editorial
പാസ്സ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍
പാസ്സ്‌പോര്‍ട്ടിനെ പൗരത്വത്തിന്റെ തെളിവായി കാണാനാകില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖ മാത്രമാണ് ആധാറെന്ന് നേരത്തേ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇവിടെയാണ് ആ ചോദ്യമുയരുന്നത്. ഇന്ത്യന്‍ പൗരത്വത്തിന്റെ പ്രഖ്യാപന രേഖ എന്താണ്?
ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന് തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് പിറകേ വലിയ ചോദ്യങ്ങളും ആശങ്കകളും ഉയരുകയാണ്. വോട്ടര്‍പ്പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) സൃഷ്ടിച്ച ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ ആശങ്കകള്‍ക്ക് ഏറെ മാനങ്ങളുണ്ട്. എസ് ഐ ആര്‍ ആറ് കോടി മനുഷ്യരെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറന്തള്ളിയത്. എസ് ഐ ആറില്‍ നിന്ന് പുറത്തായവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ പശ്ചിമ ബംഗാളില്‍ നീക്കം തുടങ്ങിയിരിക്കുന്നു. എസ് ഐ ആറില്‍ നിന്ന് പുറത്തായവരില്‍ ചിലരുടെ പൗരത്വം പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കണം. വിദേശത്ത് നിന്ന് നുഴഞ്ഞുകയറിയവരെന്ന് സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ മാത്രമാണ് കൂടുതല്‍ പരിശോധന നടക്കുന്നതെന്നും മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് കമ്മീഷന്റെ വാദം.
എന്നാല്‍ വോട്ടര്‍പ്പട്ടിക ശുദ്ധീകരിച്ച ശേഷം അതിനപ്പുറത്തേക്ക് കമ്മീഷന്‍ പോകുന്നതെന്തിനാണ്? പൗരത്വത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നിരിക്കെ ആ പണി കമ്മീഷന്‍ എടുക്കുന്നത് ദുരൂഹമല്ലേ? വോട്ടര്‍പ്പട്ടികയില്‍ പേരില്ല എന്നത് പൗരത്വത്തില്‍ നിന്ന് തന്നെ ഇറക്കിവിടുന്നതിന് തുല്യമാണോ? വേഷപ്രച്ഛന്ന ദേശീയ പൗരത്വ രജിസ്റ്ററാണ് എസ് ഐ ആറെന്ന ആശങ്ക ബലപ്പെടുത്തുന്നതാണ് ഈ നീക്കം. എസ് ഐ ആറിന് ശേഷം വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്നതിനാല്‍ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കുന്നില്ലെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന്റെ അനുഭവം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അണിയറയില്‍ അപകടകരമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അതിനിടക്കാണ് പാസ്സ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
പാസ്സ്‌പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന് വിദേശകാര്യ വക്താവ് പ്രഖ്യാപിക്കുന്നത് അമിതാധികാര പ്രയോഗമാണെന്ന പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജിന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്. സാങ്കേതികമായി ഈ പ്രസ്താവനയില്‍ തെറ്റില്ലെങ്കിലും സൂക്ഷ്മാര്‍ഥത്തില്‍ അപകടകരമായ ധാരണയാണ് ഈ പ്രസ്താവനയുണ്ടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1967ലെ പാസ്സ്പോര്‍ട്ട് നിയമത്തിലെ 20ാം വകുപ്പ് പ്രകാരം ചില സവിശേഷ സാഹചര്യങ്ങളില്‍, പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരത്വമില്ലാത്ത ആള്‍ക്കും പാസ്സ്‌പോര്‍ട്ട് അനുവദിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ട്. ഇത് പൊതുവ്യവസ്ഥകള്‍ക്കുള്ള അപവാദം മാത്രമാണ്. 20ാം വകുപ്പ് അതിവിരളമായി മാത്രം കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്ന അധികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തിന്റെ സുപ്രധാന തെളിവായിത്തന്നെയാണ് ഇന്നാട്ടുകാര്‍ പാസ്സ്‌പോര്‍ട്ടിനെ ഉപയോഗിക്കുന്നതും ലോകരാജ്യങ്ങള്‍ അതിനെ കണക്കിലെടുക്കുന്നതും. ഈ പശ്ചാത്തലത്തില്‍ 20ാം വകുപ്പ് പ്രകാരം പൗരര്‍ അല്ലാത്തവര്‍ക്ക് നല്‍കുന്ന പാസ്സ്‌പോര്‍ട്ടുകള്‍ ഒഴിച്ച് മറ്റെല്ലാ പാസ്സ്‌പോര്‍ട്ടുകളും പൗരത്വത്തിനുള്ള തെളിവാണ് എന്ന് വ്യക്തമാക്കുകയാണ് വക്താവ് ചെയ്യേണ്ടിയിരുന്നത്.
ഇപ്പോഴത്തെ നിഷേധാത്മകമായ പ്രസ്താവന സൃഷ്ടിച്ച അസുഖകരമായ അവസ്ഥ അങ്ങനെ ഒഴിവാക്കാമായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍കാര്‍ഡ് എന്നിവപോലെ പാസ്സ്‌പോര്‍ട്ടും പൗരത്വം തെളിയിക്കാനുള്ള അംഗീകൃതവും വ്യവസ്ഥാപിതവുമായ രേഖകളില്‍പ്പെടുന്നതാണ്. ഈ ധാരണയെ അനവസരത്തിലും അകാരണമായും ചോദ്യം ചെയ്തതുവഴി സര്‍ക്കാര്‍ പൗരര്‍ക്കു നേരെ വെല്ലുവിളി നടത്തുകയാണ്. സ്വന്തം രാജ്യത്തെ പൗരരെ സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും മികച്ച സര്‍ക്കാറിന്റെ ലക്ഷണമല്ലെന്നും അഡ്വ. രാജ് വിശദീകരിക്കുന്നു. ഇന്ത്യയില്‍ പാസ്സ്പോര്‍ട്ട് വിതരണം ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന 1967ലെ പാസ്സ്പോര്‍ട്ട് നിയമം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് തന്നെ അപേക്ഷകന്‍ ഒരു ഇന്ത്യന്‍ പൗരനാണ് എന്ന ബോധ്യത്തിലാണ്.
ഈ നിയമത്തിലെ സെക്‌ഷന്‍ അഞ്ച് പ്രകാരം, അപേക്ഷ പരിശോധിച്ചും ആവശ്യമായ അന്വേഷണങ്ങള്‍ നടത്തിയും മാത്രമേ അധികാരികള്‍ക്ക് പാസ്സ്പോര്‍ട്ട് അനുവദിക്കാന്‍ വ്യവസ്ഥയുള്ളൂ. അതുപോലെ, സെക്‌ഷന്‍ 6(2)(എ) അനുസരിച്ച് അപേക്ഷകന്‍ ഇന്ത്യന്‍ പൗരനല്ലെന്ന് ബോധ്യപ്പെട്ടാല്‍ പാസ്സ്പോര്‍ട്ട് നിഷേധിക്കാനും അധികാരികള്‍ക്ക് പൂര്‍ണ അധികാരമുണ്ട്. അതായത്, ഒരു വ്യക്തിയുടെ പൗരത്വം പൂര്‍ണമായും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഭരണകൂടം പാസ്സ്പോര്‍ട്ട് നല്‍കുന്നത്.
എന്നാല്‍, പാസ്സ്പോര്‍ട്ട് നിയമം യാത്രാരേഖകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്; ഇന്ത്യന്‍ പൗരന്‍ ആരെന്ന് നിര്‍ണയിക്കുന്നത് 1955ലെ പൗരത്വ നിയമമാണ്; അതുകൊണ്ട് പാസ്സ്‌പോര്‍ട്ടിനെ പൗരത്വത്തിന്റെ തെളിവായി കാണാനാകില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖ മാത്രമാണ് ആധാറെന്ന് നേരത്തേ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇവിടെയാണ് ആ ചോദ്യമുയരുന്നത്. ഇന്ത്യന്‍ പൗരത്വത്തിന്റെ പ്രഖ്യാപന രേഖ എന്താണ്? ഈ പഴുതിലേക്ക് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) കൊണ്ടുവരാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ബി ജെ പി നീക്കം മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവും വനിതാ സംവരണവും സംബന്ധിച്ച ബില്ലുകള്‍ പാസ്സാക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതല്ല, എന്‍ ആര്‍ സി പാസ്സാക്കിയെടുക്കാനും കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. അസമിലാണ് എന്‍ ആര്‍ സിയുടെ മുന്‍ മാതൃകയുള്ളത്. അവിടെ 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 19 ലക്ഷത്തോളം പേര്‍ പുറത്തായി. ഈ പട്ടിക സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇങ്ങനെ പുറത്തായവരില്‍ മുസ്‌ലിമേതരര്‍ പൗരത്വ ഭേദഗതി പ്രകാരം പൗരത്വത്തില്‍ കടന്നുകയറുമെന്ന വസ്തുതയും മുന്നിലുണ്ട്. എങ്ങനെ നോക്കിയാലും മനുഷ്യാവകാശ ലംഘനങ്ങളുടെയും പുറന്തള്ളലിന്റെയും സങ്കീര്‍ണമായ സാഹചര്യങ്ങളാകും എൻ പി ആറും എന്‍ ആര്‍ സിയും സൃഷ്ടിക്കുക.
Content Highlights:
The Ministry of External Affairs clarified that the Indian passport is a travel document and not absolute proof of citizenship. This statement has triggered widespread concern across the country amid ongoing Special Intensive Revision voter list updates. Experts warn this approach mirrors NRC policies.



