Connect with us

From the print

കോച്ചിംഗ് നിയന്ത്രണം; കേന്ദ്രം നിയമം കൊണ്ടുവരുന്നു

തീവ്രപരിശീലനം 12ാം ക്ലാസ്സിന് ശേഷം. കോച്ചിംഗ് പരിധി മൂന്ന് മണിക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുറുകളെ നിയന്ത്രിക്കാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ ഏകീകൃത നിയമം കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.

ജെ ഇ ഇ, നീറ്റ്, സി യു ഇ ടി പരീക്ഷകളില്‍ പരിഷ്‌കാരവും ഇതോടൊപ്പം കൊണ്ടുവരും. കോച്ചിംഗ് സെന്ററുകളിലെ ടോപ്പര്‍ പരസ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം വരും. കോച്ചിംഗ് സെന്ററുകള്‍ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തിലുണ്ടാകും. കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച യഥാര്‍ഥ വിജയ ശതമാനവും പ്രദര്‍ശിപ്പിക്കണം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മണിക്കൂര്‍ കോച്ചിംഗ് പരിധി നിശ്ചയിക്കും. പന്ത്രണ്ടാം ക്ലാസ്സിനു ശേഷം മാത്രമേ തീവ്ര കോച്ചിംഗ് ഉള്‍പ്പെടെ നല്‍കാന്‍ പാടുള്ളൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. ഡമ്മി സ്‌കൂളുകള്‍ തടയുന്നതിനായി സ്‌കൂളുകളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം നിര്‍ബന്ധമാക്കും.

സ്‌കൂളും കോച്ചിംഗ് സെന്ററും തമ്മിലുള്ള ദൂരപരിധി വ്യക്തമാക്കും. പ്രവേശന പ്പരീക്ഷകള്‍ ക്ലാസ്സ് മുറികളില്‍ നടക്കുന്ന പഠനവുമായി കൂടുതല്‍ അടുപ്പിക്കുക, കോച്ചിംഗ് ഇല്ലാത്തവര്‍ക്കും വിജയിക്കാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷകളുടെ രൂപഘടന മാറ്റുക തുടങ്ങിയവയും നിയമത്തില്‍ ഉള്‍പ്പെടും. കോച്ചിംഗ് സെന്ററുകള്‍ കാരണം പരീക്ഷകള്‍ മത്സരാധിഷ്ഠിതമായ രീതിയിലേക്ക് മാറിയിരിക്കുകയാണെന്നാണ് സമിതിയുടെ നിരീക്ഷണം.

പ്രവേശനപ്പരീക്ഷകള്‍ക്ക് കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറക്കുക, കോച്ചിംഗ് സെന്ററുകളിലെ സമ്മര്‍ദം കാരണമുണ്ടാകുന്ന കുട്ടികളിലെ ആത്മഹത്യാ പ്രവണത കുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതി ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

ഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാറുകളും കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

Content Highlights:
The central government is planning to introduce a strict legal framework to regulate coaching centers across India. The new rules aim to address issues like student stress, high fees, and lack of basic infrastructure in these institutes. This move is expected to bring significant changes to the private education sector.

 

Latest