Ongoing News
റൊണാൾഡോയ്ക്ക് നിരാശ; കൊളംബിയക്കെതിരായ ലോകകപ്പ് പോരാട്ടം ഗോൾരഹിത സമനിലയിൽ
ലോകകപ്പ് ചരിത്രത്തിൽ കൊളംബിയ ആദ്യമായാണ് ഒരു മത്സരം ഗോൾരഹിത സമനിലയിൽ അവസാനിപ്പിക്കുന്നത്.
മിയാമി | ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ പോർച്ചുഗലും കൊളംബിയയും നേർക്കുനേർ വന്ന ആവേശപ്പോരാട്ടം ഗോൾരഹിത സമനിലയിൽ (0-0) കലാശിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗലിന് കൊളംബിയൻ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. ഈ സമനിലയോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊളംബിയ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
മിയാമിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയിൽ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന് ലഭിച്ച സുവർണ്ണ അവസരം മുതലാക്കാനായില്ല. കൊളംബിയൻ ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കൊളംബിയ മൂന്ന് ഷോട്ടുകൾ ഗോൾപോസ്റ്റിലേക്ക് ഉതിർത്തു മികച്ച ആധിപത്യം പുലർത്തിയിരുന്നു. റൂബൻ നെവസിന്റെ മികച്ച ഗോൾലൈൻ ക്ലിയറൻസാണ് ആദ്യ പകുതിയിൽ പോർച്ചുഗലിനെ രക്ഷിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി ആക്രമണം ശക്തമാക്കി. 59-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ പാസിൽ നിന്ന് ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തേക്കടിച്ചു കളഞ്ഞു. എന്നാൽ താരം ഓഫ്സൈഡ് കൂടിയായിരുന്നു. തുടർന്ന് ലൂയിസ് ഡയസിന്റെ നേതൃത്വത്തിൽ കൊളംബിയ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇൻജുറി ടൈമിൽ കൊളംബിയയുടെ ഡാവിൻസൺ സാഞ്ചസ് പോർച്ചുഗൽ വല കുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ ഓഫ്സൈഡ് എന്ന് കണ്ടെത്തി ഗോൾ നിഷേധിക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ കൊളംബിയ ആദ്യമായാണ് ഒരു മത്സരം ഗോൾരഹിത സമനിലയിൽ അവസാനിപ്പിക്കുന്നത്. വരും റൗണ്ടിൽ കൊളംബിയ ശനിയാഴ്ച ഘാനയെയും പോർച്ചുഗൽ വെള്ളിയാഴ്ച ടൊറന്റോയിൽ ക്രോയേഷ്യയെയും നേരിടും.
Content Highlights:
Portugal and Colombia played out a tense 0-0 draw in their FIFA World Cup 2026 Group K clash in Miami. Cristiano Ronaldo failed to inspire Portugal as Colombia dominated long stretches of the match. A dramatic late winner by Davinson Sanchez for Colombia was ruled out by VAR in stoppage time for an offside. With this result, Colombia topped the group and will face Ghana, while Portugal finished second and will meet Croatia.


