International
ഒന്നിനെതിരെ രണ്ട്; ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോര്‍
മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോര്‍ നോക്കൗട്ട് സാധ്യത സജീവമാക്കി
ന്യൂജഴ്സി | ഫിഫ ലോകകപ്പില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് അട്ടിമറി ജയം. ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ 2-1നാണ് ഇക്വഡോറിന്റെ ജയം പജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്താകുമായിരുന്ന നിലയില്‍ നിന്നു മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോര്‍ നോക്കൗട്ട് സാധ്യത സജീവമാക്കി.അവസാന 32ല്‍ സീറ്റുറപ്പിച്ചാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. നേരത്തെ 2006ലാണ് അവര്‍ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. 2002, 2006, 2014, 2022, 2026 വര്‍ഷങ്ങളിലാണ് ഇക്വഡോര്‍ ഇതുവരെ ലോകകപ്പ് കളിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ജര്‍മനി ഒരു മിനിറ്റും 49 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ ലീഡെടുത്തു. അലക്സാണ്ടര്‍ പാവ്ലോവിചിയില്‍ നിന്ന് പന്ത് സ്വീകരിച്ച് ഫ്ളോറിയന്‍ വിയറ്റ്സിനു നല്‍കി. താരം ബോക്സില്‍ വച്ച് ലിറോയ് സനെയ്ക്ക് പന്ത് മറിച്ചു. സനെ നല്ല രീതിയില്‍ ഗോളാക്കി
ജര്‍മനിയുടെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ ലോകകപ്പ് ഗോളാണിത്. 1934ല്‍ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരിലാണ് അവര്‍ ഇതിലും വേഗതയില്‍ ഗോള്‍ നേടിയത്. അന്ന് കളി തുടങ്ങി 25 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ഏണസ്റ്റ് ലെഹ്നറിലൂടെ വല കുലുക്കി.
ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് അതിവേഗം തന്നെ ഇക്വഡോറിന്റെ മറുപടി ഗോള്‍ പിറന്നു. 9ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നില്‍സന്‍ ആംഗുലോ തൊടുത്ത ഷോട്ട് ജര്‍മന്‍ മധ്യനിരക്കാരന്‍ പാവ്ലോവിചിനേയും ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിനേയും മറികടന്ന് പോസ്റ്റിലായി.ഇതോടെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചു.
ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ ജര്‍മനി ലീഡിന് ശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം വെല്ലുവിളിയായി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നില.രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചു തന്നെ കളിച്ചു. അതിനിടെ ഹവെര്‍ട്സിനെ ഇക്വഡോര്‍ താരം ജോയര്‍ ഓര്‍ഡോണെസ് ഫൗള്‍ ചെയ്തതിനു ജര്‍മനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുന്നു. എന്നാല്‍ അതിനു മുന്‍പ് ലിറോയ് സനെ ഒരു ഇക്വഡോര്‍ താരത്തെ ഫൗള്‍ ചെയ്തിരുന്നു. വാര്‍ പരിശോധനയില്‍ ജര്‍മനിക്ക് പെനാല്‍റ്റിയും ഇക്വഡോറിനു ഫൗളിനുള്ള ഫ്രീകിക്കും അനുവദിച്ചില്ല
77ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് മാനുവല്‍ നൂയര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോണ്‍സാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികില്‍ നിന്നു ഫ്ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.
Content Highlights: Ecuador defeated Germany 2-1 in a thrilling FIFA World Cup Group E match to keep their knockout hopes alive. Leroy Sane scored an early goal for Germany, but Ecuador equalized through Nilson Angulo in the 9th minute. Gonzalo Plata sealed the historic victory with a 77th-minute winner.




