Kerala
മരുമകന്റെ ആക്രമണത്തില്‍ പരുക്കേറ്റ വയോധിക മരിച്ചു; സംഭവം കൊല്ലം ഭരണിക്കാവില്‍
ഭരണിക്കാവ് ബസ് സ്റ്റാന്‍ഡിനു സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമളയാണ് മരിച്ചത്. വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി കെ ശിവന് അറസ്റ്റില്‍.
കൊല്ലം | മരുമകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധിക മരിച്ചു. കൊല്ലം ഭരണിക്കാവ് ബസ് സ്റ്റാന്‍ഡിനു സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമളയാണ് (65) ചികിത്സയിലിരിക്കേ മരിച്ചത്. സംഭവത്തില്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി കെ ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ശ്യാമളയെ മരുമകനായ ശിവന് ആക്രമിച്ചത്. മുതുപിലാക്കാട്ടാണ് ശിവനും ഭാര്യ രജനിയും താമസിക്കുന്നത്. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് രജനി ഞായറാഴ്ച വൈകിട്ട് മാതാവ് ശ്യാമളയുടെ വീട്ടിലെത്തിയതായിരുന്നു. പിന്നാലെയെത്തിയ ശിവന് ശ്യാമളയെയും രജനിയെയും ആക്രമിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാനായി ഇരുവരും അയല്‍വീട്ടിലേക്ക് ഓടി. പിന്തുടര്ന്നെത്തിയ ശിവന് രജനിയെ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അടിയേറ്റത് ശ്യാമളക്കാണ്. ശ്യാമളയെ ഗുരുതരാവസ്ഥയില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശ്യാമളയുടെ മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. രാഘവന് ആണ് ശ്യാമളയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: രഞ്ജിനി, രജിത.
Content Highlights: An elderly woman succumbed to injuries following an assault by her son-in-law in Bharanikavu, Kollam. The tragic incident occurred during a domestic altercation within the family. Local police have registered a case and initiated a detailed investigation to apprehend the accused.


