Connect with us

International

വെനിസ്വേലയില്‍ ശക്തമായ ഭൂകമ്പം; 164 മരണം, 900ലധികം പേര്‍ക്ക് പരുക്ക്

ഒരു മിനിറ്റിനുള്ളില്‍ 7.5, 7.2 തീവ്രതയുള്ള രണ്ടു ഭൂചലനമാണ് ഉണ്ടായത്

Published

|

Last Updated

കാരക്കസ് | ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വെനിസ്വേലയില്‍ വ്യാപകനാശം.  164 പേര്‍ മരിക്കുകയും 900ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.2 തീവ്രതയുള്ള രണ്ടു ഭൂചലനമാണ് ഉണ്ടായത്. മരണ സംഖ്യ ഉയരാനാണ് സാധ്യത.

തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്.ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത ദുരന്ത നിവാരണ ഏജന്‍സിയായ യു എന്‍ ജി ആര്‍ ഡി തള്ളിക്കളഞ്ഞു. ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയെ നടുക്കി തുടര്‍ച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയില്‍ മാത്രം നാല് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു വീണു. ലാ ഗുവായറ നഗരത്തില്‍ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

മിറാന്‍ഡ, അരാഗ്വ, കാരബോബോ, ഫാല്‍ക്കണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.

ആദ്യ ഭൂചലനം 7.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് അറിയിച്ചു.

ദുരന്തത്തില്‍പ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്ക, ബ്രസീല്‍, ബൊളീവിയ, അര്‍ജന്റീന, ഉറുഗ്വേ, പനാമ എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കല്‍ സാമഗ്രികള്‍ അയക്കാന്‍ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു.

Content Highlights:
Two consecutive powerful earthquakes of 7.5 and 7.2 magnitude hit Venezuela leaving 164 dead and over 900 injured. The capital Caracas and surrounding states suffered widespread structural damage prompting an emergency declaration. Multiple nations including the US have offered urgent relief aid.

 

---- facebook comment plugin here -----

Latest