Aksharam Education
കരസേനയിൽ പഠിക്കാം എൻജിനീയറിംഗ്
90 ഒഴിവുകളിലേക്കാണ് പ്രവേശനം നടത്തുന്നത്
അവിവാഹിതരായ പുരുഷന്മാർക്ക് കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീമിലൂടെ (ടി ഇ എസ്-57) സൗജന്യ എൻജിനീയറിംഗ് ബിരുദ പഠനം നടത്തി ലഫ്റ്റനന്റ് പദവിയിൽ ഓഫീസറായി ജോലി നേടാൻ അവസരം. ജെ ഇ ഇ (മെയിൻസ്) 2026 പരീക്ഷ അഭിമുഖീകരിച്ചവർക്കാണ് അപേക്ഷിക്കാനാകുക. 90 ഒഴിവുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഈ മാസം 12 വരെ അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസ്സായിരിക്കണം. വൈദ്യപരിശോധനയിലും ശാരീരികക്ഷമതാ മാനദണ്ഡങ്ങളിലും യോഗ്യത നേടണം.
തിരഞ്ഞെടുപ്പ്
ജെ ഇ ഇ മെയിൻസ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് സർവീസസ് സെലക്ഷൻ ബോർഡ് (എസ് എസ് ബി) ബെംഗളൂരു, പ്രയാഗ് രാജ് (യു പി), ഭോപാൽ (മധ്യപ്രദേശ്), ജലന്ധർ (പഞ്ചാബ്) എന്നിവിടങ്ങളിൽ അഭിമുഖത്തിന് ക്ഷണിക്കും. അഞ്ച് ദിവസം നീളുന്ന അഭിമുഖത്തിൽ സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിംഗ് അടക്കം രണ്ട് ഘട്ടങ്ങളുണ്ടാകും. എസ് എസ് ബി അഭിമുഖത്തിൽ വിജയിക്കുന്നവരെ വൈദ്യപരിശോധന നടത്തി മാർക്ക് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി പരിശീലനത്തിന് അവസരമൊരുക്കും.
പഠന പരിശീലനങ്ങൾ
കേഡറ്റുകൾക്ക് നാല് വർഷത്തെ പരിശീലനം നൽകും. ഒന്നാംഘട്ടം സംയോജിത ബേസിക് മിലിറ്ററി ട്രെയിനിംഗും എൻജിനീയറിംഗ് പഠനവുമാണ്. പുണെ, സെക്കന്തരാബാദ് അടക്കമുള്ള കേന്ദ്രങ്ങളിലാണ് മൂന്ന് വർഷത്തെ പരിശീലനം. രണ്ടാംഘട്ടം ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂണിൽ ഒരു വർഷത്തെ പരിശീലനം. നാല് വർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിംഗ് ബിരുദം നൽകി ലഫ്റ്റനന്റ് പദവിയിൽ 56,100 – 1,77,500 ശമ്പള നിരക്കിൽ പെർമനന്റ് കമീഷൻ സഹിതം ഓഫീസറായി നിയമിക്കും. വിശദ വിവരങ്ങൾ: www.joinindianarmy.nic.in സന്ദർശിക്കുക.
Content Highlights: Indian Army invites applications from unmarried male candidates for the Technical Entry Scheme (TES-57) offering free engineering degrees and Lieutenant posts. Candidates with JEE Main 2026 scores and 60% in PCM for Plus Two can apply for 90 vacancies by November 12 via joinindianarmy.nic.in.




