Connect with us

From the print

ഇനി തൊഴിലുറപ്പില്ല; വി ബി ജി റാംജി പ്രാബല്യത്തില്‍

പുതിയ പദ്ധതി സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ചരിത്രമായി. പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍, ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി ബി ജി റാംജി) പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലായി.

വിയോജിപ്പ് ഉന്നയിച്ച കേരളം, കര്‍ണാടക, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്. പേര് മാറ്റത്തിനൊപ്പം, പദ്ധതി വിഹിതം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ വഹിച്ചിരുന്ന പദ്ധതി, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാക്കിയാണ് മാറ്റിയത്. പുതിയ പദ്ധതിയില്‍ 40 ശതമാനം വിഹിതം സംസ്ഥാനം വഹിക്കണം. 125 ദിവസം തൊഴിലാണ് പുതിയ പദ്ധതിയില്‍ കേന്ദ്രം ഉറപ്പുപറയുന്നത്. സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ ബാധ്യത കെട്ടിവെച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍. ഇവ കായികാധ്വാനം വേണ്ട പ്രവൃത്തികളായതിനാല്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസ്സിനു മുകളിലുള്ളവരാണ്.

പുതിയ നിയമം അനുസരിച്ച്, സ്വകാര്യ വ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികള്‍ അനുവദിക്കില്ല. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍, കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയില്‍ അവര്‍ ഭൂനികുതി രസീത് സമര്‍പ്പിച്ച് അപേക്ഷിച്ചാല്‍ നിലമൊരുക്കല്‍, കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ചെയ്തിരുന്നു. ഇനി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യാനാകൂ.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴില്‍ സ്വകാര്യ വ്യക്തികള്‍ക്കു വീട് നിര്‍മാണം പോലുള്ള പദ്ധതികള്‍ക്ക് പുതിയ നിയമത്തിന് കീഴില്‍ അനുമതിയുണ്ട്. പദ്ധതിക്കെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന തെലങ്കാനയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്.

Content Highlights:
The long-standing employment guarantee scheme faces a major transformation as the new VBG Ramji regulations officially come into effect. This implementation marks a significant shift in rural labor management and employment policies. Authorities have stated that the new guidelines will restructure worker allocations and project funding.

 

Latest