Kerala
പി എം ശ്രീ: അന്തിമ തീരുമാനമായില്ലെന്ന് മന്ത്രി ശംസുദ്ദീന്‍
പി എം ശ്രീ പദ്ധതിയും കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ടും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണ്.
മലപ്പുറം | പി എം ശ്രീയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ദീന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് ലഭിക്കുക എന്നത് കേരളത്തിലെ വിദ്യാര്‍ഥികളുടെ കൂടി അവകാശമാണ്. അത് നമ്മുടെ നികുതിപ്പണത്തിന്റെ വിഹിതമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് എത്തുന്നത് എസ് എസ് കെ വഴിയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ മേഖലയുടെയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക ആവശ്യമാണ്. നിലവില്‍ വിവിധ ഇനങ്ങളിലായി 2,000 കോടിയോളം രൂപയാണ് കേന്ദ്രത്തില്‍ നിന്ന് എസ് എസ് കെക്ക് ലഭിക്കാനുള്ളത്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പല പുതിയ പദ്ധതികളും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ വകുപ്പ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്.
പി എം ശ്രീ പദ്ധതിയും കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ടും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണ്. പി എം ശ്രീ പദ്ധതിയുടെ ഭാഗമായി സിലബസ് നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന് ഉണ്ടാകണമെന്നും ഏതൊക്കെ സ്കൂളുകളിലാണ് ഇത് നടപ്പാക്കേണ്ടതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഇതില്‍ ഒപ്പുവെച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് നിരന്തരം കത്തുകള്‍ വരുന്നുണ്ട്. വിഷയത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് കടക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
പി എം ശ്രീയില്‍ സാവകാശം വേണം. പക്ഷെ, എസ് എസ് കെ ഉള്‍പ്പെടെയുള്ള ഫണ്ട് കേരളത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശംസുദ്ദീന്‍
കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Education Minister N Samsudheen stated that no final decision has been made regarding the implementation of the PM SHRI scheme in the state. The government will address its concerns with the central authorities before finalizing the step. Further official discussions are expected soon.




