International
വിമാനം നിലത്തു പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ന്നു ; ഫ്ലോറിഡയിലെ ലിയര്‍ ജെറ്റ് ദുരന്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ തന്നെ വിമാനത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കേണ്ട ഹൊറിസോണ്ടല്‍ സ്റ്റെബിലൈസര്‍ ഭാഗം കാണാനില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഗ്രീന്ക്രീക്സ് | ഒമ്പത് പേരുടെ മരണത്തിന് കാരണമായ ഫ്ലോറിഡയിലെ ലിയര്‍ ജെറ്റ് അപകടത്തില്‍ തെളിവ് കണ്ടെത്തിയെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അംഗം ടോം ചാപ്മാന്. വിമാനം നിലത്തു പതിക്കുന്നതിന് മുമ്പ് തന്നെ ചിന്നിച്ചിതറിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വെസ്റ്റ് പാം ബീച്ചിന് സമീപമുള്ള ഗ്രീന്ക്രീക്സിന്റെ പരിസരങ്ങളില്‍ നിന്ന് മൂന്ന് കഷ്ണങ്ങളായി വിമാനത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന എലിവേറ്ററിന്റെ ഭൂരിഭാഗവും കണ്ടെത്തിയെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണവും വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെട്ടുപോയതിന്റെ കാരണവും ഇതുവരെ വ്യക്തമല്ലന്നും ചാപ്മാന് പറഞ്ഞു. എലിവേറ്ററിന് കേട് സംഭവിച്ചിട്ടില്ലങ്കില് വിമാനത്തെ തിരികെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ പൈലറ്റിന് സാധിക്കുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എലിവേറ്റര്‍ വിമാനത്തില്‍ ഘടിപ്പിച്ചിരുന്നങ്കിലും അത് പ്രവര്ത്തിച്ചിട്ടുണ്ടൊ എന്ന് സംശയമായിരുന്നെന്ന് ചാപ്മാന് പറഞ്ഞു.
മേഘക്കൂട്ടത്തിലേക്ക് വിമാനം പ്രവേശിച്ചപ്പോള്‍ മഞ്ഞ് അടിഞ്ഞുകൂടാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് പ്രക്ഷുബ്ധത അനുഭവപ്പെട്ടെന്ന് കോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തില്‍ നിന്ന് വേര്‍പെട്ടുപോയ ഭാഗങ്ങള്‍ അപകടത്തിന്റെ കാരണമാകാന്‍ സാധ്യതയില്ലെന്നും വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നും ഏവിയേഷന്‍ സുരക്ഷാ വിദഗ്ധന്‍ ജെഫ് ഗസെറ്റി പറഞ്ഞു. ഉയരത്തില്‍ വെച്ചാണ് ഈ ഭാഗങ്ങള്‍ വേര്പെട്ടുപോയതെങ്കില് അവ വളരെ അകലെയായിട്ടാകും വീഴുക എന്നും ഗസെറ്റി പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ തന്നെ വിമാനത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കേണ്ട ഹൊറിസോണ്ടല്‍ സ്റ്റെബിലൈസര്‍ ഭാഗം കാണാനില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.



