Editors Pick
വെളുത്തുള്ളി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണി
എട്ട് ആഴ്ച നീണ്ടുനിന്ന ഒരു ചെറിയ പഠനമനുസരിച്ച് ദിവസവും 20 ഗ്രാം വെളുത്തുള്ളിയും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വെളുത്തുള്ളി (garlic) കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും ഒരു വെളുത്തുള്ളി അല്ലി അഥവാ മൂന്ന് മുതൽ ആറ് ഗ്രാം വരെ കഴിക്കുന്നത് കൊളസ്ട്രോൾ അളവ് പത്ത് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഇപ്പോഴും പൂർണ്ണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വെളുത്തുള്ളിയുടെ ഫലപ്രാപ്തി അത് ഉപയോഗിക്കുന്ന രീതിയെയും തയ്യാറാക്കുന്ന വിധത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ശരീരത്തിൽ കൊളസ്ട്രോൾ (Cholesterol) വഹിച്ചുകൊണ്ട് പോകുന്നത് ലിപ്പോപ്രോട്ടീനുകൾ (Lipoproteins) എന്ന രണ്ട് പ്രോട്ടീനുകളാണ്. ഇതിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എൽ ഡി എൽ (Low-density lipoproteins – LDL) ആണ് ശരീരത്തിലെ ഭൂരിഭാഗം കൊളസ്ട്രോളും നിർമ്മിക്കുന്നത്. ഉയർന്ന അളവിലുള്ള എൽ ഡി എൽ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എച്ച് ഡി എൽ (High-density lipoproteins – HDL) കൊളസ്ട്രോളിനെ ആഗിരണം ചെയ്യുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അല്ലിയിലെ അല്ലിൻ
പച്ചയായ വെളുത്തുള്ളി അല്ലിയിൽ അല്ലിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സൾഫർ അടങ്ങിയ അല്ലിസിൻ (Allicin) എന്ന സംയുക്തമായി മാറുന്നു. വെളുത്തുള്ളിയുടെ പ്രത്യേക മണത്തിന് കാരണം ഇതാണ്. എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, രക്തസമ്മർദ്ദം കുറയ്ക്കുക എന്നിവയുമായി അല്ലിസിൻ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പാചകം ചെയ്യുന്ന രീതി അനുസരിച്ച് അല്ലിസിന്റെ അളവിൽ മാറ്റം വരാം.
ബ്ലാക്ക് ഗാർലിക് എക്സ്ട്രാക്റ്റ്, ക്യോലിക് ഗാർലിക് എക്സ്ട്രാക്റ്റ് അഥവാ ഏജ്ഡ് ഗാർലിക് എക്സ്ട്രാക്റ്റ് (Aged garlic extract – AGE), പച്ച വെളുത്തുള്ളി, ഗാർലിക് പൗഡർ, ഗാർലിക് ഓയിൽ, ഗാർലിക് ടാബ്‌ലെറ്റുകൾ എന്നിങ്ങനെ വിവിധ രീതികളിൽ വെളുത്തുള്ളി ലഭ്യമാണ്. ഇതിൽ ഏജ്ഡ് ഗാർലിക് എക്സ്ട്രാക്റ്റ് ആണ് കൊളസ്ട്രോൾ കുറയ്ക്കാൻ കൂടുതൽ സ്ഥിരതയുള്ള ഫലം നൽകുന്നതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വെളുത്തുള്ളി പൗഡർ പ്രോസസ്സ് ചെയ്യുന്നതിനിടയിൽ അല്ലിസിൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമല്ലെന്നും ചില പഠനങ്ങൾ പറയുന്നു.

എത്ര അളവിൽ കഴിക്കാം
എട്ട് ആഴ്ച നീണ്ടുനിന്ന ഒരു ചെറിയ പഠനമനുസരിച്ച് ദിവസവും 20 ഗ്രാം വെളുത്തുള്ളിയും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഒരു വെളുത്തുള്ളി അല്ലി എന്നത് ഏകദേശം ആറ് ഗ്രാം വരും. പ്രതിദിനം പകുതി മുതൽ ഒരു അല്ലി വരെ വെളുത്തുള്ളി കഴിക്കുന്നത് ഒരാളുടെ കൊളസ്ട്രോൾ അളവ് ഏകദേശം പത്ത് ശതമാനം വരെ കുറയ്ക്കുമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഇത് ദിവസവും മൂന്ന് മുതൽ ആറ് ഗ്രാം വരെ വെളുത്തുള്ളി കഴിക്കുന്നതിന് തുല്യമാണ്.

വെളുത്തുള്ളി ഗുളികകളും വിപണിയിൽ ലഭ്യമാണെങ്കിലും ഇതിന്റെ ഫലപ്രാപ്തി നിർമ്മാതാക്കൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. രണ്ട് ഗ്രാം ചതച്ച പച്ച വെളുത്തുള്ളിക്ക് തുല്യമായ ഗുളികകൾ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് 2018 ലെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. വെളുത്തുള്ളിയിലുള്ള അല്ലിൻ മനുഷ്യന്റെ രക്തത്തിലേക്ക് പ്രവേശിക്കാനുള്ള ശേഷി അഥവാ ബയോഅവൈലബിലിറ്റി (Bioavailability) ഉപയോഗിക്കുന്ന സപ്ലിമെന്റുകളെയും അത് ഏത് ഭക്ഷണത്തോടൊപ്പമാണ് കഴിക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
ദഹനം സാവധാനത്തിലാക്കാൻ ചില വെളുത്തുള്ളി ഗുളികകൾക്ക് പോളിമർ കോട്ടിംഗ് അഥവാ എന്ററിക് കോട്ടിംഗ് (Enteric coating) നൽകാറുണ്ട്. എന്നാൽ നോൺ എന്ററിക് കോട്ടിംഗ് ഗുളികകളെ അപേക്ഷിച്ച് എന്ററിക് കോട്ടിംഗ് നൽകിയ വെളുത്തുള്ളി ഗുളികകളിലെ അല്ലിൻ ബയോഅവൈലബിലിറ്റിയിൽ വ്യതിയാനങ്ങൾ കൂടുതലാണെന്ന് മുകളിൽ പറഞ്ഞ 2018 ലെ പഠനം സൂചിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ
ഉയർന്ന അളവിൽ പച്ച വെളുത്തുള്ളി കഴിക്കുന്നത് ശരീര ദുർഗന്ധം, വായ നാറ്റം (Halitosis), വയർ വീർക്കൽ, ഗ്യാസ്, വയറുവേദന തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. വെളുത്തുള്ളി അലർജി ഉള്ളവർക്ക് ഇത് തൊടുമ്പോൾ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (Contact dermatitis) പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം. അപൂർവമായി ഇത് ജീവന് തന്നെ ഭീഷണിയായ അനാഫിലാക്സിസ് (Anaphylaxis) അവസ്ഥയ്ക്കും കാരണമായേക്കാം.

വാർഫറിൻ (Warfarin) പോലുള്ള രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ കഴിക്കുന്നവർ വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ മരുന്നുകൾക്ക് പകരമാവില്ലെന്നും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടണമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Content highlights
Research suggests that consuming one clove of garlic daily may reduce cholesterol levels by up to ten percent, though evidence is not definitive. The effectiveness depends on its type and preparation, with aged garlic extract showing consistent benefits in lowering LDL and improving HDL. High doses of raw garlic can cause mild side effects like bad breath, bloating, and potential interactions with anti-coagulation medications. Garlic supplements should not replace prescribed medical treatments, and individuals should consult healthcare professionals before making major dietary updates.



