Web Special
4,700 കോടി ചെലവഴിച്ചിട്ടും ഫലമുണ്ടായില്ല! ഇലോൺ മസ്കിനെ പൂട്ടുമോ ഡെമോക്രാറ്റുകൾ?
യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കിയതിന് പിന്നാലെ ട്രംപിന്റെ വലംകൈയായ ഇലോൺ മസ്കിന്റെ കമ്പനികൾക്കെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
വാഷിംഗ്ടൺ | അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ (Elon Musk) സാമ്രാജ്യത്തിനെതിരെ കർശന നടപടികൾക്ക് തയാറെടുത്ത് ഡെമോക്രാറ്റുകൾ. തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വിജയത്തിനും ടെക്സസ് സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയായി നിലനിർത്തുന്നതിനുമായി ഏകദേശം 4,700 കോടി രൂപയാണ് മസ്ക് ചെലവിട്ടത്. എന്നാൽ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ (Donald Trump) വിജയത്തിനായി വലിയ തുക ചെലവഴിച്ച മസ്കിന് ഇത്തവണത്തെ ഫലം വലിയ രാഷ്ട്രീയ, സാമ്പത്തിക തിരിച്ചടിയായി മാറി.
മൂന്ന് പതിറ്റാണ്ടിന് ശേഷം ടെക്സസിൽ ജിന ഹിനോജോസയിലൂടെ ഡെമോക്രാറ്റിക് പാർട്ടി ഗവർണർ പദവി പിടിച്ചെടുത്തു. ഗ്രിഗ് ആബട്ടിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. കൂടാതെ കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ മസ്ക് അനുയായികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത പരാജയം നേരിടുകയായിരുന്നു.

ഡെമോക്രാറ്റുകൾ അധികാരത്തിലെത്തിയാൽ മസ്കിന്റെ ബിസിനസ് ശൃംഖലയെക്കുറിച്ച് കടുത്ത അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തനിക്കെതിരെ വരുന്നവരെ നേരിടുമെന്ന മുന്നറിയിപ്പുമായി മസ്ക് രംഗത്തെത്തി. എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് മസ്ക് പ്രതികരിച്ചത്. അതിനിടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മസ്കിന്റെ പ്രമുഖ കമ്പനികളായ സ്പേസ് എക്സ് (SpaceX) ഓഹരികൾ 3.8 ശതമാനവും ടെസ്ല (Tesla) ഓഹരികൾ 3.6 ശതമാനവും ഇടിഞ്ഞു. ഡാറ്റ സെന്ററുകൾക്ക് അനുമതി ലഭിക്കാൻ വൈകുന്നത് കമ്പനിയുടെ ഭാവി പദ്ധതികളെയും ബാധിച്ചേക്കാം.
ഉക്രൈൻ സൈന്യത്തിന് നൽകുന്ന സാറ്റലൈറ്റ് ആശയവിനിമയ പരിധികൾ, ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി നേതൃത്വത്തിൽ നടത്തിയ വ്യാപക ജോലി വെട്ടിക്കുറക്കലുകൾ, മസ്കിന്റെ കമ്പനികൾക്ക് ലഭിക്കുന്ന സർക്കാർ കരാറുകളും സബ്സിഡികളും എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഡെമോക്രാറ്റുകൾ മസ്കിനെതിരെ മുൻപും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനും കുടുംബത്തിനും ഭരണകൂടത്തിനും മുന്നറിയിപ്പുമായി ഹൗസ് ഓവർസൈറ്റ് കമ്മിറ്റി നിയോഗിത അധ്യക്ഷൻ റോബർട്ട് ഗാർസിയ രംഗത്തെത്തിയിട്ടുണ്ട്. സമൻസ് അയക്കാനും ഔദ്യോഗിക രേഖകൾ വിളിച്ചുവരുത്താനും തെളിവെടുപ്പ് നടത്താനും വിപുലമായ അധികാരമുള്ള സമിതിയാണ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി.
Content Highlights
Following major Republican defeats in the 2026 US Midterms, billionaire Elon Musk faces intense scrutiny over his business empire. After spending over $500 million, Musk suffered a huge setback as Democrats won Congress and Texas. Stocks of Tesla and SpaceX dropped sharply amid potential House Oversight Committee investigations.



