Kuwait
കുവൈത്തില്‍ നഴ്സുമാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം;10 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ മലയാളി നഴ്സും
പരിക്കേറ്റ 10 പേര് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുവൈത്ത് സിറ്റി| കുവൈത്തിലെ അബ്ബാസിയയില്‍ നഴ്സുമാരുമായി പോയ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ 10 പേര് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തുവരുന്നതായാണ് ലഭിക്കുന്ന വിവരം. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ പരിക്കേറ്റവരെല്ലാം ഫര്‍വാനിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. അബ്ബാസിയയില്നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കായി പോകുകയായിരുന്ന വനിതാ നഴ്സുമാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അബ്ബാസിയ ഫയര്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡില്‍ മറിയുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ ട്രാന്സ്പോര്ട്ടേഷന് സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ബസ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Ten nurses were injured after their bus overturned in Abbasiya, Kuwait while heading to Farwaniya Hospital. A Keralite nurse sustained severe hand injuries but is now out of danger. Police have registered a case and initiated an investigation into the cause of the accident.




