articles
കേരളത്തിന് മികച്ച പബ്ലിക് ഹെല്‍ത്ത് പോളിസിയുണ്ടോ?
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ മേന്മയില്‍ നമ്മള്‍ അഭിമാനം കൊള്ളുമ്പോഴും മണ്‍സൂണ്‍ പോലുള്ള സാഹചര്യങ്ങളില്‍ നമ്മള്‍ വീണുപോകുകയാണ്. ഈ ആരോഗ്യ അടിയന്തരാവസ്ഥക്ക് മഴയെ പഴിച്ചിട്ട് കാര്യമില്ല. മാറിയ കാലാവസ്ഥക്ക് അനുസൃതമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്തി പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ഇത്രയധികം പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും കേരളത്തിന് വ്യക്തമായ ഒരു പബ്ലിക് ഹെല്‍ത്ത് പോളിസി ഇല്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഡോ. ഷഹബാസ് നൂറാനി
മനുഷ്യന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ അവന്റെ ചുറ്റുപാടിനും കാലാവസ്ഥക്കും വലിയ പങ്കുണ്ട്. മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടിനും കാലാവസ്ഥക്കും അനുസൃതമായി അവനില്‍ ഉണ്ടാകാനുള്ള രോഗസാധ്യതകളും വ്യത്യാസപ്പെടും. കേരളത്തില്‍ തുടര്‍ച്ചയായി മാറിവരുന്ന ഋതുക്കളും കുറച്ചുനാളുകളായി കണ്ടുകൊണ്ടിരിക്കുന്ന താളം തെറ്റിയ കാലാവസ്ഥയും മലയാളിയുടെ ആരോഗ്യനിലയില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ പടരാന്‍ അനുകൂലമായ സാഹചര്യങ്ങളും കാലാവസ്ഥയെ പരിഗണിക്കാതെയുള്ള ജീവിതശൈലിയുമാണ് ആരോഗ്യ മേഖലയെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കാനുള്ള മുഖ്യഹേതു. ആരോഗ്യ മേഖല ഏറ്റവും കൂടുതല്‍ താളം തെറ്റുന്നത് വര്‍ഷകാലത്താണ്. ജൂണ്‍ മാസത്തില്‍ തുടങ്ങി നവംബര്‍ മാസം വരെ നിലനില്‍ക്കുന്ന കേരളത്തിലെ മണ്‍സൂണിന്റെ നീണ്ട കാലയളവ് രോഗവ്യാപനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്.
മഴക്കാലത്ത് കാണപ്പെടുന്ന രോഗങ്ങള്‍ മഴ ഉണ്ടാകുമ്പോള്‍ മാത്രം ഉണ്ടാകുന്നതല്ല, മറിച്ച് വര്‍ഷകാലത്ത് ചില രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് മാത്രമേയുള്ളൂ. ഇതിനാല്‍ തന്നെ രോഗങ്ങളുടെ മൂലകാരണം മഴയല്ലെന്ന് മനസ്സിലാക്കാം. ജലജന്യ രോഗങ്ങള്‍, കൊതുകജന്യ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, സന്ധി രോഗങ്ങള്‍ എന്നിവയാണ് പൊതുവെ മഴക്കാലത്ത് കൂടുതലായി കാണപ്പെടാറുള്ളത്. ശക്തമായ മഴ, വെള്ളപ്പൊക്കം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതാണ് കോളറ, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി പോലുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. ജലാശയങ്ങളിലെ വെള്ളം ശുചീകരിക്കാതെ ഉപയോഗിക്കുന്നതും രോഗ വ്യാപനത്തെ കുറിച്ചുള്ള അറിവില്ലായ്മയും ഇത്തരം രോഗങ്ങളിലേക്ക് നയിക്കും.
നിലവില്‍ കേരളം പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ജലജന്യ രോഗമായ ഷിഗെല്ലയാണ്. കഴിഞ്ഞ വര്‍ഷത്തെ ജൂണിലെ കണക്കിനേക്കാള്‍ ഈ വര്‍ഷം അത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. നാല് വകഭേദമുള്ള ഷിഗെല്ല ബാക്ടീരിയ കൂടുതലായും ബാധിക്കുന്നത് കുട്ടികളെയാണ്. എന്നാല്‍ പ്രായഭേദമന്യേ എല്ലാവരിലും രോഗമുണ്ടാകാം. വ്യക്തിശുചിത്വം പാലിക്കുക, കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്നത് കൊണ്ട് തന്നെ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുക എന്നിവയാണ് പ്രതിവിധി. ഇത് തന്നെയാണ് മറ്റ് ജലജന്യ രോഗങ്ങളും തടയാനുള്ള മാര്‍ഗം.
മഴക്കാലത്ത് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം വര്‍ധിക്കുന്നതാണ് കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്കാ വൈറസ് തുടങ്ങിയവ മണ്‍സൂണ്‍ കാലത്ത് അമിതമായി കാണാന്‍ ഇടയാക്കുന്നത്. 2024ല്‍ 20,000 ഡെങ്കിപ്പനി കേസുകളാണ് കേരളത്തില്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 200ലധികം പേര്‍ മരിക്കാന്‍ ഇത് കാരണമാകുകയും ചെയ്തിട്ടുണ്ട്. 2025ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത് കേരളത്തിലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷത്തിലും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഒന്ന് കേരളത്തിനാണ്. വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്നത് മാത്രമാണ് ഇതിന് പ്രതിവിധി. ഡ്രൈ ഡേ സംവിധാനം രോഗവ്യാപനത്തെ വലിയൊരവോളം തടയാന്‍ സഹായിക്കും.
ശ്വാസകോശ രോഗങ്ങളും ചര്‍മ രോഗങ്ങളും കൂടുതലായി കാണാന്‍ കാരണം ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളായ സൂക്ഷ്മജീവികള്‍ക്ക് കൂടുതല്‍ അനുയോജ്യമായ സമയം മഴക്കാലമായതിനാലാണ്. ഈ സമയത്ത് അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് (ഹ്യൂമിഡിറ്റി) അധികമാകുന്നു. ഉഷ്ണകാലത്ത് സൂര്യനില്‍ നിന്ന് വരുന്ന യു വി രശ്മികള്‍ പല രോഗാണുക്കളെയും നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ വര്‍ഷകാലത്ത് ഇത് സൂക്ഷ്മജീവികള്‍ക്ക് അനുകൂലമാകും. പല ബാക്ടീരിയകളുടെയും ആയുഷ്‌കാലം ഉഷ്ണകാലത്ത് ഉള്ളതിന്റെ ഇരട്ടിയായിരിക്കും മഴക്കാലത്തേത്.
പകര്‍ച്ചവ്യാധികളെ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പം കാലാവസ്ഥക്ക് അനുസൃതമായ ജീവിതശൈലി കൂടി രൂപപ്പെടുത്തുമ്പോള്‍ മാത്രമേ മഴക്കാല ആരോഗ്യ പ്രതിസന്ധിയെ പൂര്‍ണമായി മറികടക്കാനാകൂ. രോഗങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ള മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുവേണ്ടി മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഔഷധങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തി പ്രതിരോധശേഷി വര്‍ധിപ്പിക്കാവുന്നതാണ്. ജീവിതശൈലിയുടെ ഭാഗമായി കാലാവസ്ഥക്ക് അനുസൃതമായി വസ്ത്രരീതിയും ഭക്ഷണരീതിയും ക്രമീകരിക്കേണ്ടതുണ്ട്. ശരീരത്തിലുണ്ടാകുന്ന വിയര്‍പ്പ് നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വിയര്‍പ്പിനെയും ജലാംശത്തെയും കുറയ്ക്കാന്‍ സഹായിക്കുന്ന കോട്ടണ്‍ പോലുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ നല്ലത്. ഭക്ഷണത്തില്‍ ഔഷധങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ശരീരത്തിന്റെ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്ന മാംസാഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയുന്നത് വാതം പോലുള്ള അസുഖങ്ങളുടെ ലക്ഷണങ്ങള്‍ അധികമാകാനും കാരണമാകുന്നുണ്ട്.
രോഗവ്യാപനം തടയുന്നതില്‍ വ്യക്തികള്‍ ശ്രദ്ധപുലര്‍ത്തുന്നതോടൊപ്പം സംസ്ഥാന സര്‍ക്കാരും ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. കേരളത്തില്‍ ഈയിടെ ഒരു ദിവസം മാത്രം പനി ബാധിച്ച് ചികിത്സക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം 13,025 ആണ്. സാധാരണ പനിക്കു പുറമെ ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ മേന്മയില്‍ നമ്മള്‍ അഭിമാനം കൊള്ളുമ്പോഴും മണ്‍സൂണ്‍ പോലുള്ള സാഹചര്യങ്ങളില്‍ നമ്മള്‍ വീണുപോകുകയാണ്. ഈ ആരോഗ്യ അടിയന്തരാവസ്ഥക്ക് മഴയെ പഴിച്ചിട്ട് കാര്യമില്ല. മാറിയ കാലാവസ്ഥക്ക് അനുസൃതമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്തി പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ഇത്രയധികം പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും കേരളത്തിന് വ്യക്തമായ ഒരു പബ്ലിക് ഹെല്‍ത്ത് പോളിസി ഇല്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. രാഷ്ട്രീയക്കാര്‍ പരസ്പരം പഴി പറയുന്നതിനപ്പുറം, ചര്‍ച്ചകളിലൂടെ കൃത്യമായ പരിഹാരം കാണുകയാണ് ഉചിതം.
Content Highlights:
The changing climate and extended monsoon season have triggered a severe healthcare crisis in Kerala. Waterborne and mosquito-borne diseases like Shigella and dengue have doubled compared to previous years. Experts advise strengthening public health policies and maintaining personal hygiene to effectively curb the outbreak.


