From the print
ദക്ഷിണ സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും; അതിര്‍ത്തി കടന്ന് തൂഫാന്‍
ഡി ജി പിമാരുടെ യോഗം ഇന്ന് തലസ്ഥാനത്ത്. തത്സമയ വിവര കൈമാറ്റ സംവിധാനം വരും.
തിരുവനന്തപുരം | മയക്കുമരുന്നിന്റെ ഉത്പാദനം, വിതരണം, വിപണനം എന്നിവ പൂര്‍ണമായും തടയുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള നീക്കത്തിനൊരുങ്ങി കേരളം. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി, തെലങ്കാന, തമിഴ്നാട് ഡി ജി പിമാര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ഇന്ന് നടക്കും. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയ സഹകരണ മാതൃകക്ക് തുടക്കം കുറിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും വിതരണശൃംഖല നിലനില്‍ക്കുന്നത് അയല്‍ സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, താഴെത്തട്ടിലുള്ള പോലീസ് നടപടികള്‍ക്കൊപ്പം മാക്രോ ലെവലിലുള്ള അന്തര്‍സംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുന്‍ഗണന നല്‍കും. ലഹരി സിന്‍ഡിക്കേറ്റുകളുടെ വേരറുക്കാന്‍ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയല്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ ശൃംഖലയെന്ന ഘട്ടത്തിലേക്ക് ഓപറേഷന്‍ തൂഫാന്‍ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അയല്‍സംസ്ഥാനങ്ങളുമായി ‘ഇന്റലിജന്‍സ് സിന്‍ക്രോണിസിറ്റി’ (തത്സമയ വിവര കൈമാറ്റ സംവിധാനം)യാണ് കേരളം ലക്ഷ്യമിടുന്നത്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകളില്‍ ഒതുങ്ങാതെ അന്തര്‍സംസ്ഥാന ട്രെയിനുകള്‍, ദീര്‍ഘദൂര ബസുകള്‍, സ്വകാര്യ കൊറിയര്‍ ശൃംഖലകള്‍ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളും സംയുക്ത നീക്കത്തിലൂടെ നിരീക്ഷിക്കും. സ്മാര്‍ട്ട് പട്രോളിംഗും സൈബര്‍ നിരീക്ഷണവും സംയുക്തമായി നടപ്പാക്കാനുള്ള ആലോചനകളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നും ചെന്നിത്തല അറിയിച്ചു.
ഓപറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബെംഗളൂരു വിധാന്‍സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. തൂഫാന് കര്‍ണാടക സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഡി കെ ശിവകുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. കേരള- കര്‍ണാടക അതിര്‍ത്തിയില്‍ ശക്തമായ പരിശോധന വേണമെന്ന ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
Content Highlights:
South Indian states are strengthening cooperation to address border-crossing challenges related to Thufan. Joint efforts aim to improve inter-state coordination and emergency response management. This collective strategy is expected to enhance security and resource sharing across the borders.



