Kerala
മുണ്ടിനീര് പടരുന്നു; ആലപ്പുഴയിലെ തുമ്പോളി എസ് എന്‍ വി എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആലപ്പുഴ | ആലപ്പുഴയിലെ തുമ്പോളി എസ് എന്‍ വി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാലപ്രാബല്യത്തോടെ അവധി അനുവദിച്ചത്.
ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടത്തണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
എന്താണ് മുണ്ടിനീര്?
ഉമിനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് മുണ്ടിനീര് (ങൗാു)െ. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം ‘മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ്’ എന്ന വൈറസ് കാരണമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. ഇത് പ്രധാനമായും ചെവിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന പരോട്ടിഡ് ഗ്രന്ഥികളിലാണ് നീരും വേദനയും ഉണ്ടാക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.
അഞ്ച് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേതിനേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.
പ്രധാന ലക്ഷണങ്ങള്‍:
ചെവിക്ക് താഴെയോ താടിയെല്ലിന് ചുറ്റുമോ ഉണ്ടാകുന്ന വേദനയോടെയുള്ള വീക്കം. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ട്. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ.
രോഗം പകരുന്നത്:
ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ വളരെ വേഗത്തില്‍ പടരുന്ന ഒരു പകര്‍ച്ചവ്യാധിയാണിത് .
പ്രതിരോധം:
രോഗബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതല്‍ രണ്ടാഴ്ച കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം എം ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളെ പ്രതിരോധിക്കാം.
Content Highlights:
An outbreak of mumps has been reported at Thumpoly SNVLP School in Alappuzha district. Consequently, authorities have declared a 21-day holiday for the educational institution to prevent further spread. The health department has issued safety guidelines and initiated monitoring in the region.



