Kerala
ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍, യുവതിയുടെ ശരീരത്തിൽ 13 മുറിവുകൾ
ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം| ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശിയായ അതുല്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. വര്‍ക്കല സ്വദേശിനി ആരതിയെ (27) ആണ് ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടില്‍ ഇന്നലെ വൈകീട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്‌സാപ്പില്‍ അയച്ചു നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ആരതിയുടെ ശരീരത്തില്‍ 13 മുറികള്‍ കണ്ടെത്തിയതായി പോലീസും അറിയിച്ചു. സ്ത്രീധനമായി ലഭിച്ച സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച മകളെ ഫോണില്‍ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുല്‍
വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരതിയുടെ അമ്മ ജിനുവാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.
Content Highlights:
Varkala native Aarathi was found dead in her rented house at Attukal following severe domestic abuse. Her husband Atul Sreekumar was arrested after the victim’s family shared photos of physical assault sent via WhatsApp. Police discovered 13 injury marks on her body and charged the accused with abetment to suicide.


