Connect with us

From the print

കുറ്റകൃത്യങ്ങളില്‍ 35 ശതമാനം കുറവ്; തൂഫാന്‍ രണ്ടാംഘട്ടം 16ന്

ഒരു ദിവസം 57 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 35 ശതമാനത്തോളം കുറവുണ്ടായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ ഓപറേഷന്‍ തൂഫാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലം കണ്ടതിന്റെ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു. ഓപറേഷന്‍ തൂഫാനിന്റെ രണ്ടാംഘട്ടം ഈ മാസം 16ന് ആരംഭിക്കും. ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായിരിക്കും രണ്ടാംഘട്ടത്തില്‍ പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും തൂഫാന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്‌കൂള്‍ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ദിവസം 57 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു ദിവസത്തെ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. സ്വകാര്യ ബസുകളുടെ അമിതവേഗവും കര്‍ശനമായി നിയന്ത്രിക്കും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തെയും ഗൗരവത്തോടെയാണ് കാണുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ മറവില്‍ എന്തും ചെയ്യാമെന്ന് കരുതേണ്ടെന്നും ആവശ്യമെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്പാകള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രഹ്മഗിരി തട്ടിപ്പില്‍ സമഗ്ര അന്വേഷണം നടത്തും: മന്ത്രി
കല്‍പ്പറ്റ ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വന്‍തോതില്‍ വെട്ടിപ്പ് നടത്തിയ സംഭവമാണ്. വിജിലന്‍സിന് പരാതി കിട്ടിയപ്പോള്‍ അത് അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തൂഫാന്‍ പദ്ധതിയുടെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കും. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളുമായും ഡി ജി പിമാരുമായും സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി പരിശോധന തുടരുകയാണ്. അതിര്‍ത്തികളിലെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കുട്ടി ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിനുള്ള പരിശോധന സംസ്ഥാനത്ത് കര്‍ശനമാക്കിയിരിക്കുകയാണ്. ലൈസന്‍സില്ലാതെയും മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നത് കണ്ടെത്തുന്നതിനായി പരിശോധന നടക്കുന്നു. വിദേശത്ത് ജോലി, വിദേശത്ത് പഠനം എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ ഇരയാകാതിരിക്കണമെങ്കില്‍ അത്തരം സ്ഥാപനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും തട്ടിപ്പുകാരെ ശ്രദ്ധിക്കുകയും വേണം. ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്.

വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതികളും പുരോഗമിച്ചുവരികയാണെന്നും എത്രയും വേഗത്തില്‍ വീടുകള്‍ കൈമാറാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Crime rates dropped by 35 percent following successful law enforcement initiatives. Kerala Police announced the launch of Operation Toofan Phase 2 starting November 16. The special drive aims to curb anti-social activities and maintain public order across the state.

 

 

Latest