FIFA WORLD CUP 2026
ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ; രണ്ട് പതിപ്പുകളിൽ ഏഴ് ഗോളുകൾ നേടുന്ന ആദ്യ താരം; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ലയണൽ മെസ്സി
ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കൊപ്പമുണ്ടായിരുന്ന മെസ്സി ഇപ്പോൾ മുന്നിലെത്തിയിരിക്കുകയാണ്.
മിയാമി | ഫിഫ ലോകകപ്പ് ഫുട്ബോളിൽ പുതിയ ചരിത്ര റെക്കോർഡുകൾ കുറിച്ചുകൊണ്ട് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി വീണ്ടും ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേപ് വെർദെയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത റെക്കോർഡ് മെസ്സി സ്വന്തം പേരിൽ കുറിച്ചു.
മത്സരത്തിന്റെ ഇരുപത്തിയൊൻപതാം മിനിറ്റിലാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിച്ച തകർപ്പൻ ഗോൾ നേടിയത്. ലിസാൻഡ്രോ മാർട്ടീനസ് നൽകിയ മികച്ചൊരു പാസ് നിയന്ത്രണത്തിലാക്കിയാണ് മെസ്സി കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയെ കീഴടക്കിയത്.

ഈ ഗോളോടെ ലോകകപ്പ് ടൂർണമെന്റുകളിൽ മെസ്സിയുടെ ആകെ ഗോൾ നേട്ടം ഇരുപതായി ഉയർന്നു. ഒപ്റ്റാ പോളോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രണ്ട് വ്യത്യസ്ത ഫിഫ ലോകകപ്പ് പതിപ്പുകളിൽ ഏഴ് ഗോളുകൾ വീതം നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായും മുപ്പത്തിയൊൻപതുകാരനായ മെസ്സി മാറി. ഖത്തറിൽ നടന്ന 2022 ലെ ലോകകപ്പിൽ അർജന്റീനയ്ക്കായി ഏഴ് ഗോളുകൾ നേടിയ മെസ്സി ഇപ്പോഴത്തെ ലോകകപ്പ് ക്യാമ്പെയ്നിലും ആ നേട്ടം ആവർത്തിച്ചു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കൊപ്പമുണ്ടായിരുന്ന മെസ്സി ഇപ്പോൾ മുന്നിലെത്തിയിരിക്കുകയാണ്.

കേപ് വെർദെയ്ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു വലിയ നാഴികക്കല്ല് കൂടി അർജന്റീനൻ നായകൻ പിന്നിട്ടിരുന്നു. ലോകകപ്പ് ചരിത്രത്തിൽ മുപ്പത് മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറി. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലായി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച അർജന്റീന റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടി. അടുത്ത റൗണ്ടിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ. ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഈജിപ്ത് പ്രീ ക്വാർട്ടറിലെത്തിയത്.
Content Highlights:
Lionel Messi made history by becoming the first player to score in eight consecutive World Cup matches. He also became the first footballer to score 7 goals in two different World Cup editions. With 30 tournament appearances and 20 goals, Messi inspired Argentina to reach the Round of 16.



