Connect with us

Articles

അപ്പോൾ ആരാണ് ഇന്ത്യന്‍ പൗരൻ?

പാന്‍ കാര്‍ഡുകള്‍ വരുമാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും പാസ്സ്‌പോര്‍ട്ടുകള്‍ യാത്രക്കും വോട്ടര്‍ കാര്‍ഡുകള്‍ വോട്ട് ചെയ്യാനും ആധാര്‍ ബേങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മാത്രമാണെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖ എന്താണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതാണ്.

Published

|

Last Updated

ന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അനാവശ്യ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് പൗരത്വ രേഖയല്ല എന്നാണ് വിദേശ മന്ത്രാലയം പറയുന്നത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബേങ്ക് പാസ്സ്ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് ഇതോടൊപ്പം പാസ്സ്‌പോര്‍ട്ടും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് സ്ഥാപിക്കപ്പെടുകയാണ്. പതിനാലാമത് പാസ്സ്‌പോര്‍ട്ട് സേവാ ദിവസിനോടനുബന്ധിച്ച് രാജ്യത്തെ പാസ്സ്‌പോര്‍ട്ട് സേവനങ്ങളുടെ വ്യാപനത്തെയും നേട്ടങ്ങളെയും കുറിച്ച് വിവരിക്കുന്നതിനിടയിലാണ് വിദേശകാര്യ മന്ത്രാലയം ഞെട്ടിക്കുന്ന വിവരം പങ്കുവച്ചത്. പാസ്സ്‌പോര്‍ട്ട് വെറും യാത്രാരേഖ മാത്രമാണത്രെ. മോദി സര്‍ക്കാറിന്റെ നിഗൂഢ നീക്കത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

എസ് ഐ ആറുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലത്തില്‍ ആധാര്‍ കാര്‍ഡ് പൗരത്വ രേഖയല്ല എന്ന് ഭരണകൂടം വ്യക്തമാക്കുകയുണ്ടായി. ഭരണകൂടത്തിന്റെ വാദം പിന്നീട് സുപ്രീം കോടതിയും അംഗീകരിച്ചു. എന്നാല്‍ മറ്റു രേഖകളുമായി താരതമ്യപ്പെടുത്താവുന്ന ഒന്നല്ല പാസ്സ്പോര്‍ട്ട്. പല രേഖകളുടെയും പരിശോധനകള്‍ക്കും പോലീസ് അന്വേഷണത്തിനും ശേഷം നല്‍കുന്നതാണ് പാസ്സ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരനെ തിരിച്ചറിയാനുള്ള രേഖ കൂടിയാണ്. പാസ്സ്പോര്‍ട്ടില്‍ “റിപബ്ലിക് ഓഫ് ഇന്ത്യ’ എന്ന് വലിയ അക്ഷരത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് പൗരന് രാജ്യം നല്‍കുന്ന രേഖയാണ്. ഇന്ത്യന്‍ പൗരന് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിനൊപ്പം മറ്റൊരു രാജ്യത്തെ പാസ്സ്‌പോര്‍ട്ട് കൈവശം വെക്കാന്‍ അനുവാദമില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ മൂന്ന് പാസ്സ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേര ആരോപിച്ചതും അസം മുഖ്യമന്ത്രി ആരോപണം നിഷേധിച്ചതും പാസ്സ്പോര്‍ട്ടിനുള്ള സ്ഥാനം വ്യക്തമാക്കുന്നു. പാസ്സ്‌പോര്‍ട്ട് പൗരത്വ രേഖ അല്ലെങ്കില്‍ ആ വിവാദത്തിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ അസം മുഖ്യമന്ത്രി തന്നെയോ ചോദിച്ചില്ല. പാസ്സ്പോര്‍ട്ട് രാജ്യം നല്‍കുന്ന പ്രധാന രേഖയാണ്. പ്രസ്തുത രേഖ അപ്രധാനമായ ഒന്നാണെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതാണ്.

പൊടുന്നനെയുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവന ഒരു ഉദ്യോഗസ്ഥന്റെ വെറും വര്‍ത്തമാനമായി കാണേണ്ടതല്ല. 1967ലെ പാസ്സ്പോര്‍ട്ട് നിയമത്തിലെ വകുപ്പ് 20 പ്രകാരം ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിദേശ മന്ത്രാലയം പാസ്സ്പോര്‍ട്ട് പൗരത്വ രേഖയല്ല എന്ന വാദം സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വാദം അസ്ഥാനത്താണ്. 20ാം വകുപ്പ് കേന്ദ്ര സര്‍ക്കാറിന് ഈ അധികാരം നല്‍കിയത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്തരം പാസ്സ്പോര്‍ട്ടുകള്‍ നല്‍കുന്നത് അപൂര്‍വമായിട്ടാണ്. ഇതിനെ വിദേശ മന്ത്രാലയം സാമാന്യവത്കരിക്കുകയാണ്. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ ലഭിച്ച ഇന്ത്യക്കാരല്ലാത്തവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കും.

വോട്ടര്‍പ്പട്ടികാ തീവ്ര പരിഷ്‌കരണത്തിന്റെയും അതുവഴി വോട്ടു നിഷേധത്തിന്റെയും പശ്ചാത്തലം ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വോട്ടര്‍പ്പട്ടികാ തീവ്ര പരിഷ്‌കരണ സമയത്താണ് ആധാര്‍ കാര്‍ഡ് പൗരത്വ രേഖയല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തുടര്‍ന്ന് സുപ്രീം കോടതിയും വിധിയെഴുതിയത്. വോട്ടര്‍പ്പട്ടികാ പരിഷ്‌കരണത്തിന്റെ പേരില്‍ രാജ്യത്തെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ആറ് കോടി വോട്ടര്‍മാര്‍ പുറത്തായി. ഇതോടൊപ്പം വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന പശ്ചിമ ബംഗാളിലെ പുതിയ ബി ജെ പി സര്‍ക്കാറിന്റെ പ്രഖ്യാപനവും പുറത്തുവരികയുണ്ടായി. ആധാര്‍ കാര്‍ഡിനൊപ്പം പാസ്സ്പോര്‍ട്ടും പൗരത്വ രേഖയല്ല എന്ന വെളിപ്പെടുത്തല്‍ ആശങ്കാജനകമാണ്.

ഇന്ത്യന്‍ നിയമത്തില്‍ പൗരത്വം തെളിയിക്കാന്‍ കേന്ദ്രീകൃത വ്യവസ്ഥകളൊന്നുമില്ല. 1955ലെ നിയമപ്രകാരം ജനനം, വംശാവലി, രജിസ്ട്രേഷന്‍ തുടങ്ങിയവയാണ് പൗരത്വത്തിന്റെ അടിസ്ഥാനം. തദടിസ്ഥാനത്തില്‍ പൗരത്വം സ്ഥാപിക്കപ്പെടുന്നത് വിവിധ രേഖകളുടെ സംയോജനത്തിലൂടെയാണ്. പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ ഡി, ആധാര്‍, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഓരോന്നും പൗരത്വ രേഖയായി കണക്കാക്കപ്പെട്ടിരുന്നു. പൗരത്വ വിവാദം തുടങ്ങുന്നത് വോട്ടര്‍പ്പട്ടികകളുടെ തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ്.

ഇന്ത്യയിലെ നിലവിലെ ജനസംഖ്യ 146 കോടിയാണ്. അടുത്ത വര്‍ഷം സെന്‍സസ് പൂര്‍ത്തിയാകുമ്പോള്‍, ജനസംഖ്യ ഉയര്‍ന്നേക്കാം. എന്നാല്‍ ഈ 146 കോടി ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് പോലും മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് സ്ഥാപിക്കുന്ന രേഖകളില്ല. മോദിയുടെ കൈയില്‍ പോലും അങ്ങനെയൊരു രേഖയില്ല. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന് നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാറും തീരുമാനിക്കും. കാര്യത്തിന്റെ പോക്ക് അവിടേക്കാണ്. അവര്‍ക്ക് ഇഷ്ടമുള്ളവരെ പൗരന്മാരായി കണക്കാക്കാം. അല്ലാത്തവരുടെ പൗരത്വം നിഷേധിക്കുകയും ചെയ്യാം. തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് ഭരണ ശൈലി മോദി സര്‍ക്കാര്‍ തുടരുകയാണ്. രാജ്യത്ത് അപേക്ഷകര്‍ക്ക് പാസ്സ്പോര്‍ട്ട് അനുവദിക്കുന്നത് 1955ലെ നിയമപ്രകാരമാണ്. ഇതുമായി ബന്ധപ്പെട്ട് നിയമ പ്രശ്നങ്ങളോ മറ്റു തര്‍ക്കങ്ങളോ ഉയര്‍ന്നുവന്നിട്ടില്ല.

പാന്‍ കാര്‍ഡുകള്‍ വരുമാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും പാസ്സ്‌പോര്‍ട്ടുകള്‍ യാത്രക്കും വോട്ടര്‍ കാര്‍ഡുകള്‍ വോട്ട് ചെയ്യാനും ആധാര്‍ ബേങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മാത്രമാണെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖ എന്താണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതാണ്. നമ്മുടെ രാജ്യത്തെ പ്രഥമ പൗരനായ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും പക്കല്‍ ഇതല്ലാതെ പൗരത്വം തെളിയിക്കുന്ന എന്ത് രേഖയാണ് ഉള്ളതെന്ന് അറിയേണ്ടതുണ്ട്.

ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം, 1950 ജനുവരി 26നും 1987 ജൂലൈ ഒന്നിനും ഇടയില്‍ രാജ്യത്ത് ജനിച്ച ഒരോരുത്തരും ജനനം കൊണ്ട് ഇന്ത്യന്‍ പൗരനാണ്. ഈ കാലയളവില്‍ മാതാപിതാക്കള്‍ വിദേശികള്‍ ആണെങ്കില്‍ പോലും ഇവിടെ ജനിക്കുന്ന കുട്ടിയെ ഇന്ത്യന്‍ പൗരനായി അംഗീകരിച്ചിരുന്നു. എന്നാല്‍ 1987ല്‍ ഇതില്‍ ഭേദഗതി വരുത്തി. 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പൗരത്വം ലഭിക്കാന്‍ അവരുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവരായിരിക്കണമെന്ന വ്യവസ്ഥ വെച്ചു. 2004ല്‍ പൗരത്വ നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്തി. 2004 ഡിസംബര്‍ ഒന്നിന് ശേഷം ജനിക്കുന്നവരുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യക്കാരായിരിക്കണമെന്നാണ് നിലവിലെ പൗരത്വ നിയമത്തിലെ വ്യവസ്ഥ.

Content Highlights:
The Ministry of External Affairs stated that the Indian passport is merely a travel document and not a proof of citizenship. This announcement has triggered intense political debates and public anxiety across India. Critics view this move as part of a broader agenda linked to voter list revisions.

 

Latest