Connect with us

National

ഹജ്ജ് 2027; ഉഭയകക്ഷി കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും സഊദിയും

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു സഊദിയെ പ്രതിനിധീകരിച്ച് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീയ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

Published

|

Last Updated

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീയയും ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ച ശേഷം.

ജിദ്ദ/ദമാം | 2027ലെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള ഇന്ത്യ-സഊദി അറേബ്യ ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ആറാമത് ഹജ്ജ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷനോട് അനുബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കരാര്‍ യാഥാര്‍ഥ്യമായത്. പുതിയ കരാര്‍ പ്രകാരം ഇത്തവണയും ഇന്ത്യക്ക് 1,75,025 തീര്‍ഥാടകരുടെ ക്വാട്ടയാണ് സഊദി ഹജ്ജ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി അറേബ്യയെ പ്രതിനിധീകരിച്ച് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീയയുമാണ് ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചത്.

ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും (2023 മുതല്‍ 2027 വരെ) 1,75,025 എന്ന ക്വാട്ട ഇന്ത്യക്കായി നിലനിര്‍ത്തി നല്‍കിയത്. ഇത് തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അനുവദിച്ച ഹജ്ജ് ക്വാട്ടയുടെ ഭൂരിഭാഗവും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുന്ന ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി ആണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബാക്കി 30 ശതമാനം സീറ്റുകള്‍ മാത്രമാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്.

തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുക, മക്കയിലെയും മദീനയിലെയും താമസ-യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ കരാറിലൂടെ ഇരുരാജ്യങ്ങളും പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സഊദി ഭരണകൂടം നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജു നന്ദി അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി, ജോയിന്റ് സെക്രട്ടറി (ഹജ്ജ്) മുഹമ്മദ് അഫ്‌സല്‍ എന്നിവരടങ്ങുന്ന ഉന്നതതല ഇന്ത്യന്‍ സംഘവും പങ്കെടുത്തു.

Content Highlights:India and Saudi Arabia signed the bilateral agreement for Hajj 2027 in Jeddah. Union Minister Kiren Rijiju represented India during the official summit to review facilities for pilgrims. The pact aims to streamline travel arrangements and enhance services for thousands of Indian pilgrims.

 

 

Latest