Connect with us

International

യൂറോപ്പിലുടനീളം വ്യാപിച്ച ഫ്രാന്‍സിലെ പ്രതിഷേധം

പ്രതിഷേധമാരംഭിച്ച് രണ്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിഷേധ സമരത്തിന് ശമനമില്ല എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധം

Published

|

Last Updated

പാരിസ് | തകര്‍ന്നുകൊണ്ടിരിക്കുന്ന ക്ലാസ് മുറികള്‍ക്കെതിരെയാണ് ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിഷേധമാരംഭിച്ച് രണ്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിഷേധ സമരത്തിന് ശമനമില്ല എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധം. പ്രതിഷേധത്തില്‍ പാരീസില്‍ 46,000 പേരും രാജ്യത്തുടനീളം 1,46,000 പേരും പങ്കെടുത്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കെങ്കിലും പാരീസില്‍ 75,000വും രാജ്യത്തുടനീളം 2,50,000വും പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കുന്നു. ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച റാലിയില്‍ 5,75,000 പേര്‍ പങ്കെടുത്തതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 70,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

ഇന്ധനവില വര്‍ദ്ധനവ്, വേതനം തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ വ്യാപിക്കുകയും ചിലയിടങ്ങളിലെ പ്രകടനങ്ങള്‍ അക്രമത്തിലേക്കും കൊള്ളയടിക്കലിലേക്കും വഴിമാറുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് അമിതമായ ബലപ്രയോഗങ്ങള്‍ നടത്തുന്നുണ്ടെന്നും ബാരിക്കേഡുകളും കണ്ണീര്‍ വാതകവും ലാത്തികളും ഉപയോഗിച്ചുവെന്നും പരാതികളുണ്ട്. ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, അധ്യാപകരുടെ കുറവ്, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ എന്നിവ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ പകുതിയില്‍ ഹൈസ്‌കൂളുകളില്‍ നിന്നാരഭിച്ച പ്രതിഷേധം ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിനെതിരായ പ്രതിഷേധമായി വികസിക്കുകയായിരുന്നു. തുടര്‍ന്ന് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് പ്രസ്ഥാനവും പ്രതിഷേധത്തിന്റെ ഭാഗമായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ ദിവസവും നടന്നിരുന്ന പ്രതിഷേധങ്ങള്‍ 20.5 ആയിരുന്നങ്കില്‍ ഇന്നത് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയിലധികമുയര്‍ന്ന് 66 ആയെന്ന് എ സി എല്‍ ഇ ഡിയുടെ സി ഇ ഒ ക്ലിയോനാ റാലിഗ് പറഞ്ഞു. സാധാരണ പ്രതിഷേധങ്ങള്‍ 20 ദിവസവും വലിയ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ 36 ദിവസവുനാണ് നീണ്ടുനില്‍ക്കാറുള്ളതെങ്കില്‍ നിലവിലെ പ്രതിഷേധം 45 ദിവസമായി തുടരുകയാണെന്ന് എ സി എല്‍ ഇ ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കാല പ്രതിഷേധങ്ങളില്‍ കലാപങ്ങളായി മാറിയിരുന്നത് 1.9% സംഭവങ്ങളാണങ്കില്‍ നിലവില്‍ 24.2%മായി ഉയര്‍ന്നു. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് അധികൃതര്‍ അമിതമായി ശ്രമിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച നാല് വിദഗ്ധര്‍ ഒക്ടോബര്‍ 28ന് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ലില്ലെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിയുടെ കൈ നഷ്ടമായിരുന്നു.

സെപ്റ്റംബര്‍ പകുതി മുതല്‍ ജീവിതച്ചെലവ് വര്‍ധന, കുറഞ്ഞ വേതനം, പൊതുസേവനങ്ങളുടെ അപര്യാപ്തത എന്നിവക്കെതിരെ പോര്‍ച്ചുഗല്‍ മുതല്‍ പോളണ്ട് വരെയുള്ള 30 യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എ സി എല്‍ ഇ ഡിയുടെ വിവരങ്ങളനുസരിച്ച് സെപ്റ്റംബര്‍ 15നും ഒക്ടോബര്‍ 30നുമിടയില്‍ യൂറോപ്പിലുടനീളം 100ലധികമാളുകള്‍ പങ്കെടുത്ത 1,700ലധികം പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധ മുന്നേറ്റങ്ങളുടെ കേന്ദ്രം ഫ്രാന്‍സാണങ്കിലും ഫ്രാന്‍സിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രൊഫസറായ ആല്‍ബെര്‍ട്ടോ അലെമാനോ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തത, ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ്, താങ്ങാനാവുന്നതിലും അധികമായ ഭവനവില തുടങ്ങിയ പൊതുകാരണങ്ങളാല്‍ ഫ്രാന്‍സിനു പുറമെ യൂറോപ്പിലുടനീളം ഒരേസമയം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. എ സി എല്‍ ഇ ഡിയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ 15നും ഒക്ടോബര്‍ 30നുമിടയില്‍ ഫ്രാന്‍സില്‍ 1,200ലധികം പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ സ്‌പെയിന്‍ (173), ഇറ്റലി (160), ജര്‍മ്മനി (70), പോര്‍ച്ചുഗല്‍ (33) എന്നീ രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.

സ്‌പെയിനില്‍ ഒക്ടോബര്‍ രണ്ടിന് രണ്ട് അടിയന്തര ഭവന നിര്‍മ്മാണ ഉത്തരവുകള്‍ പാര്‍ലമെന്റ് തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധ റാലികളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ന്യൂനപക്ഷ സര്‍ക്കാരിന് ഇതൊരു തിരിച്ചടിയായി. ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധനവും വീടുകളുടെ താങ്ങാനാവാത്ത വിലയും കാരണമായുള്ള പ്രതിഷേധങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. പോര്‍ച്ചുഗലില്‍ ജീവിതച്ചെലവ് വര്‍ധന, കുറഞ്ഞ വേതനം, പ്രധാന നഗരങ്ങളില്‍ വീടുകള്‍ ലഭ്യത എന്നിവക്കെതിരെ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരുന്നു.

Content Highlights: Widespread protests starting in France over deteriorating classrooms and living costs have spread across 30 European countries. Over 1,700 rallies were recorded as millions voiced anger against low wages, inflation, and public service decline. Tensions remain high as clashes with police intensify.

Latest