International
മദീനയില്‍ എണ്ണ പൈപ്പ്ലൈനിന് നേരെ ആക്രമണം; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി അടിയന്തര സുരക്ഷാ വിഭാഗം
പൈപ്പ്ലൈനിന്റെ ഒരു ഭാഗത്ത് ചെറിയ രീതിയില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കേല്‍ക്കുകയോ എണ്ണ വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുകയോ ചെയ്തിട്ടില്ല.
റിയാദ് | മദീന മേഖലയിലുള്ള സഊദിയുടെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് നേരെ തിങ്കളാഴ്ച ആക്രമണമുണ്ടായതായി സഊദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പൈപ്പ്ലൈനിന്റെ ഒരു ഭാഗത്ത് ചെറിയ രീതിയില്‍ തീപിടിത്തമുണ്ടായെങ്കിലും അടിയന്തര പ്രതികരണ വിഭാഗം വളരെ വേഗത്തില്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ എണ്ണ വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഉടന്‍ തന്നെ എണ്ണ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക അടിയന്തര-സാങ്കേതിക സുരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി. അടിയന്തര സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച സംഘം പൈപ്പ്ലൈനില്‍ പടര്‍ന്ന തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ണമായി അണയ്ക്കുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് അധിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
എണ്ണ വിതരണം സാധാരണ നിലയില്‍
ആക്രമണം ഉണ്ടായെങ്കിലും രാജ്യത്തെ എണ്ണ വിതരണ സംവിധാനത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൈപ്പ്ലൈനിലൂടെയുള്ള അസംസ്കൃത എണ്ണയുടെ ഒഴുക്ക് സാധാരണ നിലയില്‍ തന്നെ തുടരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയെയോ ആഭ്യന്തര വിതരണത്തെയോ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Emergency security forces in Madinah successfully brought the situation under control following an attack targeting an oil pipeline. Authorities acted swiftly to neutralize the threat and secure the vital energy infrastructure. Normal operations and safety protocols have been fully restored in the area.




