Connect with us

Uae

യു എ ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ നിയമക്കുരുക്കിൽ;  കരാർ നടപടികൾ ചോദ്യം ചെയ്ത് കേസ്

താത്കാലിക ക്രമീകരണവുമായി ഇന്ത്യൻ മിഷൻ

Published

|

Last Updated

അബൂദബി| യു എ ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾ നിയമക്കുരുക്കിലേക്ക്. വിസാ സേവനങ്ങളുടെ കരാർ പുതിയ കമ്പനിയായ അൽ ഹിന്ദിന് നൽകിയ നടപടി ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി സുപ്രീം കോടതിയേയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കി പുതിയ തർക്കങ്ങൾ ഉടലെടുത്തത്. കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ജൂലൈ ഒന്ന് മുതൽ സേവനങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ കേസിന്റെ പശ്ചാത്തലത്തിൽ പുതിയ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത് ഭരണപരമായ കാരണങ്ങളാൽ വൈകി. തുടർന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ട് അപേക്ഷകൾ സ്വീകരിക്കാൻ പുതിയ താത്കാലിക ക്രമീകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

വർഷങ്ങളായി ബി എൽ എസ് ഇന്റർനാഷണൽ, ഐ വി എസ് ഗ്ലോബൽ എന്നീ കമ്പനികളാണ് യു എ ഇ യിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നടത്തിയിരുന്നത്. പുതിയ കമ്പനിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ജൂൺ 25 മുതൽ ഈ കേന്ദ്രങ്ങൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. ടെൻഡർ നടപടികളെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാറിന് എതിരെ നൽകിയ കേസ് വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസിൽ തീർപ്പ് നീണ്ടുപോയാൽ പ്രതിദിനം ശരാശരി 3000ത്തോളം അപേക്ഷകൾ കൈകാര്യം ചെയ്യേണ്ട യു എ ഇയിൽ പ്രവാസികളുടെ പാസ്പോർട്ട് സേവനം കൂടുതൽ പ്രതിസന്ധിയിലാകും.

ഈ സാഹചര്യത്തിലാണ്  ജൂലൈ രണ്ട് വ്യാഴാഴ്ച മുതൽ അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവടങ്ങളിൽ നേരിട്ടെത്തി പൊതുജനങ്ങൾക്ക് താത്കാലികമായി സേവനങ്ങൾ കൈപറ്റാൻ അവസരമൊരുക്കിയത്. പുതിയ ക്രമീകരണപ്രകാരം മുൻകൂട്ടിയുള്ള അപ്പോയിന്റ‌്മെന്റുകൾ ആവശ്യമില്ല. ഓഫീസുകളിൽ നേരിട്ടെത്തുന്ന ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലായിരിക്കും ടോക്കണുകൾ അനുവദിക്കുക. രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 12.30 മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്ന സമയം.
അൽഹിന്ദ് കേന്ദ്രങ്ങളുടെ പ്രവർത്തനം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി വരുന്ന അറിയിപ്പുകൾ പൊതുജനങ്ങൾ നിരീക്ഷിക്കണമെന്നും എംബസി വ്യക്തമാക്കി.

Content Highlights:
Indian passport and visa services in the UAE are facing delays due to a legal dispute over the new service contract awarded to Al Hind. The Abu Dhabi Embassy and Dubai Consulate have started accepting applications directly on a first-come, first-served basis. No prior appointments are required for these temporary direct counter services.

 

---- facebook comment plugin here -----