Connect with us

Articles

ഏകപക്ഷീയ നിയമങ്ങള്‍ ലക്ഷദ്വീപിനെ മുക്കും

ലക്ഷദ്വീപിന്റെ വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്‍ പ്രധാനമായി പരിശോധിക്കേണ്ടത് വികസനത്തിന്റെ ആവശ്യകതക്കൊപ്പം ദ്വീപുകാരുടെ ഭൂമി, അവകാശങ്ങള്‍, പരിസ്ഥിതി, തൊഴില്‍, സാംസ്‌കാരിക പൈതൃകം എന്നിവ എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നതാണ്. ഇതിലെല്ലാം ആശങ്കകളാണ് ഇന്ന് ലക്ഷദ്വീപില്‍ നിലനില്‍ക്കുന്നത്. കിടപ്പാടങ്ങളും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ട ഒരു ജനത എന്ത് ചെയ്യും എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം?

Published

|

Last Updated

ഇന്ത്യയിലെ ഏറ്റവും ചെറുതും കുറഞ്ഞ ജനവാസമുള്ളതുമായ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ലക്ഷദ്വീപ് ഇന്നും അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യ മേഖലയിലെ അപര്യാപ്തത, യാത്രാ ക്ലേശം, വൈദ്യുതി ഉത്പാദനം, ഇന്ധന വിതരണം തുടങ്ങിയ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താനോ ബദല്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്താനോ ഇന്നുമായിട്ടില്ല. അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തത ഇത്രയേറെ നിലനില്‍ക്കെയാണ് ദ്വീപ് ഭരണകൂടം കിരാതമായ നിയമങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

നിലവിലെ കേന്ദ്ര ഭരണകൂടത്തിന് ലക്ഷദ്വീപിനോട് സവിശേഷമായ താത്പര്യം ജനിക്കുന്നത് 2023- 2024 കാലത്ത് ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ്. ദ്വീപ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഇടമാണ് മാലദ്വീപ്. ഇന്ത്യയില്‍ നിന്ന് അനേകം പേരാണ് മാലദ്വീപിലേക്ക് വിനോദസഞ്ചാരം നടത്തുന്നത്. പുതിയ മാല ദ്വീപ് സര്‍ക്കാര്‍ രാജ്യത്ത് ഇന്ത്യന്‍ സ്വാധീനം കുറക്കുന്നതിന് പ്രാധാന്യം നല്‍കിയതും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയതും ഇന്ത്യ- മാലദ്വീപ് ബന്ധത്തിന് വിള്ളലേല്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് നടന്ന പുതിയ നിയമ നിര്‍മാണങ്ങളും നിയമ ഭേദഗതികളും ദ്വീപ് നിവാസികളെ പുതിയ പ്രശ്നങ്ങളിലേക്ക് നയിച്ചു. ജനഹിതം പരിഗണിക്കാതെയാണ് ഭരണകൂടം വിനോദസഞ്ചാര വികസനം എന്ന പേരില്‍ ദ്വീപ് നിവാസികളെ പ്രയാസപ്പെടുത്തുന്നത്. വികസന പദ്ധതികള്‍ മൂലം നഷ്ടപ്പെടുന്ന ഭൂമി, വീടുകള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവക്കൊന്നും കാര്യക്ഷമമായ ബദല്‍ സംവിധാനങ്ങള്‍ കാണാതെയാണ് ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ചൂഷണാത്മകമായ നിയമ ക്കുരുക്കുകള്‍ ചാര്‍ത്തുന്നത്.

2014ല്‍ മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ ഇന്നേവരെ ആറ് അഡ്മിനിസ്ട്രേറ്റര്‍മാരാണ് ലക്ഷദ്വീപില്‍ ഭരണം നടത്തിയത്. പ്രഫുല്‍ ഘോഡ പട്ടേല്‍ ആണ് നിലവില്‍ ഈ സ്ഥാനത്ത്. ലക്ഷദ്വീപ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആ സ്ഥാനത്തിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ കൂടിയാണ് അദ്ദേഹം. അഞ്ച് വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്ന അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളാണ് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ വരുത്തി വെച്ചതും ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതും.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍/ പുനഃസംഘടന സംബന്ധിച്ച നടപടികള്‍, പ്രാദേശിക ഭരണഘടനാ സംവിധാനങ്ങളിലെ ചില മാറ്റങ്ങള്‍ (പഞ്ചായത്ത് ഭരണം), ലക്ഷദ്വീപ് പ്രാദേശിക വികസനം തുടങ്ങി അനവധി ചൂഷണാത്മക നിയമവ്യവസ്ഥകള്‍ കൊണ്ടുവരികയും അതില്‍ ചിലത് നടപ്പാക്കുകയും ചെയ്തു. മൗലികമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനതയെ കേള്‍ക്കുകയും അവര്‍ക്ക് ഭരണഘടനയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകളാണ് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാല്‍ കോടതി ഉത്തരവുകള്‍ പോലും വൃഥാവിലാകുകയാണ്. പൊളിച്ചു നീക്കല്‍ നിര്‍ത്തിവെക്കണം എന്ന് കോടതി ഉത്തരവിട്ട കടല്‍ത്തീരങ്ങളിലെ വസ്തുക്കളും കൂരകളും ഷെഡുകളും ബോട്ട് നിര്‍മാണശാലകളും ഉള്‍പ്പെടെ ഒറ്റരാത്രി കൊണ്ട് ബുള്‍ഡോസ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി ലക്ഷദ്വീപില്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു, ഉദ്യോഗാര്‍ഥികളെ പിരിച്ചുവിടുന്നു, പ്രാദേശിക ജനതയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ നിയമക്കുരുക്കുകളിടുന്നു, കാലങ്ങളായി നിലനിന്നിരുന്ന നിയമവ്യവസ്ഥകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു, സമരം ചെയ്യാനുള്ള അവകാശം അടിച്ചമര്‍ത്തപ്പെടുന്നു… ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ ഇങ്ങനെ നീളുന്നു. 40 വര്‍ഷത്തോളം പഴക്കമുള്ള മദ്യനിരോധന നിയമം ഒഴിവാക്കുകയും എല്ലാ ദ്വീപുകളിലും മദ്യനയം പാസ്സാക്കുകയും ചെയ്തത് ദ്വീപ് ജനതയോടുള്ള ഭരണാധികാരികളുടെ സമീപനത്തെയാണ് കാണിക്കുന്നത്. ഒരു ദേശത്ത് അധിവസിക്കുന്ന ജനതയുടെ സുരക്ഷിതത്വവും ജീവിത മൂല്യങ്ങളുമാണ് ഭരണാധികാരികളുടെ പ്രഥമ പരിഗണനയാകേണ്ടത് എന്നത്, ലക്ഷദ്വീപിന്റെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. ലക്ഷദ്വീപില്‍ 96 ശതമാനത്തോളം മുസ്ലിം ജനവിഭാഗമാണ് അധിവസിക്കുന്നത്.

36 ദീപുകളുള്ള ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. ഈ ദീപ് പൂര്‍ണമായും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. അവിടെ വസിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുമുള്ള ബദല്‍ സംവിധാനങ്ങളോ സുരക്ഷാഉറപ്പുകളോ നല്‍കാതെയാണ് ഇത്തരം അതിക്രമങ്ങള്‍. ദ്വീപിലേക്ക് ആര്‍ക്കും ഏതവസരത്തിലും വരാനും പോകാനും പറ്റുന്ന വിധം വ്യവസ്ഥകള്‍ മാറുകയാണ്.

ലക്ഷദ്വീപിന്റെ വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്‍ പ്രധാനമായി പരിശോധിക്കേണ്ടത് വികസനത്തിന്റെ ആവശ്യകതക്കൊപ്പം ദ്വീപുകാരുടെ ഭൂമി, അവകാശങ്ങള്‍, പരിസ്ഥിതി, തൊഴില്‍, സാംസ്‌കാരിക പൈതൃകം എന്നിവ എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നതാണ്. ഇതിലെല്ലാം ആശങ്കകളാണ് ഇന്ന് ലക്ഷദ്വീപില്‍ നിലനില്‍ക്കുന്നത്. ഈ വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ ഏത് അവസരത്തിലും സര്‍ക്കാറിന്റേത് എന്ന് അവകാശപ്പെടുന്ന ഭൂമികള്‍ ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള അവകാശം ഭരണകൂടത്തിന് കൈവരികയാണ്. കിടപ്പാടവും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ട ഒരു ജനത പിന്നെ എന്ത് ചെയ്യും എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം?

 

 

Latest