Articles
സ്റ്റാര്‍മര്‍ വീണതെങ്ങനെ?
സാമ്പത്തികരംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം നടപ്പാക്കാനാകാത്തത് അദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനങ്ങള്‍ക്ക് നടുവിലേക്ക് തള്ളിവിട്ടു. പ്രധാനമന്ത്രിപദം പിടിക്കാന്‍ ജെറമി കോര്‍ബിനെപ്പോലുള്ളവരെ ഒതുക്കിയതും വലിയ ചര്‍ച്ചയായി.
രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് കെയ്‌ർസ്റ്റാര്‍മര്‍ നടത്തിയ പ്രസംഗം വലിയ പ്രതീക്ഷയോടെയാണ് ബ്രിട്ടീഷ് ജനത കേട്ടത്: “ഇത് ഓരോരുത്തരുടെയും സര്‍ക്കാറായിരിക്കും. വലിയൊരു ഭാരം ഇറക്കിവെച്ചിരിക്കുന്നു. ഇനി മാറ്റത്തിന്റെ നാളുകളാണ്. രാജ്യമാണ് ആദ്യം. പാര്‍ട്ടി പിന്നെയേ ഉള്ളൂ. എല്ലാ സമുദായങ്ങള്‍ക്കും അന്തസ്സ് നല്‍കും. എല്ലാവര്‍ക്കും തുല്യ അവസരം ലഭ്യമാകും. എന്നാല്‍ രാജ്യത്തെ മാറ്റുകയെന്നത് സ്വച്ചിട്ട പോലെ സത്വരം നടപ്പാക്കാവുന്ന ഒന്നല്ല’ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം സൃഷ്ടിച്ച അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധികളും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടനെ വേര്‍പ്പെടുത്തിയ ബ്രെക്‌സിറ്റിന്റെ ആഘോതവുമെല്ലാം വകഞ്ഞു മാറ്റി പുതിയ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ സ്റ്റാര്‍മര്‍ എന്ന മനുഷ്യാവകാശ അഭിഭാഷകന് സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കാലാവധി തികക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്ക് മറ്റൊരു പേരുകാരനായി സ്റ്റാര്‍മറും പിടിയിറങ്ങിയിരിക്കുന്നു. പത്ത് വര്‍ഷത്തിനിടക്ക് ഏഴാമത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍ക്ക് പിന്‍ഗാമിയായി വരിക.
ലേബര്‍ പാര്‍ട്ടിക്ക് ബദല്‍ മുന്നോട്ടുവെക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ടുവെന്ന പേരുദോഷം ബാക്കിയാക്കിയാണ് സ്റ്റാര്‍മര്‍ പദവി വിട്ടിറങ്ങുന്നത്. കണ്‍സര്‍വേറ്റുകള്‍ 121 സീറ്റില്‍ ഒതുങ്ങിയ രണ്ട് വര്‍ഷം മുമ്പത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 412 സീറ്റിന്റെ ആധികാരിക വിജയവുമായി 10 ഡൗണിംഗ് സ്ട്രീറ്റിന്റെ പടികയറിയ കെയ‌്ർ സ്റ്റാര്‍മര്‍ക്ക് ഇത്ര വലിയ ഒരു മാന്‍ഡേറ്റുണ്ടായിട്ടും പകുതിക്ക് വെച്ച് ഇറങ്ങിപ്പോകേണ്ടിവന്നത് എന്തുകൊണ്ടാണ്? എവിടെയാണ് അദ്ദേഹത്തിന് പിഴച്ചത്? ലേബര്‍ പാര്‍ട്ടിയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും എന്താണ് സംഭവിക്കുന്നത്?
സാമ്പത്തികരംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം നടപ്പാക്കാനാകാത്തത് അദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനങ്ങള്‍ക്ക് നടുവിലേക്ക് തള്ളിവിട്ടു. പ്രധാനമന്ത്രിപദം പിടിക്കാന്‍ ജെറമി കോര്‍ബിനെപ്പോലുള്ളവരെ ഒതുക്കിയതും വലിയ ചര്‍ച്ചയായി. ലേബര്‍ ക്യാമ്പിലെ അതൃപ്തര്‍ സ്റ്റാര്‍മര്‍ക്കെതിരെ തിരിഞ്ഞു തുടങ്ങിയിരുന്നു. ഈയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി കൂടിയായതോടെ പിടിച്ചു നില്‍ക്കാന്‍ സ്റ്റാര്‍മര്‍ക്ക് സാധിച്ചില്ല. ബ്രീട്ടീഷ് രാഷ്ട്രീയത്തില്‍ അതിവേഗം ശക്തിസംഭരിക്കുന്ന തീവ്രവലതുപക്ഷ, കുടിയേറ്റവിരുദ്ധ യുക്തികളെ പ്രതിരോധിക്കാന്‍ ഇടതു നയങ്ങള്‍ പിന്തുടരുന്നുവെന്ന് കരുതപ്പെടുന്ന ലേബര്‍ പാര്‍ട്ടിക്ക് പോലും സാധിക്കുന്നില്ല എന്നതാണ് വസ്തുത. അത് സ്റ്റാര്‍മറുടെ മാത്രം പ്രശ്‌നമാണെന്ന് തോന്നുന്നില്ല. മേയ് ഏഴിന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേരിട്ടത് ദയനീയ തോല്‍വിയാണ്. ഇംഗ്ലണ്ടിലെ 136 കൗണ്‍സിലിലെ 5,000 സീറ്റുകളില്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 1,498 സീറ്റാണ് കുറഞ്ഞത്. രണ്ട് സീറ്റുമാത്രമുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെയാകട്ടെ 1,452 സീറ്റ് നേടി. വെയില്‍സില്‍ ഒരു നൂറ്റാണ്ടായി ഭരണം നടത്തുന്ന ലേബറിന് ആദ്യമായി അധികാരം നഷ്ടപ്പെട്ടു. മറ്റു ചില ലേബര്‍ കേന്ദ്രങ്ങള്‍ ഗ്രീന്‍ പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തു.
ലേബര്‍ പാര്‍ട്ടിയുടെയും ടോറികളുടെയും (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) നഷ്ടങ്ങളിലേക്ക് കടന്നുകയറുന്നത് റിഫോം യു കെയെപ്പെലുള്ള മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ അതിദേശീയതാവാദികളാണ്. നിഗല്‍ ഫരാഷിന്റെ റിഫോം യു കെ പാര്‍ട്ടി പ്രാദേശിക തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഒറ്റയടിക്ക് സംഭവിച്ചതല്ല. സ്റ്റാര്‍മറെ അധികാരത്തിലേറ്റുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തൂത്തെറിയുകയും ചെയ്ത 2024ലെ ദേശീയ തിരഞ്ഞെടുപ്പില്‍ തന്നെ റിഫോം യു കെയുടെ മുന്നേറ്റം ദൃശ്യമായിരുന്നു. അന്ന് കണ്‍സര്‍വേറ്റുകള്‍ക്ക് 20 ശതമാനത്തിലേറെ വോട്ട് നഷ്ടപ്പെട്ടു. ഇതില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ലേബറുകള്‍ക്ക് കിട്ടിയുള്ളൂ. നേട്ടം കൊയ്തത് റിഫോം യു കെയായിരുന്നു. അന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ഈ പാര്‍ട്ടി 14 ശതമാനം വോട്ട് നേടി. റിഫോം യു കെക്ക് അന്ന് അഞ്ച് സീറ്റേ നേടാനായുള്ളൂവെങ്കിലും മിക്ക മണ്ഡലങ്ങളിലും അവര്‍ സാന്നിധ്യമറിയിച്ചിരുന്നു. പക്കാ വര്‍ഗീയവാദി പാര്‍ട്ടിയാണിത്. കുടിയേറ്റവിരുദ്ധതയെ മുസ്‌ലിംവിരുദ്ധതയായി മാറ്റുകയാണ് ഇവര്‍ ചെയ്തത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം രാജ്യത്തെ കറുത്ത വര്‍ഗക്കാരും മുസ്‌ലിംകളുമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. സയണിസ്റ്റുകളെ ക്രൂരമായി ന്യായീകരിക്കുന്നവരുമാണിവര്‍.
ഈ പാര്‍ട്ടിയുടെ മുന്നേറ്റം പരമ്പരാഗത പാര്‍ട്ടികളെയും നേതാക്കളെയും വലിയ ആശയക്കുഴപ്പത്തിലാക്കി. സ്റ്റാര്‍മറടക്കമുള്ളവര്‍ തീവ്ര രാഷ്ട്രീയത്തിന്റെ നേര്‍പ്പിച്ച പതിപ്പുകള്‍ തേടുകയായിരുന്നു. ഇന്ത്യയില്‍ തീവ്രഹിന്ദുത്വയെ നേരിടാന്‍ മൃദുഹിന്ദുത്വ എടുത്തണിയുന്നതുപോലുള്ള വിഡ്ഢിത്തമാണത്. ഫലസ്തീന്‍ ആക്ടിവിസ്റ്റുകളോടുള്ള സ്റ്റാര്‍മറുടെ സമീപനം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഫലസ്തീന്‍ ആക്ടിവിസ്റ്റുകളുടെ സംഘടനയെ തീവ്രവാദി പട്ടികയിലുള്‍പ്പെടുത്തിയ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയം ബലികഴിക്കുകയായിരുന്നു. സിവില്‍ സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. കുടിയേറ്റം നിയന്ത്രിക്കുകയും മുസ്‌ലിംകള്‍ക്ക് മേല്‍ കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍മറെയാണ് ഒടുവില്‍ കണ്ടത്. തീവ്രവലതുപക്ഷ ആശയഗതികളെ പ്രതിരോധിക്കേണ്ടത് അതിന് വിപരീതത്തില്‍ നില്‍ക്കുന്ന ജനാധിപത്യവും മാനവികതയും ഉയര്‍ത്തിയാകണമെന്ന പാഠം മാറ്റിവെച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വന്‍ രോഷം ഏറ്റുവാങ്ങുകയായിരുന്നു സ്റ്റാര്‍മര്‍.
ലേബര്‍ പാര്‍ട്ടി സര്‍ക്കാറുകളുടെ മുഖമുദ്രയായ സാമൂഹിക ക്ഷേമ പദ്ധതികള്‍ കൈയൊഴിഞ്ഞതും സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു. പെന്‍ഷന്‍കാര്‍ക്ക് ശൈത്യകാലത്ത് നല്‍കിയിരുന്ന അലവന്‍സ് അദ്ദേഹം നിര്‍ത്തലാക്കിയിരുന്നു. കടുത്ത പ്രതിഷേധത്തിനൊടുവില്‍ യു ടേണിന് തയ്യാറായെങ്കിലും അതുണ്ടാക്കിയ പേരുദോഷം മാഞ്ഞുപോയില്ല. സ്റ്റാര്‍മറുടെ മുന്‍ഗണനകള്‍ കോര്‍പറേറ്റുവത്കരിക്കപ്പെട്ടുവെന്ന വിമര്‍ശം ശക്തമാകാന്‍ ഇത്തരം നയങ്ങള്‍ കാരണമായി. ഭിന്ന ശേഷിക്കാര്‍ക്കുള്ള അലവന്‍സുകളിലും സ്റ്റാര്‍മര്‍ കൈവെച്ചു. വരും വര്‍ഷങ്ങളില്‍ രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 100 ബില്യണ്‍ പൗണ്ട് ചെവിടേണ്ടി വരുമെന്നും ഇത് നിയന്ത്രിച്ചേ തീരൂവെന്നുമായിരുന്നു സ്റ്റാര്‍മറുടെ നിലപാട്. വിവിധ കാറ്റഗറികളാക്കി മാറ്റി ആനുകൂല്യം നിയന്ത്രിക്കുന്ന മോഡല്‍ അദ്ദേഹം മുന്നോട്ട് വെക്കുകയും ചെയ്തു. വമ്പന്‍ പ്രതിഷേധമാണ് ഇത് ക്ഷണിച്ചുവരുത്തിയത്. നികുതി നയത്തിലും ലേബര്‍ പാരമ്പര്യം സ്റ്റാര്‍മര്‍ കളഞ്ഞുകുളിച്ചു. ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ്, വെല്‍ത്ത് ടാക്‌സ് തുടങ്ങിയ പ്രത്യക്ഷ നികുതികളും സമ്പന്ന വിഭാഗത്തിന് മേലുള്ള നികുതികളും പരിഷ്‌കരിക്കുകയായിരുന്നു സ്റ്റാര്‍മര്‍. ഈ വിഭാഗത്തിന് മേല്‍ കൂടുതല്‍ നികുതി ചുമത്തി സര്‍ക്കാറിന്റെ ധനസ്ഥിതി ഭദ്രമാക്കണമെന്ന ലേബര്‍ നേതാക്കളുടെ നിര്‍ദേശം അദ്ദേഹം ചെവികൊണ്ടില്ല. പ്രതിരോധച്ചെലവ് കുത്തനെ കൂട്ടുകയെന്ന ശാഠ്യവും അ
ദ്ദേഹം തുടർന്നു.
ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാടുകളാണ് സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താകുന്നതില്‍ ഏറ്റവും ശക്തമായ കാരണമായത്. നിരവധി തവണ അദ്ദേഹം ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തെ ന്യായീകരിച്ചു. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന ചിരപുരാതന സയണിസ്റ്റ് ന്യായീകരണം പോലും അദ്ദേഹം ആവര്‍ത്തിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുകയും ചെയ്ത സ്റ്റാര്‍മര്‍ ഈ സൗമനസ്യത്തെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഇസ്‌റാഈലിന് നിരീക്ഷണ സംവിധാനങ്ങളടക്കമുള്ള സൈനിക സഹായം നല്‍കി. ഗസ്സക്ക് മേല്‍ ചുമത്തിയ ക്രൂരമായ ഉപരോധം ശരിയാണെന്ന് അദ്ദേഹം വാദിച്ചു. സ്വന്തം വിദേശകാര്യ സെക്രട്ടറി ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങളെകുറിച്ച് അന്താരാഷ്ട്ര വേദിയില്‍ സംസാരിച്ചപ്പോള്‍ അതിന് വിപരീത നിലപാടെടുത്തു സ്റ്റാര്‍മര്‍. ബ്രിട്ടീഷ് ഫലസ്തീന്‍ ആക‌്ഷന്‍ സമിതിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച സ്റ്റാര്‍മര്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവിരുദ്ധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ നയങ്ങളെല്ലാം രാജ്യത്തെ തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് വളമാകുകയായിരുന്നു. സ്വന്തം കാബിനറ്റില്‍ നിന്ന് പ്രതിരോധമന്ത്രി ജോണ്‍ ഹീലി, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവര്‍ രാജിവെച്ച് പോകുന്ന സ്ഥിതിയുണ്ടായി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ സ്റ്റാര്‍മറും രാജിവെച്ചൊഴിഞ്ഞു.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മുന്‍ മേയറും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം പിയുമായ ആന്‍ഡി ബേണ്‍ഹാമായിരിക്കും സ്റ്റാര്‍മറുടെ പിന്‍ഗാമിയെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നേതൃ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത് ബേണ്‍ഹാമിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മേക്കര്‍ഫീല്‍ഡ് മണ്ഡലത്തിലെ ലേബര്‍ എം പി ജോഷ് സൈമണ്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയാണ് ബേണ്‍ഹാമിനെ പാര്‍ലിമെന്റിലെത്തിച്ചത്. റിഫോം യു കെ സ്ഥാനാര്‍ഥിയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതിന്റെ വീരപരിവേഷം ബേണ്‍ഹാമിനുണ്ട്.



