National
എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽ പെട്ട സംഭവം; പൈലറ്റ് കഞ്ചാവടിച്ചാണ് വിമാനമോടിച്ചതെന്ന് സംശയം; ലഹരി പരിശോധനാ ഫലം പോസിറ്റീവ്
അപകട അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടരുകയാണ്.
ഫയൽ ചിത്രം
ന്യൂഡൽഹി | തായ്‌ലൻഡിലെ ഫുകെറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ (Air India) വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയം ബലപ്പെടുന്നു. പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാ ഫലവും പോസിറ്റീവായി ലഭിച്ചതോടെയാണ് സംഭവം കൂടുതൽ ഗൗരവമുള്ളതാകുന്നത്.
ഈ മാസം നാലിനായിരുന്നു എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. ആകാശച്ചുഴിയിൽ (Turbulence) പെട്ടാണ് അപകടമുണ്ടായത് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടിട്ടില്ലെന്നാണ് പുതിയ വിലയിരുത്തൽ. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറോ പൈലറ്റിന്റെ ലഹരി ഉപയോഗമോ ആകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഫുകെറ്റിൽ നിന്ന് പറന്നുയർന്ന വിമാനം 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് പതിക്കുകയായിരുന്നു. അപകടത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 17 നും 23 നും ഇടയിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു. ചില യാത്രക്കാരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം പൈലറ്റിന്റെയും സഹപൈലറ്റിന്റെയും നിർബന്ധിത ലഹരി പരിശോധന നടത്തിയിരുന്നു. ഇതിൽ സഹപൈലറ്റിന്റെ ഫലം നെഗറ്റീവാണ്. എന്നാൽ പ്രധാന പൈലറ്റ് ഇൻ കമാൻഡിന്റെ ആദ്യ പരിശോധനയും രണ്ടാമത്തെ പരിശോധനയും പോസിറ്റീവായി. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരിക്കാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തായ്‌ലൻഡിൽ ചില വൈദ്യ ആവശ്യങ്ങൾക്ക് കഞ്ചാവ് നിയമവിധേയമാണ്.
അപകട അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം തുടരുകയാണ്. എയർ ഇന്ത്യ സി ഇ ഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിട്ടുണ്ട്. ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
Content Highlights:
Second drug test of the Air India pilot involved in the Phuket-Delhi flight incident returned positive. Authorities suspect drug use or a hydraulic failure rather than turbulence, after the aircraft dropped 300 feet injuring multiple passengers. AAIB investigation is currently underway.


