National
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍; എന്‍ വി എസ്-03 വിജയകരമായി വിക്ഷേപിച്ചു
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്ന് രാത്രി 11.51-നാണ് ജി എസ് എല്‍ വി-എഫ്18 റോക്കറ്റ് വിക്ഷേപിച്ചത്
ശ്രീഹരിക്കോട്ട | ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ ‘നാവിക്’ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍ വി എസ്-03 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്ന് രാത്രി 11.51-നാണ് ജി എസ് എല്‍ വി-എഫ്18 റോക്കറ്റ് വിക്ഷേപിച്ചത്.
ഇന്ത്യന്‍ നിര്‍മ്മിത അറ്റോമിക് ക്ലോക്ക്, എല്‍-1 സിഗ്നല്‍ സംവിധാനം എന്നിവയടക്കം അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് 2,250 കിലോഗ്രാം ഭാരമുള്ള എന്‍ വി എസ്-03 ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഗ്രഹത്തെ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തില്‍ എത്തിക്കുന്നതോടെ ഇന്ത്യയിലും ചുറ്റുമുള്ള 1,500 കിലോമീറ്റര്‍ ചുറ്റളവിലും കൃത്യമായ സ്ഥാനനിര്‍ണ്ണയം, സമയക്രമം, നാവിഗേഷന്‍ സേവനങ്ങള്‍ എന്നിവ നല്കാന് നാവിക് ശൃംഖലയ്ക്ക് കഴിയും.
1999-ലെ കാര്‍ഗില്‍ യുദ്ധകാലത്താണ് സ്വന്തമായി ഒരു നാവിഗേഷന്‍ സംവിധാനം വേണമെന്ന ആവശ്യം ഇന്ത്യ തിരിച്ചറിയുന്നത്. തുടര്‍ന്ന് വികസിപ്പിച്ച നാവിക് ശൃംഖലയിലെ ചില ഉപഗ്രഹങ്ങളുടെ തരാറുകള്‍ കാരണം പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എത്തിയിരുന്നില്ല. മുന്‍പ് നടന്ന ‘ഓപ്പറേഷന് സിന്ദൂര്‍’ ഉള്‍പ്പെടെയുള്ള പ്രതിരോധ ദൗത്യങ്ങളിലും കൃത്യമായ ഉപഗ്രഹ നാവിഗേഷന്റെ ആവശ്യകത വ്യക്തമായിരുന്നു.
സാധാരണക്കാര്‍ക്കുള്ള സിവിലിയന്‍ സേവനങ്ങള്‍ക്ക് പുറമെ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക സേവനങ്ങളും ഈ ഉപഗ്രഹം വഴി ലഭ്യമാകും. കൊമേഴ്സ്യല്‍ നാവിഗേഷന്‍ ഉപകരണങ്ങളിലും സ്മാര്‍ട്ട്ഫോണുകളിലും നാവിക് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്ന എല്‍-1 സിഗ്നലുകള്‍ പുതിയ ഉപഗ്രഹത്തിലുണ്ട്. ജി എസ് എല്‍ വി പ്രോഗ്രാമിന്റെ 20-ാം വിക്ഷേപണമാണിത്. 2026-ല്‍ ഐ എസ് ആര് ഒ നടത്തുന്ന മൂന്നാമത്തെ വിക്ഷേപണം കൂടിയാണിത്.
Content Highlights:ISRO successfully launched the next-generation navigation satellite NVS-03 aboard the GSLV-F18 rocket from Sriharikota. Weighing 2,250 kg, the satellite features an indigenous atomic clock and L1 signal technology to empower the NavIC constellation. It provides precise location and timing services for both civilian and defence purposes up to 1,500 km beyond India’s borders.





