Ongoing News
സ്‌കോട്ടിഷ് പട വീണു; മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍
സൂപ്പര്‍ താരം നെയ്മര്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങി
ഫ്‌ലോറിഡ | ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്താണ് ബ്രസീലിയന്‍ പടയോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാത്യുസ് കുന്യ ഒരു ഗോള്‍ നേടി.
പകരക്കാരനായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത് രണ്ടാം ഗോള്‍ വിനീഷ്യസ് നേടി. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയ്ക്കു ശേഷം റഫറി ഗോള്‍ നിഷേധിച്ചു.
സെക്കന്‍ഡ് ഹാഫില്‍ സ്‌കോട്ട്‌ലാന്‍ഡ് കൂടുതല്‍ അപകടകാരികളായി. നിരന്തരം ബ്രസീലിയന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി സ്‌കോട്ടിഷ് ആക്രമണങ്ങള്‍ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളില്‍ കലാശിക്കാതെ പോവുകയായിരുന്നു. മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. ഏഴ് പോയിന്റുകള്‍ ബ്രസ്സീല്‍ നേടി. സൂപ്പര്‍ താരം നെയ്മര്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങി. പരിക്കിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു. ഈ ലോകകപ്പില്‍ ആദ്യമായാണ് നെയ്മര്‍ കളത്തിലെത്തുന്നത്. ബ്രസീലിനായി 980 ദിവസങ്ങള്‍ക്കു ശേഷമാണു നെയ്മര്‍ കളിക്കാനിറങ്ങിയത്.
Content Highlights:
Brazil secured their place in the FIFA World Cup knockout stages with a dominant 3-0 victory over Scotland. Vinícius Júnior scored a brilliant brace while Matheus Cunha added a third to help the five-time champions top Group C. Super star Neymar also made a highly anticipated return to international action as a second-half substitute.


