Connect with us

National

അയോധ്യ സംഭാവനക്കൊള്ള; വിചിത്ര ആവശ്യവുമായി വി എച്ച് പി

ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ അമടക്കമുള്ളവരെ വിളിച്ചു വരുത്തി തെളിവ് തേടണമെന്നാണ് ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളില്‍ നിന്നു തെളിവെടുക്കണമെന്ന വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ അമടക്കമുള്ളവരില്‍ നിന്ന് തെളിവ് തേടണമെന്ന ആവശ്യവുമായി വി എച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍ അയോധ്യ ഡി എസ് പിക്ക് കത്ത് നല്‍കി.

അയോധ്യയിലെ സംഭാവന തട്ടിപ്പ് അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായ സാഹചര്യത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചു വരുത്തി തെളിവ് വാങ്ങണമെന്ന ആവശ്യവുമായി വി എച്ച് പി നേതൃത്വം രംഗത്തുവന്നത്.

അതിനിടെ, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. അയോധ്യ തട്ടിപ്പിലെ ആര്‍ എസ് എസ് പ്രസ്താവന അപമാനകരവും ലജ്ജാകരവുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. ദേശീയതക്കും സത്യസന്ധതക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ പിടിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിവാദം കത്തുന്നതിനിടെ നിര്‍ണായക ട്രസ്റ്റ് യോഗം നാളെ ചേരും. സംഭാവന തട്ടിപ്പില്‍ സംശയമുനയില്‍ നില്‍ക്കുന്ന ട്രസ്റ്റ് എന്ത് നിലപാടെടുക്കുമെന്നതില്‍ ആകാംക്ഷ സജീവമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അയോധ്യയിലെ മണിറാം ദാസ് ആശ്രമത്തിലാണ് ട്രസ്റ്റ് യോഗം. ഉത്തരം പറയേണ്ട ജനറല്‍ സെക്രട്ടറി ചമ്പത് റായി ഈ യോഗത്തില്‍ പങ്കെടുത്തേക്കില്ല. ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി യോഗം അംഗീകരിക്കും. പകരം പദവികളിലാരെന്നോ പുതുതായി കൊണ്ടുവരുന്ന സി ഇ ഒ പോസ്റ്റിലേക്കാരെന്നോ വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരും വരെ നടപടികള്‍ വൈകിപ്പിക്കാനും സാധ്യതയുണ്ട്.

ഇതിനിടെയാണ് ചമ്പത് റായിക്ക് ഇരട്ടി പ്രഹരവുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായണന്റെ മൊഴി പുറത്തുവന്നത്. പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ 2024 ഏപ്രിലില്‍ അയോധ്യ ക്ഷേത്രത്തില്‍ 151 കിലോ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിത മാനസ് ഗ്രന്ഥം വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ അതേ കുറിച്ച് ഒരു വിവരവുമില്ലെന്നും നേരിട്ട് വാങ്ങിയ ചമ്പത് റായി ഒരു രസീത് പോലും നല്‍കിയില്ലെന്നുമാണ് മൊഴി. ഇക്കാര്യം എസ് ഐ ടിക്കടക്കം ലക്ഷ്മി നാരായണന്‍ മൊഴി നല്‍കി. ക്ഷേത്രം തുറന്ന് ഒന്നാം ദിവസം മുതല്‍ കൊള്ള തുടങ്ങിയതാണെന്നും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ വസതിക്കും നല്‍കിയ സുരക്ഷ രാമക്ഷേത്രത്തിന് സജ്ജമാക്കണമെന്നും മുന്‍ ബി ജെ പി എം പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest