Kerala
പരീക്ഷ എഴുതാന്‍ അനുമതി നല്‍കണം; സുപ്രീം കോടതിയെ സമീപിച്ച് കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍
ഹരജി നല്കിയ വിദ്യാര്‍ഥികളില്‍ 10 പേരുടെ സെമസ്റ്റര്‍ പരീക്ഷ ഇന്ന് ആരംഭിക്കും. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തങ്ങളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്ന് വിദ്യാര്‍ഥികള്‍.
ന്യൂഡല്‍ഹി | കാലടി ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍. ഇന്നലെ രാത്രി 11.35ഓടെയാണ് 16 വിദ്യാര്‍ഥികള്‍ പരമോന്നത കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ഹരജി നല്കിയ വിദ്യാര്‍ഥികളില്‍ 10 പേരുടെ സെമസ്റ്റര്‍ പരീക്ഷ ഇന്ന് ആരംഭിക്കും. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തങ്ങളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്ന് വിദ്യാര്‍ഥികളുടെ ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നുവെങ്കിലും സര്‍വകലാശാലയുടെ അപ്പീല്‍ പരിഗണിച്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കുകയായിരുന്നു. ഡിവിഷന് ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകന് കെ ആര് സുഭാഷ് ചന്ദ്രന് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ അറ്റന്‍ഡന്‍സ് ഉള്‍പ്പെടെ ചില വിദ്യാര്‍ഥികള്‍ക്ക് ഇല്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, സസ്പെന്‍ഷനില്‍ ആയതിനാലാണ് അറ്റന്‍ഡന്‍സ് ഇല്ലാതിരുന്നത് എന്നാണ് വിദ്യാര്‍ഥികളുടെ വാദം.
സിംഗിള്‍ ബഞ്ച് അനുമതി ഉത്തരവിനെതിരെ സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഇന്നലെയാണ് വിധി പറഞ്ഞത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് മുരളി കൃഷ്ണ എസ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കാന്‍ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍വകലാശാല ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
Content Highlights: Suspended students of Kalady Sanskrit University have approached the Supreme Court seeking permission to sit for their upcoming exams. The petitioners challenged the disciplinary action that prevents them from writing the tests. The apex court is expected to hear the urgent plea soon.


