Connect with us

From the print

തൃശൂര്‍ കോര്‍പറേഷന്‍:സ്റ്റാന്‍ഡിംഗ് കോണ്‍സലായി ഹൈബി ഈഡന്റെ ഭാര്യ; വിവാദം പുകയുന്നു

നേതാക്കളുടെ ബന്ധുക്കള്‍ക്കുള്ള മുന്‍ഗണന സ്വജനപക്ഷപാതമെന്ന് ആക്ഷേപം.

Published

|

Last Updated

തൃശൂര്‍ | കോര്‍പറേഷന്റെ ലീഗല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനകത്ത് വിവാദം പുകയുന്നു. എറണാകുളം എം പി ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിന്‍ഡ ഈഡനെ കോര്‍പറേഷന്റെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായി നിയമിക്കാനുള്ള അണിയറ നീക്കത്തിനെതിരായാണ് പാര്‍ട്ടില്‍ രോഷം.

തൃശൂരിലെ യോഗ്യതയുള്ള നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ അഭിഭാഷകരെ തഴഞ്ഞുള്ള നീക്കത്തില്‍ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ട്. സ്വാധീനമുള്ള നേതാക്കളുടെ ബന്ധുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് ആക്ഷേപം.

നിലവിലുണ്ടായിരുന്ന 25 അംഗ കോണ്‍സല്‍ പാനല്‍ 29 ആക്കി അടിയന്തരമായി വിപുലീകരിച്ചാണ് അഡ്വ. അന്ന ലിന്‍ഡ ഈഡനെ നിയമിക്കാന്‍ വഴിയൊരുക്കിയത്. കഴിഞ്ഞ മേയ് 26നാണ് 25 പേര്‍ അടങ്ങുന്ന ആദ്യ ലീഗല്‍ പാനല്‍ നിയമനം ഔദ്യോഗികമായി പൂര്‍ത്തിയാക്കിയത്. ഇതിനുപിന്നാലെ, കോണ്‍സലര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ വന്‍ രാഷ്ട്രീയ സ്വാധീനവും അവിശുദ്ധ ഇടപെടലുകളും ആരോപിക്കുന്നുണ്ട് പ്രവര്‍ത്തകര്‍. ഡി സി സി നേതൃത്വത്തിലെ ചിലരുടെ സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍സലര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും ബന്ധു നിയമനത്തിനാണ് കൂട്ടുനില്‍ക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അന്ന ലിന്‍ഡ ഈഡനെ കൂടാതെ അഡ്വ. വിപിന്‍ ചാക്കോയെ കീഴ്‌ക്കോടതി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന പാനലിലേക്കും അഡ്വ. പി പൗലോച്ചന്‍ ആന്റണി, അഡ്വ. ശ്രീലക്ഷ്മി സാബു എന്നിവരെ ഹൈക്കോടതി പാനലിലും ഉള്‍പ്പെടുത്താനാണ് തീരുമാനം.

ബി ജെ പിക്കാരനായ അഡ്വ. എം പ്രേംചന്ദിനെ പ്രധാന സ്റ്റാന്‍ഡിംഗ് കോണ്‍സലായി മേയ് 26ന് കോണ്‍ഗ്രസ്സ് ഭരണസമിതി നിയമിച്ചിരുന്നു. ഇതിനെതിരെ ഷാജി കോടങ്കണ്ടത്ത് കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്.

അടുത്ത കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ 39ാം അജന്‍ഡയായി അഡ്വ. അന്ന ലിന്‍ഡ ഈഡന്റെ നിയമനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജന്‍ഡയുടെ പകര്‍പ്പ് പുറത്തായത് കോണ്‍ഗ്രസ്സ് നേതൃത്വത്തെയും കോര്‍പറേഷന്‍ ഭരണസമിതിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയുടെ ഭാര്യയെ തൃശൂരില്‍ തിരുകിക്കയറ്റാനുള്ള നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും കൗണ്‍സിലിലും ശക്തമായ പ്രതിഷേധവും ചേരിതിരിവും ഉണ്ടാകുമെന്നാണ് സൂചന.

Content Highlights:
The appointment of MP Hibi Eden’s wife as the standing counsel of Thrissur Corporation has triggered a major political controversy. Opposing factions and council members have raised sharp objections against the selection process and alleged nepotism. The issue has intensified political debates within the local governance body and the ruling coalition.

 

Latest