International
ബംഗ്ലാദേശിലെ രണ്ട് ലക്ഷം റോഹിങ്ക്യകള്‍ക്ക് സുരക്ഷിത കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് കെ എസ് റിലീഫ്
അയല്‍രാജ്യമായ മ്യാന്‍മറില്‍ സൈനിക അതിക്രമങ്ങളില്‍ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം റോഹിങ്ക്യകളും താല്‍ക്കാലികമായി താമസിക്കുന്നത് ബംഗ്ലാദേശിലെ തീരദേശ ജില്ലയിലെ ക്യാമ്പുകളിലാണ്.
ധാക്ക | ബംഗ്ലാദേശിലെ രണ്ട് ലക്ഷം റോഹിങ്ക്യകള്‍ക്ക് സുരക്ഷിത കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ എസ് റിലീഫ്). അയല്‍രാജ്യമായ മ്യാന്‍മറില്‍ സൈനിക അതിക്രമങ്ങളില്‍ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം റോഹിങ്ക്യകളും താല്‍ക്കാലികമായി താമസിക്കുന്നത് ബംഗ്ലാദേശിലെ തീരദേശ ജില്ലയിലെ ക്യാമ്പുകളിലാണ്.
സ്ഥിരമായ ജലവിതരണ ശുചിത്വ സേവനങ്ങള്‍ എത്തിക്കുന്നതിനായി സൗദി അറേബ്യന്‍ സഹായ ഏജന്‍സിയായ കെ എസ് റിലീഫ് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി ജൂലൈയില്‍ സഹകരണ കരാര്‍ ഒപ്പുവെച്ചിരുന്നു. 2.5 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന പദ്ധതി ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചു. പന്ത്രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജലവിതരണ ശൃംഖലകളും മലിനജല സംസ്‌കരണ സംവിധാനങ്ങളും അലക്കാനുള്ള സൗകര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഐ ഒ എം സ്ഥാപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
കോക്‌സ് ബസാറിലെ ഏഴ് ക്യാമ്പുകളിലായി രണ്ട് ലക്ഷത്തിലധികം റോഹിങ്ക്യകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും സുരക്ഷിത കുടിവെള്ളം, മികച്ച ശുചിത്വ സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ ദൈനംദിന ജീവിതം കൂടുതല്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും ബംഗ്ലാദേശിലെ ഐ ഒ എം മിഷന്‍ മേധാവി ഡോ. ലോറ ടോം ബോണ്ടെ പറഞ്ഞു. കോക്‌സ് ബസാറില്‍ നിലവില്‍ 13 ലക്ഷം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ താമസിക്കുന്നുണ്ട്.



