Kerala
അയോധ്യ ക്ഷേത്രക്കൊള്ള; അന്വേഷണം സംഘപരിവാര്‍ നേതാക്കളിലേക്ക്
അനില്‍ മിശ്രയേയും മറ്റ് ഭാരവാഹികളേയും ഉടന്‍ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി | അയോധ്യ ക്ഷേത്രക്കൊള്ള അന്വേഷണം സംഘപരിവാര്‍ നേതാക്കളിലേക്ക്. വി എച്ച് പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം സംഘപരിവാര്‍ നേതാക്കളിലേക്ക് നീങ്ങുന്നത്.
പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായിയുടെ വിശദമായ മൊഴിയെടുത്തത്. അനില്‍ മിശ്രയേയും മറ്റ് ഭാരവാഹികളേയും ഉടന്‍ ചോദ്യം ചെയ്യും. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നേതാക്കളെ ചോദ്യം ചെയ്യാത്തതിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എസ് ഐ ടി രൂപീകരിച്ചത് നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു വിമര്‍ശനം.
അയോധ്യ സംഭാവന തട്ടിപ്പില്‍ ചമ്പത് റായിയുടെ വിശ്വസ്തന്‍ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്.ചമ്പത് റായിയുടെ ഡ്രൈവറായ ടിനു യാദവിനായിരുന്നു കാണിക്ക പെട്ടികളുടെയും, പണം എണ്ണുന്ന മുറിയുടെയും ചുമതല നല്‍കിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. ചമ്പത് റായിയിലേക്ക് നേരിട്ടുള്ള കണ്ണിയായിട്ടും റായിയുടെ പങ്ക് എന്തെന്നത് കേന്ദ്രീകരിച്ച് ടിനുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം. ക്ഷേത്രത്തിലേക്ക് കോടികള്‍ ആഭരണമായും പണമായും ചമ്പത് റായി മുഖേനെയാണ് സംഭാവന നല്‍കിയതെന്ന് വ്യവസായികളും മൊഴി നല്‍കിയിരുന്നു.
ആരോപണ വിധേയനായതിനെ തുടര്‍ന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം ചമ്പത് റായിയും രാമക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും രാജി നല്‍കിയിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ചമ്പത് റായിയുടെ രാജി. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിരുന്നു. അയോധ്യ ക്ഷേത്രക്കൊള്ളക്കെതിരെ കര്‍സേവകരുടെ സംഘടനയായ ധര്‍മ്മസേന പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
Content Highlights:
The Special Investigation Team questioned VHP vice president Champat Rai regarding the massive Ayodhya temple donation scam. The probe is now expanding toward other high-profile Sangh Parivar leaders like Anil Mishra following severe opposition criticism. Rai’s close aide Tinu Yadav and seven others have been arrested so far.




