From the print
എസ് പി സി പദ്ധതിക്ക് പുതിയ വ്യവസ്ഥ; അഞ്ച് ലക്ഷം കെട്ടിവെക്കണം
പുതിയ സാമ്പത്തികനയം വഴി 25 കോടി സമാഹരണം ലക്ഷ്യം.
ചാവക്കാട് | സ്റ്റുഡന്റ്‌പോലീസ് കേഡറ്റ് പദ്ധതിയുടെ നടത്തിപ്പിന് പുതിയ സാമ്പത്തിക വ്യവസ്ഥ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. പുതിയ നിര്‍ദേശപ്രകാരം പദ്ധതി പുതുതായി അനുവദിക്കപ്പെടുന്ന സ്‌കൂളുകള്‍ അഞ്ച് ലക്ഷം രൂപ കെട്ടിവെക്കുകയും പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം. നിലവിലുള്ള യൂനിറ്റുകളെ ബാധിക്കില്ലെങ്കിലും പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ഈ നിബന്ധന ബാധകമാകും.
ഈ അധ്യയനവര്‍ഷം 500 സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം. അപേക്ഷ ക്ഷണിച്ചശേഷം അഞ്ച് ലക്ഷം കെട്ടിവെക്കാന്‍ തയ്യാറാണെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലതും പിന്മാറിക്കഴിഞ്ഞു. സാമ്പത്തിക ശേഷിയുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുകയെന്ന വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. യൂനിഫോം, ലഘുഭക്ഷണം, ക്യാമ്പുകള്‍, ഓഫീസ് ചെലവുകള്‍, അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമുള്ള പ്രതിഫലം, പരിശീലന ശില്‍പ്പശാലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും സ്‌കൂളുകള്‍ തന്നെ വഹിക്കണമെന്നാണ് നിര്‍ദേശം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി എ പ്ലസ് നേടുന്നവര്‍ക്ക് വിവിധ യൂനിഫോം സര്‍വീസുകളിലേക്കുള്ള നിയമനങ്ങളില്‍ അഞ്ച് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
പോലീസ്, എക്‌സൈസ്, വനം, അഗ്‌നിരക്ഷാസേന തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശനത്തില്‍ ഇത് നേട്ടമാകും. നിലവില്‍ സംസ്ഥാനത്തെ 1,048 സ്‌കൂളുകളിലാണ് പദ്ധതിയുള്ളത്. ഇത് 50 ശതമാനം വര്‍ധിപ്പിച്ച് 1,558 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ സാമ്പത്തിയ നയം നടപ്പാക്കുക വഴി ഏകദേശം 25 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ കണ്ടെത്തുക പ്രായോഗികമല്ലെന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അഭിപ്രായം. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു.
Content Highlights:
The Kerala government has introduced new regulations for the Student Police Cadet project. Schools implementing the scheme are now required to deposit a security amount of five lakh rupees. This decision aims to streamline the financial management and long-term sustainability of the SPC project across the state.



