Connect with us

National

വിവാദം; ജമ്മു കശ്മീരിൽ ഏകീകൃത ജുമുഅ ഖുതുബ കൊണ്ടുവരാനുള്ള വഖഫ് ബോർഡ് നീക്കം ഉപേക്ഷിച്ചു

രാഷ്ട്രീയ നേതാക്കളുടെയും മത സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചത്

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിലെ പള്ളികളിലും ദർഗകളിലും വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബയിൽ ഏകീകൃത വിഷയം കൊണ്ടുവരാനുള്ള വഖഫ് ബോർഡിന്റെ നിർദേശം വിവാദത്തിൽ. രാഷ്ട്രീയ നേതാക്കളുടെയും മത സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഈ നീക്കം താൽക്കാലികമായി ഉപേക്ഷിച്ചു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് മതപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശം കൊണ്ടുവന്നതെന്നായിരുന്നു ബോർഡിന്റെ ന്യായീകരണം.

ബി ജെ പി നേതാവ് ഡോ സയ്യിദ് ദരഖ്ഷാൻ അന്ദ്രാബിയാണ് വഖഫ് ബോർഡ് അധ്യക്ഷ. ഒക്ടോബർ പത്തിന് വിവിധ ഇസ്ലാമിക പണ്ഡിതന്മാരുമായി നടത്തിയ യോഗത്തിലാണ് വെള്ളിയാഴ്ചകളിലെ ഖുതുബകൾക്കായി പൊതുവായ വിഷയങ്ങൾ കണ്ടെത്താൻ മുഫ്തിമാരുടെയും ഇമാമുമാരുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കാൻ ഇവർ നിർദേശിച്ചത്. എന്നാൽ ഭരണപരമായ ഒരു സ്ഥാപനത്തിന് പള്ളികളിലെ പ്രഭാഷണങ്ങളിൽ ഇടപെടാൻ കഴിയുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഇത് ഇമാമുമാരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ആശങ്കയും ഉയർന്നു.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോൺ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നു. ഇത് മതപരമായ കാര്യങ്ങളിലുള്ള നേരിട്ടുള്ള ഇടപെടലാണെന്നും ബി ജെ പിയുടെ അജണ്ടയാണെന്നും അവർ ആരോപിച്ചു. മിർവായ്സ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മതസംഘടനകളുടെ കൂട്ടായ്മയായ എം എം യു ഈ നിർദേശത്തെ ശക്തമായി എതിർത്തു. പള്ളികളിലെ പ്രഭാഷണ വിഷയങ്ങൾ തീരുമാനിക്കേണ്ടത് മതപണ്ഡിതന്മാരാണെന്നും ഭരണകൂടമല്ലെന്നും അവർ വ്യക്തമാക്കി.

വിവാദം ശക്തമായതോടെ, ഏകീകൃത പ്രഭാഷണം നിർബന്ധമാക്കിയിട്ടില്ലെന്നും ഔദ്യോഗിക ഉത്തരവുകൾ ഇറക്കിയിട്ടില്ലെന്നും അന്ദ്രാബി വ്യക്തമാക്കി. മതപണ്ഡിതന്മാർക്കും ഇമാമുമാർക്കും വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ എം എം യു സ്വന്തം നിലയ്ക്ക് കാശ്മീർ, ജമ്മു, ലഡാക്ക് എന്നിവിടങ്ങളിലെ പള്ളികളിൽ ഏകോപിപ്പിച്ചുള്ള വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

Content Highlights
The J&K Waqf Board proposed uniform Friday sermons across mosques to address social issues. The move faced severe backlash from political and religious figures citing religious interference. Following the protests, the Board clarified that no mandatory order was issued.

Latest