Connect with us

International

യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി, സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍

237 വര്‍ഷത്തെ അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെനറ്റിലേക്ക് ഒരു മുസ്ലിം പ്രതിനിധിയെത്തി

Published

|

Last Updated

വാഷിങ്ടണ്‍|അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചെടുത്ത് യുഎസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടി തിരിച്ചു പിടിച്ചു. സെനറ്റില്‍ ഏഴ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്.

ടെക്സാസ്, കന്‍സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, മെയിന്‍ എന്നീ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ വിജയിച്ചത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകള്‍ കേവല ഭൂരിപക്ഷം കടന്ന് മുന്നേറ്റം തുടരുകയാണ്.

സെനറ്റിലെ തോല്‍വി ട്രംപിന് വലിയ തിരിച്ചടിയാണ്. 237 വര്‍ഷത്തെ അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെനറ്റിലേക്ക് ഒരു മുസ്ലിം പ്രതിനിധിയെത്തി. മിഷിഗണില്‍ നിന്ന് വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അബ്ദുള്‍ അല്‍ സയീദാണ് ചരിത്രം കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സയീദിനെതിരെ വലിയ വിദ്വേഷ പ്രചാരണങ്ങള്‍ ട്രംപ് നടത്തിയിരുന്നത്. അമേരിക്കന്‍ തൊഴിലാളികളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സയീദ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്കും വിജയം. വര്‍ജീനിയയിലും ഫ്ളോറിഡയിലുമാണ് ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ബരാക്ക് ഒബാമയുടെ മുന്‍ ഉപദേശകനുമായ സുഹാസ് സുബ്രമണ്യം 61 ശതമാനം വോട്ടുകളുമായി ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ പിയ ദാണ്ഡ്യ ഫ്ളോറിഡയില്‍ നിന്നും 51.9 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു.

അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തിരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് നേരത്തെ ഡൊണള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകളും സൂചിപ്പിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വലിയ വിജയത്തിന് പിന്നാല മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രതികരിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് ഒബാമ പറഞ്ഞു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയുന്ന നേതാക്കളെയാണ് അവര്‍ തേടുന്നത്. അമേരിക്കന്‍ ജനത ഒരു വ്യക്തമായ സന്ദേശം നല്‍കിയിരിക്കുന്നുവെന്നും ഒബാമ പ്രതികരിച്ചു.

ട്രംപിന്റെ തോല്‍വിയില്‍ പരിഹാസവുമായി യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി രംഗത്തെത്തി. ‘My Fraand Doland Trump…it’s done bro’ എന്നാണ് ട്രംപിനോടൊപ്പം നരേന്ദ്രമോദിയേയും പരോക്ഷമായി പരിഹസിച്ചുകൊണ്ട് ധ്രുവ് എക്സില്‍ കുറിച്ചത്.

 

 

---- facebook comment plugin here -----

Latest