National
അടിയന്തരാവസ്ഥ വലിയ തെറ്റ്; സഞ്ജയ് ഗാന്ധിയെ നിയന്ത്രിക്കണമായിരുന്നു: കുടുംബത്തിലെ ഭിന്നതകൾ വെളിപ്പെടുത്തി സോണിയാ ഗാന്ധി
ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നും അത് അവരെ വല്ലാതെ അലട്ടിയിരുന്നുവെന്നും സോണിയ
ന്യൂഡൽഹി | മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചത് വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പരിധി വരെ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്റെ പുതിയ ഓർമ്മക്കുറിപ്പായ ബിലോങ്ങിങ് എ ജേർണി ഓഫ് ലവ് (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി ദി ഗാർഡിയൻ, ദി ഹിന്ദു എന്നീ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. നവംബർ പത്തിനാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നും അത് അവരെ വല്ലാതെ അലട്ടിയിരുന്നുവെന്നും സോണിയ പറഞ്ഞു. ജനാധിപത്യ വിശ്വാസിയായിരുന്ന ഇന്ദിരയ്ക്ക് അതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനം ഗാന്ധി കുടുംബത്തിൽ വലിയ ഭിന്നതയുണ്ടാക്കി. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ നിലപാട്. എന്നാൽ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥയ്ക്കായി കടുത്ത സമ്മർദ്ദം ചെലുത്തി. പ്രതിപക്ഷത്തെ തടയണമെന്ന് ഒരു രാത്രി ഭക്ഷണത്തിനിടെ സഞ്ജയ് ഇന്ദിരയോട് ആവശ്യപ്പെട്ടു. ഇതിനെ രാജീവ് എതിർത്തെങ്കിലും ഫലമുണ്ടായില്ല.

സർക്കാരിൽ ഒരു പദവിയും ഇല്ലാതിരുന്നിട്ടും സഞ്ജയ് ഗാന്ധിക്ക് ഇന്ദിരയ്ക്ക് മേൽ വലിയ സ്വാധീനമുണ്ടായിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ നടന്ന നിർബന്ധിത വന്ധ്യംകരണം, പഴയ ഡൽഹിയിലെ ചേരി നിർമാർജനം തുടങ്ങിയവ സഞ്ജയിന്റെ നേതൃത്വത്തിലാണ് നടന്നത്. സഞ്ജയിന് പുറമെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും ഇന്ദിരാഗാന്ധിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് രാജ്യസഭാ എം പി കൂടിയായ സോണിയ പറഞ്ഞു.
പിന്നീട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ തിരിച്ചറിയുകയും മാപ്പ് പറയുകയും ചെയ്തു. അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷമാണ് അവിടെ നടന്ന കാര്യങ്ങളുടെ പൂർണ്ണ വ്യാപ്തി തനിക്ക് മനസിലായതെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. പൗരാവകാശങ്ങൾ ഹനിക്കപ്പെട്ടുവെങ്കിലും ഭരണഘടനാപരമായാണ് കാര്യങ്ങൾ ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ശേഷമുള്ള രാഷ്ട്രീയ ജീവിതവും ഇറ്റലിയിലെ ആദ്യകാല ജീവിതവുമാണ് പുതിയ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
Content Highlights
Sonia Gandhi termed the 1975 Emergency a mistake in her new memoir. She revealed it caused family rifts, with Sanjay pushing for it. Indira Gandhi later realised the excesses and apologised.



