National
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; തുരങ്കത്തില്‍ കുടുങ്ങിയവരില്‍ 16 പേരെ പുറത്തെത്തിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ആറുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരുന്ന ഭാഗത്തേക്ക് പൊടുന്നനെ പാറക്കല്ലുകളും വെള്ളവും ഇരച്ചെത്തുകയായിരുന്നു.
ചമോലി | ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ മണ്ണിടിച്ചില്‍. ഇതേ തുടര്‍ന്ന് 22ഓളം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഇവരില്‍ 16 പേരെ രക്ഷാസംഘം സുരക്ഷിതമായി പുറത്തെത്തിച്ചു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരുന്ന ഭാഗത്തേക്ക് പൊടുന്നനെ പാറക്കല്ലുകളും വെള്ളവും ഇരച്ചെത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി (HCC) തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പിപ്പല്‍ക്കോട്ടി മേഖലയിലാണ് സംഭവം. തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (THDC) ആണ് തുരങ്ക നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും ഉടന്‍ സ്ഥലത്തെത്തി വിപുലമായ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഗോപേഷ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും, അവിടെ അവര്‍ക്ക് വൈദ്യപരിശോധനയും ആവശ്യമെങ്കില്‍ ചികിത്സയും നല്‍കുമെന്നും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഊര്‍ജിതമാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ ദുരന്ത പ്രതികരണ സേന (ചഉഞഎ), സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) എന്നിവയുടെ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടവും മറ്റ് വകുപ്പുകളും ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം ഉറപ്പാക്കണമെന്നും ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദേശീയ വകുപ്പുകളിലെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് നിരന്തരം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ധാമി വ്യക്തമാക്കി.
Content Highlights:
Six workers are trapped inside a tunnel following a massive landslide in Uttarakhand’s Chamoli district. Rescue teams have reached the site and continuous operations are underway to safely evacuate them. Authorities are closely monitoring the situation as emergency rescue work continues.


