From the print
കരട് പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം ആറ് സമര്‍പ്പിക്കാം
കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക്, അവര്‍ മുമ്പ് പട്ടികയില്‍ ഉള്പ്പെട്ടിരുന്നവരാണെന്ന കാരണത്താല്‍ മാത്രം ഫോം ആറ് സമര്‍പ്പിക്കുന്നതില്‍ തടസ്സമില്ല.
തിരുവനന്തപുരം | പ്രത്യേക തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണ നടപടി കളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും അന്തിമ വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ഫോം ആറ് സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. മുമ്പ് പട്ടികയില്‍ പേര് ഉണ്ടായിരുന്നവര്‍ നിലവിലെ എസ് ഐ ആര് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, ഫോം ആറ് സമര്‍പ്പിക്കുമ്പോള്‍ അതില്‍ ആദ്യമായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്ക്കുന്നതാണെന്ന പ്രഖ്യാപനം നല്‍കണം. ഇതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷന് വ്യക്തത വരുത്തിയത്.
കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക്, അവര്‍ മുമ്പ് പട്ടികയില്‍ ഉള്പ്പെട്ടിരുന്നവരാണെന്ന കാരണത്താല്‍ മാത്രം ഫോം ആറ് സമര്‍പ്പിക്കുന്നതില്‍ തടസ്സമില്ല. എസ് ഐ ആര് നടപടികളിലോ അതിനുശേഷമോ അന്തിമ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് പുതുതായി അപേക്ഷ സമര്‍പ്പിക്കണം.
മുമ്പ് പട്ടികയില്‍ പേര് ഉണ്ടായിരുന്നുവെന്ന കാരണത്താല്‍ മാത്രം ഫോം ആറ് സമര്‍പ്പിച്ചതിന്റെ പേരില്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് നടപടി സ്വീകരിക്കാനാകില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
Content Highlights: കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത മുൻ വോട്ടർമാർക്ക് ഫോം ആറ് വഴി വീണ്ടും അപേക്ഷ സമർപ്പിക്കാം. പുതിയ വോട്ടർമാർക്കും പേര് ചേർക്കാൻ ഇതേ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. വോട്ടവകാശം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷ നൽകാം.



