Connect with us

Articles

ഡിജിറ്റല്‍ ജീവിതവും ലഹരി വ്യാപനവും

സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് ഏതെങ്കിലും ഒരാളിലൂടെ ലഹരിയുടെ സുഖാനുഭൂതി ലഹരി മാഫിയ പരീക്ഷിക്കുന്നു. തികച്ചും സൗജന്യമായ ഈ ചേര്‍ത്തുപിടിക്കലില്‍ ഒരു കുട്ടി അകപ്പെടുന്നതോടുകൂടി ദൗത്യം വിജയിക്കുന്നു. അവന്‍ അത് ഉപയോഗിച്ച് മറ്റൊരാളിലേക്ക് അതിന്റെ സുഖാനുഭൂതി പകരുന്നതോടെ ഒരാളില്‍ നിന്ന് രണ്ട് പേരിലേക്കും പിന്നീട് അത് അതിവേഗം മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു.

Published

|

Last Updated

ഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ വിവര സാങ്കേതികവിദ്യയിലുണ്ടായത് വമ്പിച്ച വളര്‍ച്ചയാണ്. കോവിഡ്കാലം അതിനെ സാമൂഹികവത്കരിച്ച് ജനകീയമാക്കി. ഇതോടുകൂടി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ഉപയോഗവും പ്രായഭേദമന്യേ സ്വകാര്യ ജീവിതത്തില്‍ ഇഴകിച്ചേര്‍ന്നു. ഒരാളെ സ്പര്‍ശിക്കുന്ന അതെ വ്യക്തിസ്വാതന്ത്ര്യം അയാളുടെ മൊബൈല്‍ ഫോണ്‍ അനുവാദമില്ലാതെ പരിശോധിക്കുന്ന രീതിയിലും പ്രകടമായി.

ഓരോ വ്യക്തിയുടെയും മനസ്സാക്ഷി സൂക്ഷിക്കുന്ന ഇടമായി മൊബൈല്‍ ഫോണ്‍ സൗഹൃദവും ഉപയോഗവും മാറി. പുറത്തൊന്നും അകത്തൊന്നും എന്ന ഇരട്ട ജീവിതത്തെ സൂക്ഷിക്കുന്ന രഹസ്യ അറയായി ഡിജിറ്റല്‍ വ്യക്തിജീവിതം മാറ്റപ്പെട്ടു. നല്ല രീതിയില്‍ വ്യക്തവികാസത്തിനും സാമൂഹിക നിരീക്ഷണത്തിനും രാഷ്ട്രീയ പഠനത്തിനും സഹായമാകുന്നതാണ് വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകള്‍. എന്നാല്‍ അത് മറ്റൊരു കെണിയാണ് (ഡിജിറ്റല്‍ ജീവിതം ) യുവാക്കള്‍ക്കിടയില്‍ കരുതിവെച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ആളുടെ സാമൂഹിക വീക്ഷണവും മാനുഷിക ചിന്തയും രാഷ്ട്രീയ ബോധവും പ്രകടമായി. ഇത് ലോകത്ത് വലിയ ജീവിതമാറ്റങ്ങള്‍ക്ക് കാരണമായി. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ജെന്‍സി ഇടപെടല്‍ ഇതിന്റ തെളിവാണ്. നിലവില്‍ ഇന്ത്യയിലെ കോക്രൊച്ച് ജനതാ പാര്‍ട്ടിയും ഡിജിറ്റല്‍ കേന്ദ്രീകൃത സംവേദനത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

എന്നാല്‍, ഈ വസ്തുനിഷ്ഠ യാഥാർഥ്യത്തിന് പുറത്താണ് ലഹരിയുമായി ബന്ധപ്പെട്ട മേഖലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം. അതൊരു പുതുലോകമാണ്. ആര് ആരേ ബന്ധപ്പെടുന്നു എന്നത് രണ്ട് വ്യക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വകാര്യതയാണ്. മൂന്നാമതായി വരുന്ന ആള്‍ ആദ്യത്തെ രണ്ട് പേര്‍ക്കും സമാനമായ വ്യക്തിയായിരിക്കും. അങ്ങനെയാണ് പല ഗ്രൂപ്പുകളും ചില പ്രത്യേക ഉദ്ദേശങ്ങള്‍ക്ക് വേണ്ടി വാട്സാപ്പില്‍ പിറവികൊണ്ടത്.

ലഹരി ഉപയോഗത്തിന്റെ സാധ്യത മൊബൈല്‍ ഫോണ്‍ സൗഹൃദ വഴിയായതോടെ അതിന്റെ സാധ്യത പെട്ടന്ന് വളര്‍ന്നു. അതൊരു സുരക്ഷിത മാര്‍ഗമായി. അങ്ങനെ നഗര ജീവിതത്തിലെ പല രീതിയിലുള്ള ക്രിമിനല്‍ പശ്ചാത്തലങ്ങളിലേക്ക് ഗ്രാമജീവിതത്തെയും എത്തിച്ചു. ബെംഗളൂരുവില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് കേരളത്തിലെ ഏത് കുഗ്രാമങ്ങളിലേക്കും ഒരു സന്ദേശം എത്തിക്കാന്‍ നിമിഷങ്ങള്‍ മതി. ഇത് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഡിജിറ്റല്‍ സാങ്കേതികത മനുഷ്യ ജീവിതത്തിന്റെ വികാസത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ അത് കേരളത്തിലെ നഗര- ഗ്രാമീണ ജീവിതത്തില്‍ നിര്‍വഹിച്ചത് അപകടകരമായ ഇടപെടലുകളാണ്. ലഹരിയാവശ്യക്കാരന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍, ഇടനിലക്കാരനായ വിൽപ്പനക്കാരനിലേക്ക് ആവശ്യക്കാരനെ എത്തിക്കുന്നത് ഡിജിറ്റല്‍ മാർഗത്തിലൂടെയാണ്. അത് ലഹരി വിപണിയില്‍ ഏറ്റവും നല്ല സാധ്യതയായി നിലനില്‍ക്കുന്നു. ഗ്രാമീണ ജീവിതത്തിലേക്ക് ലഹരിയുടെ ഉപയോഗം ഒരു ശൃംഖലയായി രൂപപ്പെടുത്താന്‍ ആവശ്യക്കാരുടെ നിരവധി ഗ്രൂപ്പുകള്‍ പിറവികൊണ്ടു. ഇതൊന്നും ഇന്ന് ആരേയും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല.

വലിയ രീതിയില്‍ ലഹരി ഉപയോഗവും വിപണിയും സജീവമായത് ബെംഗളൂരുവിലാണ് എന്നാണ് പറയപ്പെടുന്നത്. അവിടെ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാരിലേക്ക് ലഹരി വസ്തുക്കള്‍ എങ്ങനെ കടത്തിവിടാം എന്ന് രണ്ട് വ്യക്തികള്‍ വിദൂര ദേശങ്ങളില്‍ നിന്ന് തീരുമാനിക്കുന്നത് ഈ ഡിജിറ്റല്‍ മാർഗത്തിലൂടെയാണ്. ഇതൊക്കെ വിപണിയുമായി ബന്ധപ്പെട്ട രീതിയാണെങ്കില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇതിലും വലിയ സാധ്യത. ഗ്രാമങ്ങളില്‍ പൊതുജീവിതത്തിന്റെ ഭാഗമാകാത്ത ഇടങ്ങള്‍, ഉപയോഗശൂന്യമായ തകര്‍ന്ന വീടുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നോ നാലോ പേര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന വിധത്തില്‍ ഒരാളില്‍ നിന്ന് സന്ദേശങ്ങള്‍ പോകുന്നു. അതിലെ പുതിയ വ്യക്തിക്ക് ഇവിടെയെത്താനുള്ള ലൊക്കേഷന്‍ മാപ്പ് വിതരണം ചെയ്യുന്നു. അതുവഴി ഒരു അപരിചിതത്വവും ഇല്ലാതെ അയാള്‍ക്ക് ഇടുങ്ങിയ ദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നു. പലപ്പോഴും രാത്രികാലങ്ങളിലെ ഇത്തരം കൂടിയിരുത്തങ്ങള്‍ ലഹരി ഉപയോഗാനന്തരമുള്ള കൊലപാതകങ്ങള്‍ക്കും അസ്വാഭാവിക മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ മാർഗത്തിലൂടെയുള്ള ലഹരി ഉപയോഗത്തിന്റെ വേരറക്കാനുള്ള ചിന്ത ഗൗരവപ്പെട്ടതാകുന്നത്. അതിന് കൃത്യമായ ബോധവത്കരണവും സ്വയം തിരിച്ചറിയലും മാത്രമാണ് വഴി. നിലവില്‍ ഓപറേഷന്‍ തൂഫാന്‍ പദ്ധതിപ്രകാരം ലഹരി വിൽപ്പനക്കാരെയും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുന്നത് ഇതേ ഡിജിറ്റല്‍ മാര്‍ഗത്തില്‍ കൂടിയാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് കുറ്റം നവസാങ്കേതികവിദ്യയുടെ ഉപയോഗമോ സാധ്യതയോ അല്ല. മറിച്ച്, അതെങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്ന വ്യക്തികളുടേതാണ്. അത് തുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമാണ്.

കൗമാര ജീവിതം

രണ്ടായിരത്തിനു ശേഷം പിറന്ന കുട്ടികളൊക്കെ നവസാങ്കേതികവിദ്യയുടെ ഭാഗമായി വളര്‍ന്നവരാണ്. പിറവിയില്‍ തന്നെ അവര്‍ അത്തരം വിജ്ഞാനലോകത്തിന്റെ അനുഭവസ്ഥരാണ്. പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അതിന്റെ ഉപയോഗവും സൗകര്യങ്ങളും ജീവിതത്തിന്റെയും പഠനത്തിന്റെയും ഭാഗമായി. ഇത് മനസ്സിലാക്കാന്‍ കഴിയാത്തവരല്ല രക്ഷിതാക്കള്‍. എന്നാല്‍ അമിതമായ മൊബൈല്‍ ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടു. ചില കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട മക്കളെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു. പ്രായഭേദമന്യേ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ലഹരിയില്‍പ്പെട്ട കുട്ടികള്‍ക്ക് അത് നിഷേധിച്ചുതുകൊണ്ടായ ഫലം ആത്മഹത്യകളായിരുന്നു. അത്രമാത്രം കുട്ടികളുടെ വൈകാരിക ആവിഷ്‌കാരങ്ങളില്‍ ഇത്തരം സാങ്കേതികത അലിഞ്ഞു ചേര്‍ന്നു. ആദ്യമാദ്യം ആണ്‍കുട്ടികളിലാണ് ഇതിന്റെ അപകടകരമായ അവസ്ഥകള്‍ പ്രകടമായതെങ്കില്‍ അധികം വൈകാതെ കൗമാരക്കാരായ പെണ്‍കുട്ടികളിലും ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പ്രകടമായി. അത് തെറ്റായ രീതിയിലുള്ള സൗഹൃദങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അതിവേഗത്തില്‍ ലഹരി ഉപയോഗത്തിന്റെയും വിപണനത്തിന്റെയും ചങ്ങലയില്‍ പെണ്‍കുട്ടികളും ചേര്‍ക്കപ്പെട്ടു.

ആണ്‍സുഹൃത്ത്, കൂടെ പഠിക്കുന്നവര്‍, ഒപ്പം യാത്ര ചെയ്യുന്നവര്‍ ഇതൊക്കെ പുതിയകാലത്ത് ലിംഗപരമായ അസമത്വത്തെ ഇല്ലാതാക്കുകയാണ്. ഒന്നിച്ചുള്ള യാത്രയും സഹവാസവും സമൂഹത്തിലെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടു. എന്നാല്‍ അത് അത്രമാത്രം ഗൗരവപ്പെട്ടതോ നിഷ്‌കളങ്കമോ ആയിരുന്നില്ല. അതിനുള്ളില്‍ പതിയെ പതിയെ ലഹരി മാഫിയ പിടിമുറുക്കിയത് തുടക്കത്തില്‍ അവര്‍ പോലും അറിയാതെയാണ്. സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് ഏതെങ്കിലും ഒരാളിലൂടെ ലഹരിയുടെ സുഖാനുഭൂതി ലഹരി മാഫിയ പരീക്ഷിക്കുന്നു. തികച്ചും സൗജന്യമായ ഈ ചേര്‍ത്തുപിടിക്കലില്‍ ഒരു കുട്ടി അകപ്പെടുന്നതോടുകൂടി ദൗത്യം വിജയിക്കുന്നു. അവന്‍ അത് ഉപയോഗിച്ച് മറ്റൊരാളിലേക്ക് അതിന്റെ സുഖാനുഭൂതി പകരുന്നതോടെ ഒരാളില്‍ നിന്ന് രണ്ട് പേരിലേക്കും പിന്നീട് അത് അതിവേഗം മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ചിത്രങ്ങളും സവിശേഷതകളും ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് മറ്റൊരാളുടെ ഫോണിലേക്ക് ചീറിപ്പായിരുന്നു. (ഇവിടെയൊന്നും തന്റെ മക്കളുടെ ഫോണ്‍ തുറന്നു നോക്കാനുള്ള അവസരം രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നില്ല.) ഇത് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികളിലേക്കും പടരുന്നു. അപ്പോഴൊന്നും ഭാവിയില്‍ സ്വന്തം ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷത്തിനെക്കുറിച്ച് കുട്ടികള്‍ക്ക് അറിയില്ല. അത്രമാത്രം വേഗതയിലും സൂക്ഷ്മതയിലുമാണ് വിപണനവും ഉപയോഗവും സാധ്യമാക്കുന്നത്. കൈയിലെ മൊബൈല്‍ ഫോണ്‍ ഇതല്ലാം ഭംഗിയായി നിര്‍വഹിക്കുന്നു. ഇത് പലപ്പോഴും ഗ്രാമ ജീവിതത്തില്‍ പുറംലോകം അറിയാന്‍ വല്ലാതെ വൈകുന്നു.
ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് എത്തിച്ചേരുന്നവരില്‍ ഇത്തരം സൗകര്യങ്ങള്‍ പുതിയ വരുമാന മാർഗങ്ങളായി കൂടി മാറുന്നുണ്ട്. ഉപയോഗത്തിനൊപ്പം വിൽപ്പനയിലേക്ക് അവര്‍ തിരിയുന്നത് ലാഭത്തിനുവേണ്ടിയല്ല. മറിച്ച്, തങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ലഹരി വാങ്ങാനുള്ള പണത്തിനു വേണ്ടിയാണ്. ഇതാകട്ടെ നഗരത്തേക്കാള്‍ എളുപ്പത്തില്‍ ഗ്രാമ ജീവിതത്തില്‍ സാധ്യമായി. കൂടെ നടക്കുന്ന കൂട്ടുകാര്‍ക്ക് സുഖാനുഭവത്തിന്റെ ആദ്യ രുചി പകരുന്നു. പിന്നീട് അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ക്ക് ഉപയോഗത്തിന് വേണ്ടിയുള്ള പണസമ്പാദനം ആവശ്യമായി വരുന്നു. അങ്ങനെയവര്‍ മറ്റൊരു ഇരയെ കണ്ടെത്തുന്നു. ഇതൊരു ചങ്ങലയായി ഗ്രാമങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങി. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള വിൽപ്പനയാണ് പെണ്‍കുട്ടികള്‍ ആദ്യം തുടങ്ങുന്നത്. ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ പൊതുയിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവില്ല എന്നതാണ് പൊതുധാരണ. എന്നാല്‍ പെണ്‍കുട്ടികളെ ഇത്തരം വ്യവഹാരങ്ങളിലേക്ക് എത്തിക്കുക വഴി അവരിലൂടെ സുരക്ഷിതമായ വിൽപ്പന സാധ്യമാക്കി. ഇത് ലഹരി വിപണിക്ക് വലിയ ഉത്തേജനം നല്‍കി. അങ്ങനെ പെണ്‍കുട്ടികളെ വലയിലാക്കാനുള്ള നിരന്തരമായ കെണികള്‍ ഒരുക്കപ്പെട്ടു. അതാകട്ടെ പലപ്പോഴും ലഹരിയില്‍ മാത്രം ഒതുങ്ങാതെ ലൈംഗികചൂഷണം വരെ നീണ്ടു.

ചുരുക്കത്തില്‍ ഭാവി നാടിന്റെ വഴികാട്ടികളായി തീരേണ്ട കൗമാര ജീവിതങ്ങള്‍ അരക്ഷിത ജീവിതത്തിന്റെ ഇരുണ്ട ലോകത്തിലേക്ക് എത്തിച്ചേരുന്നു. അധികം വൈകാതെ പൊതുയിടങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത ലഹരി ഉപയോഗങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. അതോടുകൂടിയാണ് ലഹരി എങ്ങനെയൊക്കെ എവിടെയൊക്കെ അതിന്റെ സ്വാധീനം ഉറപ്പിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പൊതുസമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും മനസ്സിലാക്കുന്നത്. അപ്പോഴേക്കും ലഹരി സംബന്ധമായ ക്രിമിനല്‍ പശ്ചാത്തലം അതുണ്ടാക്കുന്ന കൊലപാതകങ്ങളും സമൂഹത്തില്‍ നിത്യസംഭവമായി. അത് തുടക്കത്തില്‍ ഞെട്ടലുണ്ടാക്കിയെങ്കിലും ഇന്ന് അതൊരു സ്വാഭാവികതയായി മാറുകയും പല വീടുകളിലും അത്തരമൊരു ക്രൈം പശ്ചാത്തലം നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയും ചെയ്യുന്നു. അത് ഉണ്ടാക്കുന്ന ഭയപ്പാടുകളെ സാക്ഷ്യപ്പെടുത്തുന്നുണ്ട് ലഹരിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍.

Content Highlights:
The rapid growth of information technology has transformed lifestyle choices but created critical vulnerabilities for the younger generation. Drug traffickers heavily exploit mobile communication and location sharing to coordinate illegal supplies between cities and remote villages. Implementing early digital literacy and strict parental guidance in schools and homes remains vital to counter this growing threat.

---- facebook comment plugin here -----

Latest