Connect with us

Editors Pick

വിറ്റാമിൻ ഡി ഗുളികകൾ കഴിച്ചിട്ടും ഫലം കിട്ടുന്നില്ലേ? നിങ്ങൾ വരുത്തുന്ന ഈ മൂന്ന് തെറ്റുകൾ തിരുത്തൂ...

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കൃത്യമായി ഫലം ചെയ്യാത്തതിന് പിന്നിൽ ഗുളികകളുടെ കുഴപ്പമല്ലെന്നും മറിച്ച് അത് കഴിക്കുന്ന രീതിയിലെ പോരായ്മകളാണെന്നും പ്രമുഖ ഹാർട്ട് ട്രാൻസ്പ്ലാന്റ് കാർഡിയോളജിസ്റ്റായ ഡോ ഡിമിട്രി യാരനോവ്

Published

|

Last Updated

ലോകമെമ്പാടുമുള്ള ശതകോടിയിലധികം ആളുകൾ വിറ്റാമിൻ ഡി കുറവ് നേരിടുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരീരത്തിൽ ഈ വിറ്റാമിന്റെ കുറവ് പരിഹരിക്കാൻ പലരും സപ്ലിമെന്റുകൾ അഥവാ ഗുളികകൾ ആശ്രയിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം സപ്ലിമെന്റുകൾ കഴിച്ചിട്ടും ശരീരത്തിൽ വിറ്റാമിൻ ഡി അളവ് വർധിക്കാറില്ല. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയാണ് പ്രമുഖ ഹാർട്ട് ട്രാൻസ്പ്ലാന്റ് കാർഡിയോളജിസ്റ്റായ ഡോ ഡിമിട്രി യാരനോവ്.

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കൃത്യമായി ഫലം ചെയ്യാത്തതിന് പിന്നിൽ ഗുളികകളുടെ കുഴപ്പമല്ലെന്നും മറിച്ച് അത് കഴിക്കുന്ന രീതിയിലെ പോരായ്മകളാണെന്നും അദ്ദേഹം പറയുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ തെറ്റായ ഡോസ് തിരഞ്ഞെടുക്കുന്നതും ശരീരത്തിൽ വിറ്റാമിൻ ആഗിരണം ചെയ്യാൻ ആവശ്യമായ മറ്റ് ഘടകങ്ങളുടെ കുറവുമാണ് ഇതിലേക്ക് നയിക്കുന്നത്. മാസങ്ങളോളം കൃത്യമായി ഗുളിക കഴിച്ചിട്ടും ലാബ് പരിശോധനകളിൽ വിറ്റാമിൻ ഡി ലെവൽ കുറവായി കാണിക്കുന്ന രോഗികളെ താൻ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആളുകൾ സാധാരണയായി വരുത്തുന്ന മൂന്ന് പ്രധാന തെറ്റുകൾ തിരുത്തിയാൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വെറും വയറ്റിൽ കഴിക്കരുത്

ആദ്യത്തെ തെറ്റ് വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുന്ന രീതിയിലാണ്. വിറ്റാമിൻ ഡി എന്നത് കൊഴുപ്പിൽ ലയിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത് ശരീരത്തിലേക്ക് ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണത്തിലെ കൊഴുപ്പ് ആവശ്യമാണ്. എന്നാൽ പലരും ഇത് വെറും വയറ്റിൽ കഴിക്കാറുണ്ട്. ഇത് വിറ്റാമിന്റെ ജൈവ ലഭ്യത അഥവാ ബയോഎവൈലബിലിറ്റി 50 ശതമാനത്തിലധികം കുറയ്ക്കും. മുട്ട, അവോക്കാഡോ, ഒലിവ് ഓയിൽ, നട്സ്, കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവയടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം സപ്ലിമെന്റ് കഴിക്കുന്നതാണ് ഇതിനുള്ള പരിഹാരം.

ശരിയായ ഡോസിൽ കഴിക്കുക

രണ്ടാമത്തെ തെറ്റ് തെറ്റായ ഡോസ് തിരഞ്ഞെടുക്കുന്നതാണ്. എല്ലാവർക്കും ഒരേ അളവിലുള്ള ഡോസ് ഫലപ്രദമാകണമെന്നില്ല. നിലവിലുള്ള വിറ്റാമിൻ അളവ് നിലനിർത്താൻ സഹായിക്കുന്ന സാധാരണ ഡോസുകൾ ശരീരത്തിലെ വലിയ തോതിലുള്ള കുറവ് പരിഹരിക്കാൻ പര്യാപ്തമാകില്ല. അതിനാൽ കൃത്യമായ രക്തപരിശോധനയിലൂടെ ശരീരത്തിലെ വിറ്റാമിൻ ഡി അളവ് മനസിലാക്കി അതിനനുസരിച്ചുള്ള ഡോസ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സ്വീകരിക്കുക.

മഗ്നീഷ്യം അളവ് ശ്രദ്ധിക്കുക

മൂന്നാമത്തെ തെറ്റ് മറ്റ് പ്രധാന പോഷകങ്ങളെ അവഗണിക്കുന്നതാണ്. ശരീരത്തിൽ വിറ്റാമിൻ ഡി കൃത്യമായി പ്രവർത്തിക്കണമെങ്കിൽ മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണെങ്കിൽ നിങ്ങൾ സ്ഥിരമായി സപ്ലിമെന്റുകൾ കഴിച്ചാലും വിറ്റാമിൻ ഡി സജീവമാകുകയോ ഫലപ്രദമായി ഉപയോഗിക്കപ്പെടുകയോ ഇല്ല.

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ചിട്ടും ഫലം കാണാത്തവർ ഡോസ് കൂട്ടുന്നതിന് മുൻപ് ഈ കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം ഗുളിക കഴിക്കുക, രക്തപരിശോധന നടത്തി കൃത്യമായ ഡോസ് ഉറപ്പാക്കുക, മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങൾ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ചെയ്യേണ്ടത്. ഈ മാറ്റങ്ങൾ വരുത്തിയാൽ 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ പ്രകടമായ പുരോഗതി കാണാൻ സാധിക്കുമെന്നും ഡോ യാരനോവ് വ്യക്തമാക്കുന്നു.

 

Content Highlights

Vitamin D supplements often fail due to incorrect intake, wrong dosage, and lack of magnesium. Heart surgeon Dr Dmitry Yaranov explains that taking it with healthy fats and checking blood levels can significantly improve absorption and correct deficiencies within 8 to 12 weeks.

Latest