National
ഇന്ത്യയില്‍ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ 496 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് വേള്‍ഡ് ബാങ്ക്
2026 ഒക്ടോബറിലെ പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി ബ്രീഫ് റിപ്പോര്‍ട്ട് പ്രകാരം 2011നും 2023നും ഇടയിലുള്ള പന്ത്രണ്ട് വര്‍ഷത്തെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വേഗത്തില്‍ ദാരിദ്ര്യം കുറയുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി
വാഷിങ്ടണ്‍ | ഇന്ത്യയില്‍ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ 496 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നും അതിദരിദ്രരുടെ എണ്ണം 2.6 ശതമാനമായി കുറഞ്ഞെന്നും വേള്‍ഡ് ബാങ്ക്. 2026 ഒക്ടോബറിലെ പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി ബ്രീഫ് റിപ്പോര്‍ട്ട് പ്രകാരം 2011നും 2023നും ഇടയിലുള്ള പന്ത്രണ്ട് വര്‍ഷത്തെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വേഗത്തില്‍ ദാരിദ്ര്യം കുറയുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.
ഇന്ത്യയില്‍ അതിദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 2011ല്‍ 27.1 ശതമാനത്തില്‍ നിന്നും 2023ല്‍ 2.6 ശതമാനത്തിലേക്ക് കുറഞ്ഞത് വലിയ പുരോഗതിയാണ്. ഉപഭോഗത്തിലേയും തൊഴിലവസരങ്ങളിലേയും വര്‍ദ്ധനവും ഭക്ഷ്യ സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ വിപുലീകരണവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് വേള്‍ഡ് ബാങ്ക് ചൂണ്ടിക്കാട്ടി. പ്രതിദിനം 4.20 ഡോളര്‍ എന്ന ദാരിദ്ര്യ പരിധിയില്‍ കഴിയുന്നവരുടെ നിരക്ക് 2026ലെ 14.2 ശതമാനത്തില്‍ നിന്ന് 2028ഓടെ 12.1 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ പ്രൊജക്ഷനുകള്‍ സൂചിപ്പിക്കുന്നു.
ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം, ദാരിദ്ര്യ നിരക്ക് 2005-06ല്‍ 53.8 ശതമാനത്തില്‍ നിന്ന് 2019-21 കാലയളവിലെത്തുമ്പോള്‍ 16.4 ശതമാനമായി കുറഞ്ഞു. പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രാദേശികമായും തൊഴില്‍ സംബന്ധമായുമുള്ള വെല്ലുവിളികളെക്കുറിച്ച് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 2026-27 സാമ്പത്തിക വര്‍ഷങ്ങളിലെ ആദ്യ പാദങ്ങള്‍ക്കിടയില്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 14.6 ശതമാനത്തില്‍ നിന്ന് 15.9 ശതമാനമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് തൊഴില്‍ വിപണിയില്‍ ഉയര്‍ന്നുവരുന്ന ആശങ്കകളെക്കുറിച്ചും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.




