Connect with us

Kerala

മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്

Published

|

Last Updated

കൊച്ചി| മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനോടു ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുപരിപാടികള്‍ മനപ്പൂര്‍വം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള വകുപ്പു പ്രകാരമാണ് കണ്ടാലറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു മന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

കാലടി സര്‍വകലാശാലയില്‍ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ 16 വിദ്യാര്‍ഥികളെ 60 ദിവസമായി സസ്പെന്റ് ചെയ്തതിനെ എതിര്‍ത്താണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചത്.കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. കാലടി വിഷയത്തില്‍ തങ്ങള്‍ക്ക് മറുപടി വേണമെന്ന് വിദ്യാര്‍ഥികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. കാലടിയിലെ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെ മന്ത്രി അപരിഷ്‌കൃതര്‍ എന്നു വിശേഷിപ്പിച്ചതിനെയും ചോദ്യം ചെയ്തു. മന്ത്രി മറുപടി പറയാന്‍ തയ്യാറാകാതിരുന്നതോടെ വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി.

കാലടി സര്‍വകലാശാലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 16 വിദ്യാര്‍ഥികളെ താല്‍ക്കാലിക വി സി സിസ തോമസും സിന്‍ഡിക്കേറ്റും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 60 ദിവസമായി വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനിലാണ്. മന്ത്രി റോജി കാലടിയിലെ വിദ്യാര്‍ഥികളെ അപരിഷ്‌കൃതരെന്ന് വിളിച്ചാക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ആരംഭിച്ചത്.

തുടര്‍ന്ന് കാലടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴേക്കും മന്ത്രി അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നും വിദ്യാര്‍ഥികള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രിയും ശബ്ദമുയര്‍ത്തി. കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ വേദിയിലേക്ക് കയറി സംസാരിക്കാന്‍ ആരംഭിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി. പിന്നാലെ നിരവധി വിദ്യാര്‍ഥികള്‍ വേദിയിലേക്ക് കയറുകയും മന്ത്രിയോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മന്ത്രി പ്രസംഗം മതിയാക്കി ഇറങ്ങിപ്പോകുകയായിരുന്നു.

Content Highlights:Police registered a case against identifiable students for deliberately disrupting a public event during a protest against Minister Roji M John at Maharajas College, Kochi. The SFI-led protest was staged regarding the 60-day suspension of 16 students at Kalady Sanskrit University. Following persistent questioning and slogan shouting by students, the minister cut short his speech and left the venue.

Latest