Ongoing News
പണ്ഡിത സഭയുടെ ചരിത്രവും വര്‍ത്തമാനവും അയവിറക്കി നേതാക്കള്‍
വ്യാജ ത്വരീഖത്തുകള്‍ക്കെതിരെതിയും പുത്തന്‍വാദികള്‍ക്കെതിരെയും സന്ധിയില്ലാത്ത സമരം നടത്തിയ സമസ്ത നേതാക്കളെ സമ്മേളനം അനുസ്മരിച്ചു.
സമസ്ത സ്ഥാപകദിന സമ്മേളനത്തിന് മുന്നോടിയായി സമസ്ത സെന്ററിൽ നേതാക്കൾ ചേർന്ന് പതാക ഉയർത്തുന്നു
കോഴിക്കോട് | ചരിത്രനിയോഗത്തിന് നിമിത്തമായ കോഴിക്കോട് ടൗണ്‍ഹാളില്‍ സുകൃതമായി സമസ്ത സ്ഥാപക ദിന സമ്മേളനം. അവിഭക്ത സമസ്തയിലെ അവശേഷിക്കുന്ന കണ്ണിയായ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ പണ്ഡിതരും സംഘടനാ കുടുംബത്തിലെ പ്രവര്‍ത്തകരും ഒത്തുകൂടി. സമൂഹത്തിന് ദിശാബോധം നല്‍കിയ പണ്ഡിതസഭയുടെ ചരിത്രവും വര്‍ത്തമാനവും അയവിറക്കി നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കി. 100 പിന്നിടുമ്പോള്‍ സാമൂഹിക പരിസ്ഥിതിയില്‍ മാറ്റിനിര്‍ത്താനാകാത്ത പണ്ഡിത സഭയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാറിയെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു. വ്യാജ ത്വരീഖത്തുകള്‍ക്കെതിരെതിയും പുത്തന്‍വാദികള്‍ക്കെതിരെയും സന്ധിയില്ലാത്ത സമരം നടത്തിയ സമസ്ത നേതാക്കളെ സമ്മേളനം അനുസ്മരിച്ചു.
ഇ സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുര്‍റഹ്മാന്‍ ബാവ മുസ്ലിയാര്‍ കോടമ്പുഴ, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, എം വി അബ്ദുര്‍റഹ്്മാന്‍ മുസ്ലിയാര്‍ പരിയാരം, മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പുറക്കാട്, ഐ എം കെ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, അലവി സഖാഫി കൊളത്തൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഒ കെ അബ്ദുര്‍റശീദ് മുസ്ലിയാര്‍, അബ്ദുല്ല അഹ്സനി ചെങ്ങാനി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, ഹസന്‍ ബാഖവി പല്ലാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധി
ഓര്‍മയില്‍ കണ്ഠമിടറി കാന്തപുരം ഉസ്താദ്
കോഴിക്കോട് | സമസ്തയില്‍ അംഗത്വം ലഭിച്ചതിനെ കുറിച്ചും മുന്‍കാല നേതാക്കളെ കുറിച്ചുമുള്ള ഓര്‍മയില്‍ വിതുമ്പി കാന്തപുരം ഉസ്താദ്. ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളില്‍ സമസ്ത സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഉസ്താദിന്റെ കണ്ണ് നിറഞ്ഞതും കണ്ഠമിടറിയതും.
സമസ്തയുടെ സാമൂഹിക ആവശ്യകതയെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രതിപാദിച്ച് തുടങ്ങിയ പ്രസംഗത്തില്‍ തനിക്ക് അംഗത്വം ലഭിച്ചത് ഉസ്താദ് ഓര്‍ത്തെടുത്തു. കോഴിക്കോട് ഹിദായത്തുസ്വിബിയാന്‍ മദ്റസയില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സമസ്തയുടെ ഔദ്യോഗിക പദവിയിലേക്ക് ഞാന്‍ വരുന്നത്. മര്‍ഹും അയനിക്കാട് ഇബ്റാഹീം മുസ്ലിയാര്‍ പ്രസിഡന്റും അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍ ജന. സെക്രട്ടറിയുമായ കോഴിക്കോട് ജില്ലാ സമസ്തയുടെ ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പൂനൂരിനടുത്ത കോളിക്കലില്‍ കൊരൂര്‍ ത്വരീഖത്തിനെതിരെ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ച സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞത് ഞാനായിരുന്നു. നാട്ടുകാരന്‍ എന്ന നിലക്കാണ് ഞാന്‍ സ്വാഗതം പറഞ്ഞത്. സമ്മേളനത്തിന് ശേഷം തന്നെ വിളിച്ച് ഞങ്ങളുടെ കൂടെ നീ സമസ്തയില്‍ പ്രവര്‍ത്തിക്കണമെന്ന് ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടെന്ന് പറയുമ്പോഴാണ് ഉസ്താദ് വിതുമ്പിയത്.
‘എന്തിനായിരുന്നു ഞങ്ങളെ അകറ്റിക്കളഞ്ഞത് എന്ന് വിചാരിക്കുമ്പോഴാണ് ഇപ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നത്. ഞങ്ങള്‍ അകന്നുപോയാല്‍ മാത്രമേ ഇവിടെ പുത്തന്‍ ആശയക്കാര്‍ക്ക് കടന്നുവരാന്‍ കഴിയൂ എന്ന് ചില ആളുകള്‍ മനസ്സിലാക്കിയതിന്റെ പേരിലാണ് അങ്ങനെ ഉണ്ടായ’തെന്നും ഉസ്താദ് പറഞ്ഞു. എങ്കിലും അന്ന് മുതല്‍ സമസ്തയുടെ എളിയ പ്രവര്‍ത്തകനായി ഞാന്‍ തുടരുകയാണെന്നും ഉസ്താദ് പറഞ്ഞു. സമസ്ത സ്ഥാപക നേതാക്കളുടെ ഈമാനും തഖ്വയുമാണ് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ വേദിയില്‍ ഒത്തുകൂടാന്‍ കാരണമായതെന്നും ഉസ്താദ് ഓര്‍മിപ്പിച്ചു.
Content Highlights:
Distinguished scholars and leaders gathered to reflect on the rich history and contemporary relevance of the Panditha Sabha. The event highlighted the organization’s historical milestones and its ongoing contributions to social development. Speakers emphasized the need to strengthen religious leadership for the future.



