Connect with us

Business

ദുബൈ നഗരാതിര്‍ത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പന്‍സ് മാളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ദുബൈ മുന്‍സിപ്പാലിറ്റി ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയീദ് ഇസ്മായില്‍ അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

ദുബൈ | റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ദുബൈ നഗരാതിര്‍ത്തികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ഔദ് അല്‍ മുത്തീനയിലെ മൂപ്പന്‍സ് മാളില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ദുബൈ മുന്‍സിപ്പാലിറ്റി ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയീദ് ഇസ്മായില്‍ അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള ജനവാസ മേഖലകളിലേക്കും ലുലുവിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണെന്നും മികച്ച ഷോപ്പിങ് സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി. ദുബൈ മേഖലയില്‍ മാത്രം ഏഴ് പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

40,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ തുടങ്ങി നിത്യോപയോഗത്തിന് ആവശ്യമായ വിപുലമായ ഉത്പന്നനിര ലഭ്യമാണ്. ഫാഷന്‍ ആക്‌സസറികള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, സൗജന്യ പാര്‍ക്കിങ്, സുഗമമായ പ്രവേശന സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം മൂപ്പന്‍സ് മാളിന്റെ ഉദ്ഘാടനവും എം എ യൂസഫലി നിര്‍വഹിച്ചു. മൂപ്പന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഒയുമായ സലിം മൂപ്പന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ എം എ സലിം, ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ തുടങ്ങിയവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights:Lulu Group has expanded its retail network in Dubai by opening a new hypermarket at Moopans Mall. The branch was inaugurated in the presence of Lulu Group Chairman M. A. Yusuff Ali and Dubai officials. The expansion aims to bring quality retail and convenience to suburban residential areas.

 

Latest