ട് തേടുന്നതിന് പകരം ആദ്യം സ്വയം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.
അവസാനഘട്ടത്തിലെ തയ്യാറെടുപ്പ്
പരീക്ഷ അടുത്തെത്തുമ്പോൾ പുതിയ വിഷയങ്ങൾ പഠിച്ചുതീർക്കുന്നതിനേക്കാൾ പഠിച്ച കാര്യങ്ങൾ ആവർത്തിക്കുന്നതിന് പ്രാധാന്യം നൽകണം. പ്രധാന സൂത്രവാക്യങ്ങൾ, ആശയക്കുഴപ്പമുള്ള ഭാഗങ്ങൾ, മുൻപരീക്ഷകളിലെ തെറ്റുകൾ എന്നിവ വീണ്ടും പരിശോധിക്കണം.
ഓരോ വിദ്യാർഥിയുടെയും കഴിവും പഠനവേഗവും വ്യത്യസ്തമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനുപകരം സ്വന്തം പുരോഗതി വിലയിരുത്തുകയും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയും വേണം.
Content Highlights: The NTA has released the notification for the JEE Main 2027 session one exam for engineering aspirants. Students can take both session one in January and session two in April based on their eligibility. Following a structured study plan, regular mock tests, and mastering core concepts are vital for success.



